Top

ജയചന്ദ്രനെതിരെ നടപടിയെടുക്കാതെ സിപിഐഎം; ലോക്കല്‍ കമ്മിറ്റിയില്‍ വിഷയം ചര്‍ച്ചയ്ക്ക് എടുത്തില്ല

25 Oct 2021 7:14 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ജയചന്ദ്രനെതിരെ നടപടിയെടുക്കാതെ സിപിഐഎം; ലോക്കല്‍ കമ്മിറ്റിയില്‍ വിഷയം ചര്‍ച്ചയ്ക്ക് എടുത്തില്ല
X

തിരുവനന്തപുരം: പേരൂര്‍ക്കടയില്‍ കുഞ്ഞിനെ അമ്മയില്‍ നിന്ന് വേര്‍പ്പെടുത്തി ദത്ത് നല്‍കിയ സംഭവത്തില്‍ അനുപമയുടെ പിതാവ് ജയചന്ദ്രനെതിരായ പാര്‍ട്ടി നടപടി വൈകിയേക്കും. കഴിഞ്ഞ ദിവസം ചേര്‍ന്ന ലോക്കല്‍ കമ്മിറ്റി യോഗം അച്ചടക്ക നടപടിയെടുക്കാതെ പിരിഞ്ഞു. സംഭവം വിവാദമായ പശ്ചാത്തലത്തില്‍ ജയചന്ദ്രനെതിരെ ഇന്നലെ ചേര്‍ന്ന പേരൂര്‍ക്കട ലോക്കല്‍ കമ്മിറ്റി യോഗത്തില്‍ നടപടിയുണ്ടാകുമെന്നായിരുന്നു സൂചന. എന്നാല്‍ ജയചന്ദ്രനും പങ്കെടുത്ത കമ്മിറ്റിയില്‍ വിഷയം ചര്‍ച്ചയായില്ല.

സിപിഐഎം സംസ്ഥാന സമിതി മുന്‍ അംഗം പേരൂര്‍ക്കട സദാശിവന്റെ മകനായ ജയചന്ദ്രന്‍ പേരൂര്‍ക്കട ലോക്കല്‍ കമ്മിറ്റി അംഗമാണ്. പാര്‍ട്ടി നേതാവെന്ന സ്വാധീനം ഉപയോഗിച്ചാണ് ജയചന്ദ്രന്‍ കുട്ടിയെ കടത്താന്‍ ശ്രമിച്ചതെന്നായിരുന്നു വിവാദം. ഈ പശ്ചാത്തലത്തില്‍ ഒരു അച്ചടക്ക നടപടിയിലൂടെ മുഖം രക്ഷിക്കാന്‍ സിപിഐഎം നേതൃത്വം തയ്യാറെടുക്കുന്നു എന്നായിരുന്നു സൂചന. ഇതു സംബന്ധിച്ച് ജില്ലാ കമ്മിറ്റി ലോക്കല്‍ കമ്മിറ്റിക്ക് നിര്‍ദേശം നല്‍കിയിരുന്നെന്നായിരുന്നു റിപ്പോര്‍ട്ട്. വിവാദ സംഭവത്തില്‍ ജയചന്ദ്രനെ സഹായിച്ച മറ്റ് പാര്‍ട്ടി അംഗങ്ങള്‍ക്കെതിരെയും നടപടിയുണ്ടാകുമെന്നും സൂചനയുണ്ടായിരുന്നു.

അനുപമയുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ യുവതിയുടെ മാതാവ് അടക്കം ആറു പ്രതികളില്‍ അഞ്ചു പേരും സിപിഐഎം അംഗങ്ങളാണ്. അമ്മ സ്മിത ജെയിംസ് സിപിഎം പേരൂര്‍ക്കട എ ബ്രാഞ്ച് അംഗമാണ്. മറ്റൊരു പ്രതിയായ അനില്‍കുമാര്‍ പേരൂര്‍ക്കട വാര്‍ഡ് മുന്‍ കൗണ്‍സിലറും ജയചന്ദ്രന്റെ അടുത്ത ബന്ധുവുമാണ്.

Next Story

Popular Stories