Top

പെണ്‍കുട്ടികളുടെ അഭിമാനം സംരക്ഷിക്കുന്ന മറുപടിയാണ് മുസ്ലീംലീഗില്‍ നിന്ന് പ്രതീക്ഷിക്കുന്നത്; ഹരിത വിവാദത്തില്‍ ഫാത്തിമ തെഹ്‌ലിയ

നീതി വൈകുന്നു എന്ന മാനസിക പ്രയാസത്തിലാണ് വനിതാ കമ്മീഷനെ സമീപിച്ചത്

18 Aug 2021 7:17 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പെണ്‍കുട്ടികളുടെ അഭിമാനം സംരക്ഷിക്കുന്ന മറുപടിയാണ് മുസ്ലീംലീഗില്‍ നിന്ന് പ്രതീക്ഷിക്കുന്നത്; ഹരിത വിവാദത്തില്‍ ഫാത്തിമ തെഹ്‌ലിയ
X

മുസ്ലീം ലീഗ് നേതൃത്വത്തില്‍ നിന്നും ഹരിത നേതാക്കള്‍ക്ക് സ്വാഭാവിക നീതി ലഭിച്ചില്ലെന്ന് എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തെഹ്‌ലിയ. വിവാദങ്ങള്‍ക്ക് പിന്നാലെ എംഎസ്എഫിലെ വനിതാ സംഘടന ഹരിതയുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി മരവിപ്പിച്ച ലീഗ് നേതൃത്വത്തിന്റെ നടപടിയ്ക്ക് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു തെഹ്‌ലിയയുടെ പ്രതികരണം. ലീഗ് നേതൃത്വം നടപടിക്ക് മുന്‍പ് വിശദീകരണം നേടിയില്ല. പാര്‍ട്ടി സ്വീകരിച്ചത് പാര്‍ട്ടിയുടെ തീരുമാനം. ഇപ്പോള്‍ മുന്നോട്ട് വച്ചിരിക്കുന്ന രണ്ടാഴ്ചയിലെ സമയത്തില്‍ വിശ്വാസമര്‍പ്പിച്ച് മുന്നോട്ട് പോവുകയാണ് എന്നും ഫാത്തിമ വ്യക്തമാക്കി.

അതേസമയം, ഹരിത നേതൃത്വം എംഎസ്എഫ് നേതാക്കള്‍ക്ക് എതിരെ ഉയര്‍ത്തിയ ആക്ഷേപങ്ങള്‍ പാര്‍ട്ടി നേതൃത്വത്തത്തെ നേരത്തെ അറിയിച്ചില്ലെന്ന തരത്തിലുള്ള പ്രതികരണങ്ങളെയും ഫാത്തിമ തള്ളി. ഏത് സാഹചര്യത്തിലാണ് വനിതാ കമ്മീഷനെ സമീപിക്കാനിട വന്നത് എന്ന കാര്യം വിശദീകിരിച്ചാണ് ഫാത്തിമ ലീഗ് നേതൃത്വത്തിലെ ഒരു വിഭാഗത്തിന്റെ വാദങ്ങളെ നിരാകരിച്ചത്. ഹരിത എന്ന വിദ്യാര്‍ത്ഥിനി പ്രസ്താനത്തിന്റെ പ്രവര്‍ത്തനം ചോദ്യം ചെയ്യുകയാണ് ചിലര്‍ ചെയ്യുന്നത്. ഹരിതയുടെ പ്രവര്‍ത്തനം പാര്‍ട്ടിയ്ക്ക് തല വേദയാണ് എന്ന പരാമര്‍ശങ്ങള്‍ വേദന ഉണ്ടാക്കുന്നതും, പ്രതിഷേധാര്‍ഹവുമാണ്.

2012 ലാണ് ഹരിത രൂപം കൊള്ളുന്നത്. ഇതിന് ശേഷം വിദ്യാര്‍ത്ഥിനികളുടെ അവകാശങ്ങളുടെ ശബദ്മാവാന്‍ ഹരിതയ്ക്ക് കഴിഞ്ഞു. കാണാമറയത്ത് ഇരിക്കുന്ന പെണ്‍കുട്ടികളുടെ ശബ്ദമാണ് ഹരിത. അവരുടെ വക്താവായിട്ടാണ് താനിന്ന് ഇവിടെ സംസാരിക്കുന്നത് എന്നും ഫാത്തിമ ചൂണ്ടിക്കാട്ടി. പല കോളേജിലും എംഎസ്എഫിനെ നയിക്കുന്നത് ഹരിതയാണ് എന്നും ഫാത്തിമ ചൂണ്ടിക്കാട്ടി. എന്നാല്‍, സ്ത്രീകള്‍ക്ക് പറ്റിയ പാര്‍ട്ടിയല്ല ലീഗെന്നത് പ്രചാരണം ശരിയല്ലെന്ന് ചൂണ്ടിക്കാട്ടിയ ഫാത്തിമ മുസ്ലീം ലീഗില്‍ ഇത്തരം ഒരു വിഷയം ഉയരുന്നത് ആദ്യമാണെന്നും ചൂണ്ടിക്കാട്ടുന്നു. വിഷയത്തില്‍ മുസ്ലീം ലീഗ് ഇന്ത്യയിലെ രാഷ്ട്രീയ സംഘടനകള്‍ക്ക് മാതൃകയാവുന്ന തരത്തില്‍ തന്നെ ആരോപണ വിധേയര്‍ക്ക് എതിരെ സ്വീകരിക്കുമെന്നാണ് പ്രതീക്ഷ എന്നും ഫാത്തിമ തെഹ്ലിയ പറയുന്നു.

എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസ്, മലപ്പുറം ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പ്, ജനറല്‍ സെക്രട്ടറി വി.എ വഹാബ് എന്നിവര്‍ക്ക് എതിരെ പരാതി നല്‍കിയ പത്ത് പേരും സംസ്ഥാന കമ്മിറ്റിയില്‍ അംഗങ്ങളാണ്. അവര്‍ പാര്‍ട്ടി വേദിക്ക് പുറത്ത് വിഷയം ഉന്നയിച്ചിട്ടില്ല. പാര്‍ട്ടിയില്‍ അത്രയും വിശ്വാസം പുലര്‍ത്തുന്നവരാണ് ഹരിതയുടെ പ്രവര്‍ത്തകര്‍. പികെ നവാസ്, ഷബീര്‍ മുതുപറമ്പ്, പി എ വബാബ് എന്നിവര്‍ക്ക് എതിരെ ഉയര്‍ന്ന വാദങ്ങള്‍ ദേശീയ കമ്മിറ്റി അംഗം എന്ന നിലയില്‍ ചോദിച്ചറിഞ്ഞ് റിപ്പോര്‍ട്ട് ലീഗ് നേതൃത്വത്തിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇതിന് പുറമെ എല്ലാ നേതാക്കളെയും വിഷയം നേരിട്ട് അറിയിച്ചിട്ടുണ്ട്.

പരാതി പരിശോധിക്കാന്‍ പാര്‍ട്ടി മുതിര്‍ന്ന നേതാവ് പിഎംഎ സലാമിനെ ഏല്‍പ്പിച്ചിരുന്നു എന്നാണ് അറിയിച്ചത്. വിഷയവുമായി ബന്ധപ്പെട്ട് രണ്ട് യോഗം ചേര്‍ന്നിരുന്നു. യോഗം കുറ്റാരോപിതരോട് വിശദീകരണം ചോദിക്കുകയും പരാതിക്കാരെ കേള്‍ക്കുകയും ചെയ്തിരുന്നു. ഇതില്‍ എല്ലാ സമിതിയിലും താനുണ്ടായിരുന്നു എന്നും ഫാത്തിമ തഹ്ലിയ വ്യക്തമാക്കുന്നു.

പാര്‍ട്ടിക്ക് പുറത്ത് പരാമര്‍ശം നടത്തി എന്നത് അടിസ്ഥാന രഹിതമായ ആരോപണം. വനിതാ കമ്മീഷനിലെത്തിയത് ഗത്യന്തരമില്ലാതെയാണ്, നീതി വൈകുന്നു എന്ന മാനസിക പ്രയാസത്തിലാണ് വനിതാ കമ്മീഷനെ സമീപിച്ചത്. എന്നിട്ടും അവരെ സോഷ്യല്‍ മീഡിയയില്‍ വ്യക്തിഹത്യക്ക് വിധേയമാകുന്നു. താനുള്‍പ്പെടെ കടന്ന് പോവുന്നത് സമാനതകളില്ലാത്ത മാനസിക പ്രയാസത്തിലൂടെയാണ്. പെണ്‍കുട്ടികളുടെ അഭിമാനം സംരക്ഷിക്കുന്ന തരത്തിലുള്ള ഒരു മറുപടിയാണ് പാര്‍ട്ടിയില്‍ നിന്ന് പ്രതീക്ഷിക്കുന്നത് എന്ന് വ്യക്തമാക്കിയ ഫാത്തിമ ഇതിന്റെ പേരില്‍ വ്യക്തിഹത്യ ചെയ്ത് ബുദ്ധിമുട്ടിക്കരുത് എന്നും ആവശ്യപ്പെട്ടു. സഹിക്കുന്നതിന് അപ്പുറത്ത് നിന്നാണ് ഇത്തകരമൊരു പ്രതികരണം നടത്തുന്നത് എന്നും എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തെഹ്‌ലിയ വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.

Next Story

Popular Stories