Top

'യേശുദേവനെ അവഹേളിക്കുന്ന രീതിയില്‍ നടന്ന കുടില നീക്കം'; നാദിര്‍ഷായ്‌ക്കെതിരെ തുഷാര്‍ വെള്ളാപ്പള്ളി

8 Aug 2021 11:23 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

യേശുദേവനെ അവഹേളിക്കുന്ന രീതിയില്‍ നടന്ന കുടില നീക്കം; നാദിര്‍ഷായ്‌ക്കെതിരെ തുഷാര്‍ വെള്ളാപ്പള്ളി
X

നടനും സംവിധായകനുമായ നാദിര്‍ഷാ ഒരുക്കുന്ന പുതിയ സിനിമയ്‌ക്കെതിരെ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി. ഈശോ, കേശു ഈ വീടിന്റെ ഐശ്വര്യം, എന്നീ പേരുകള്‍ ഉള്ള സിനിമ ക്രൈസ്തവരെ അവഹേളിക്കുന്നതാണെന്നാണ് തുഷാര്‍ വെള്ളാപ്പള്ളിയുടെ നിലപാട്. സിനിമയ്ക്ക് എതിരെ നടപടി എടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം എന്നും ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ക്രൈസ്തവ മൂല്യങ്ങളെ വിസ്മരിക്കാന്‍ ആര്‍ക്കും കഴിയില്ല. സമാധാനത്തിന്റെ വക്താവായി ലോകം മുഴുവന്‍ അംഗീകരിക്കപ്പെട്ട യേശുദേവനെ അവഹേളിക്കുന്ന രീതിയിലാണ് ഇപ്പോഴുള്ള നീക്കങ്ങള്‍. ഇത്തരം കൂടില നീക്കങ്ങള്‍ അത്യന്ത്യം അപലപനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യേശുദേവനെ അവഹേളിക്കുന്ന പ്രവണതകള്‍ ചെറുത്തു തോല്‍പ്പിക്കേണ്ടത് സമൂഹത്തിന്റെ ആവശ്യകതയാണ്. ഇത്തരം നീക്കം സമൂഹത്തില്‍ ഭിന്നതയും വിഭജനവും ഉണ്ടാക്കാന്‍ മാത്രമേ ഉപകരിക്കുകയുള്ളു.

ആവിഷ്‌കാര സ്വാതന്ത്ര്യം എന്ന പേരില്‍ മതാന്ധതയും മതവൈരം സൃഷ്ടിച്ചു മതവിശ്വാസത്തെയും വിശ്വാസികളുടെയും മതവികാരം വ്രണപ്പെടുത്തുന്ന ഇത്തരം നീക്കങ്ങള്‍ ചെറുത്തുതോല്‍പ്പിക്കാന്‍ ബിഡിജെഎസ് മുന്നിലുണ്ടാവും. വിശ്വാസികളെ അവഹേളിക്കുന്ന ചലച്ചിത്രങ്ങള്‍ക്ക് എതിരെയും ലൗ ജിഹാദ് പോലെയുള്ള സാമൂഹിക വിപത്തിനെതിരെയും ശക്തമായി രംഗത്തിറങ്ങും. ഇത്തരം സാഹചര്യങ്ങള്‍ തടയാന്‍ നിയമനിര്‍മാണം ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് നിവേദനം നല്‍കുമെന്നും തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കുന്നു. .

നാദിര്‍ഷയുടെ സിനിമ വിവാദമായതിന് പിന്നാലെ നേരത്തെ മുന്‍ എംഎല്‍എയും ജനപക്ഷം നേതാവുമായ പിസി ജോര്‍ജും രംഗത്ത് എത്തിയിരുന്നു. കഴിഞ്ഞദിവസമാണ് നാദിര്‍ഷയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി പിസി ജോര്‍ജ് രംഗത്തെത്തിയത്. നാദിര്‍ഷ പ്രശസ്തനായത് തന്നെ ഒരു വൈദികന്റെ ഔദാര്യം കൊണ്ടാണെന്നും ആ അച്ചന്റെ സഭയെയാണ് നാദിര്‍ഷ അവഹേളിക്കുന്നതെന്നും പിസി ജോര്‍ജ് പറഞ്ഞിരുന്നു. ക്രിസ്ത്യന്‍സഭയോട് വൃത്തിക്കെട്ട രീതിയിലാണ് സിനിമാപ്രവര്‍ത്തകര്‍ പെരുമാറുന്നത്. ഇത് ചോദിക്കാനും പറയാനും ആരുമില്ലെന്ന തോന്നലുകൊണ്ടാണ്. അത് ഇനിയുണ്ടാവില്ലെന്നും പ്രതിഷേധങ്ങള്‍ക്ക് താന്‍ മുന്നിട്ട് രംഗത്തിറങ്ങുമെന്നും പിസി ജോര്‍ജ് ഒരു ചാനല്‍ ചര്‍ച്ചയില്‍ പ്രതികരിച്ചിരുന്നു.

എന്നാല്‍, ഈശോ സിനിമാവിവാദത്തില്‍ പിസി ജോര്‍ജിന്റെ പരാമര്‍ശത്തിന് മറുപടിയുമായി സംവിധായകന്‍ നാദിര്‍ഷ. പിസി ജോര്‍ജിന്റെ തല വെട്ടല്‍ പരാമര്‍ശത്തോടൊന്നും മറുപടി പറയുന്നില്ലെന്നും സിനിമ കണ്ട് കഴിയുമ്പോള്‍ ഇത്രയും മുറവിളി വേണ്ടായിരുന്നെന്ന് അദ്ദേഹത്തിന് തോന്നുമെന്നും നാദിര്‍ഷ റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു. താന്‍ സിനിമയിലൂടെ ആരുടെയും വിശ്വാസത്തെ വൃണപ്പെടുത്താന്‍ ഉദേശിക്കുന്നില്ലെന്നും നാദിര്‍ഷ പറഞ്ഞു. ''ഞാന്‍ മതം നോക്കിയല്ല സിനിമ ചെയ്യുന്നത്. കൂടെ ജോലി ചെയ്യുന്നവരുടെ ജാതിയോ മതമോ ചോദിക്കാറില്ല. ഒന്നിച്ച് ഒരു പാത്രത്തില്‍ ഭക്ഷണം കഴിക്കുന്നവരാണ് ഞങ്ങള്‍. സിനിമയുടേത് കഥാപാത്രത്തിന്റെ പേര് മാത്രമാണ്. ഞാനല്ല സിനിമയ്ക്ക് പേരിട്ടത്. നിര്‍മാതാക്കളായ ബിനു സെബാസ്റ്റിയന്‍, അരുണ്‍ നാരായണന്‍, നായകന്‍ ജയസൂര്യ, ബോബി വര്‍ഗീസ് തുടങ്ങിയവര്‍ ഒന്നിച്ചിരുന്ന് ഇട്ട പേരാണിത്.'' ഫെഫ്ക പറഞ്ഞാല്‍ താന്‍ പേര് മാറ്റുമെന്നും നാദിര്‍ഷ വ്യക്തമാക്കി.

Next Story

Popular Stories