
പത്തനംതിട്ട: തമിഴ്നാട്ടിലെ കൊടുംക്രിമിനലുകളെ കേരള പൊലീസ് പിടികൂടി. പത്തനംതിട്ട ഇലന്തൂർ പുന്നയ്ക്കാട്ട് നിന്നാണ് രണ്ട് പ്രതികളെ ആറന്മുള പൊലീസ് കസ്റ്റഡിയിലെടുത്തത്. തിരുനെൽവേലി വള്ളിക്കോട്ടൈ സ്വദേശികളായ മാടസ്വാമി(27), സുഭാഷ്(24) എന്നിവരാണ് പിടിയിലായത്. തമിഴ്നാട്ടിൽ മൂന്നു കൊലപാതകക്കേസുകളിൽ പ്രതിയാണ് മാടസ്വാമി. കൊലപാതകക്കേസുകൾ ഉൾപ്പെടെ 19 കേസുകളിൽ പ്രതിയാണ് മാടസ്വാമി.
അന്യസംസ്ഥാന തൊഴിലാളികളുടെ വിവര ശേഖരണത്തിന് ആറന്മുള പൊലീസ് പുന്നയ്ക്കാട്ട് എത്തിയപ്പോഴാണ് മാടസ്വാമിയെയും സുഭാഷിനേയും ചോദ്യം ചെയ്തത്. മറുപടിയിൽ സംശയം തോന്നിയതിനെത്തുടർന്ന് ഇരുവരെയും ആറന്മുള പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിലാണ് തമിഴ്നാട്ടിലെ ക്രിമിനൽ പശ്ചാത്തലത്തെക്കുറിച്ച് ഇരുവരും പറഞ്ഞത്. കഴിഞ്ഞ 10 വർഷമായി പത്തനംതിട്ട പുന്നയ്ക്കാട്ടാണ് ഇരുവരും കുടുംബസമേതം താമസിക്കുന്നത്.
ഇരുവരേയും കസ്റ്റഡിയിൽ വാങ്ങാൻ തമിഴ്നാട് പൊലീസ് ആറന്മുളയിലെത്തി. മാടസ്വാമിയുടേയും സുഭാഷിന്റെയും വിരലടയാളങ്ങൾ കേരള പൊലീസ് ശേഖരിച്ചു. പത്തനംതിട്ട ജില്ലയിൽ നടന്ന ഒരു കുറ്റകൃത്യത്തിൽ ഇരുവർക്കും പങ്കുണ്ടോ എന്ന സംശയം പൊലീസിനുണ്ട്. ആറന്മുള പൊലീസ് സ്റ്റേഷനിലെ എസ്സിപിഒ നാസർ, സിപിഒ ഉമേഷ് എന്നിവരാണ് പ്രതികളെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിൽ എത്തിച്ചത്. തമിഴ്നാട്ടിൽ കുറ്റകൃത്യം നടത്തി കേരളത്തിലേക്ക് രക്ഷപ്പെട്ട് വരുന്നതാണ് ഇരുപ്രതികളുടെയും രീതി.