നല്ലത് പറയാൻ പ്രതിഫലം, എതിർക്കുന്നവർക്ക് മൂക്കുകയർ? യുപിയിലെ പുതിയ ഡിജിറ്റൽ മീഡിയ നയം ആർക്കൊപ്പം?

വിമർശനങ്ങളെ ശിക്ഷിക്കുകയും സ‌ർ‌ക്കാരിൻ്റെ പ്രവർത്തനങ്ങളുടെ പരസ്യം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന പുതിയ നയത്തിലൂടെ ഡിജിറ്റൽ മീഡിയ ഇടം പിടിച്ചെടുക്കാൻ ബിജെപി സർക്കാർ ശ്രമിക്കുന്നുവെന്നാണ് പ്രതിപക്ഷ ആരോപണം
നല്ലത് പറയാൻ പ്രതിഫലം, എതിർക്കുന്നവർക്ക് മൂക്കുകയർ? യുപിയിലെ പുതിയ ഡിജിറ്റൽ മീഡിയ നയം ആർക്കൊപ്പം?
Updated on

ഉത്തർപ്രദേശിലെ പുതിയ ഡിജിറ്റൽ മീഡിയ നയം വ്യാപകമായ ചർച്ചകൾക്ക് വഴി തുറന്നിരിക്കുകയാണ്. സർക്കാരിനെ പിന്തുണയ്ക്കുകയും പ്രീണിപ്പിക്കുകയും ചെയ്യുന്ന ഉള്ളടക്കങ്ങൾ മാത്രം ഡിജിറ്റൽ മീഡിയകൾ ചെയ്താൽ മതിയെന്ന സന്ദേശമാണ് പുതിയ നയം നൽകുന്നതെന്നാണ് നയത്തിനെതിരെ ഉയരുന്ന പ്രധാന വിമർശനം. ഒരു സാഹചര്യത്തിലും ഡിജിറ്റൽ മീഡിയയുടെ ഉള്ളടക്കം അസഭ്യമോ, അശ്ലീലമോ ദേശവിരുദ്ധമോ ആയിരിക്കരുത് എന്നാണ് സംസ്ഥാന ഇൻഫർമേഷൻ വകുപ്പിൻ്റെ പ്രിൻസിപ്പൽ സെക്രട്ടറി സഞ്ജയ് പ്രസാദ് പ്രസ്താവനയിൽ പറഞ്ഞിരിക്കുന്നത്. ഇത് ഡിജിറ്റൽ മീഡിയയ്ക്ക് മൂക്കുകയറിടാനുള്ള സർക്കാർ നീക്കമായും വിലയിരുത്തപ്പെടുന്നു. ഇതിനോടൊപ്പം സോഷ്യൽമീഡിയ ഇൻഫ്ളുവൻസർമാർക്കും ഡിജിറ്റൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കും സർക്കാർ പദ്ധതികളുടെയും വികസന പ്രവർത്തികളുടെയും നേട്ടങ്ങൾ പ്രചരിക്കുന്നതിനായി പ്രതിഫലം നൽകുമെന്നും പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. പ്രതിമാസം എട്ട് ലക്ഷം രൂപ ഈ നിലയിൽ ഇവർക്ക് സമ്പാദിക്കാനുള്ള അവസരമാണ് യോഗി സർക്കാർ ഒരുക്കുന്നത്.

ഡിജിറ്റൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും മറ്റ് സമാന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും സർക്കാരിൻ്റെ പദ്ധതികൾ, നേട്ടങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കുന്നതിനാണ് നയം തയ്യാറാക്കിയിരിക്കുന്നതെന്നാണ് ഉത്തർപ്രദേശ് സർക്കാരിൻ്റെ ഔദ്യോഗിക വിശദീകരണം.

സർക്കാരിൻ്റെ നിയന്ത്രണത്തിലുള്ള പിആർഡി മാധ്യമമായി ഉത്തർപ്രദേശിലെ ഡിജിറ്റൽ മാധ്യമങ്ങൾ മാറിയേക്കുമെന്ന ആശങ്കയാണ് നയംമാറ്റത്തിന് പിന്നാലെ പ്രധാനമായും ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഉത്തർപ്രദേശിൽ ബിജെപിയുടെ താൽപ്പര്യങ്ങളെയും അജണ്ടകളെയും പ്രചരിപ്പിക്കുന്നവരായി ഭൂരിപക്ഷം ഡിജിറ്റൽ മാധ്യമങ്ങളും മാറിയെന്ന വിമർശനങ്ങൾ നിലനിൽക്കെയാണ് പുതിയ ഡിജിറ്റൽ നയം സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. ബിജെപിയെയും യോഗി സർക്കാരിനെയും നിശിതമായി വിമർശിക്കുന്ന വിരലിലെണ്ണാവുന്ന ഡിജിറ്റൽ മാധ്യമങ്ങളെക്കൂടി സർക്കാരിൻ്റെ വരുതിയിലാക്കാനാണ് പുതിയ ഡിജിറ്റൽ നയമെന്നും ആരോപണമുണ്ട്.

അസഭ്യമോ, അശ്ലീലമോ ദേശവിരുദ്ധമോ ആയ ഉള്ളടക്കം നിയന്ത്രിക്കാൻ ഈ നയം സർക്കാരിനെ പ്രാപ്‌തമാക്കുന്നുവെന്ന ഉത്തർപ്രദേശ് ഡിജിറ്റൽ മീഡിയ നയം 2024ലെ ഭാഗമാണ് ആശങ്കയോടെ വലിയൊരു വിഭാഗം ചൂണ്ടിക്കാണിക്കുന്നത്. സർക്കാരിനെതിരായ വിമർശനങ്ങളെ രാജ്യദ്രോഹമെന്ന് വിവക്ഷിക്കുന്നത് ബിജെപിയുടെയും ബിജെപി സർക്കാരുകളുടെയും ഇന്നലെ വരെയുള്ള രീതിയാണ്. അതിനാൽ തന്നെ സർക്കാരിന് ഇഷ്ടമില്ലാത്ത വിമർശനങ്ങളെല്ലാം രാജ്യദ്രോഹ കോളത്തിൽ ഉൾപ്പെടുത്തപ്പെടാൻ സാധ്യതയുണ്ടെന്ന് ഒരുവിഭാഗം ആശങ്കപ്പെടുന്നുണ്ട്. പുതിയ നയം സർക്കാരിനെതിരെ നിലപാട് പറയുന്ന ഡിജിറ്റൽ മീഡിയയെ വിമർശിക്കാനുള്ള ടൂളായി മാറുമോ എന്ന ആശങ്കയ്ക്ക് മുൻഅനുഭവങ്ങളുടെ കൂടി പശ്ചാത്തമുണ്ട്. എന്തുതന്നെയായാലും രാജ്യദ്രോഹം എന്നത് വിവക്ഷിക്കുന്നത് സർക്കാരായിരിക്കും എന്നതിൽ ഒരു തർക്കവുമില്ല. ബിജെപി സർക്കാരിന് ഇഷ്ടമില്ലാത്ത വിമർശനങ്ങളെല്ലാം രാജ്യദ്രോഹമാണ് എന്ന് സർക്കാർ ശഠിച്ചാൽ ഈ നയമാറ്റത്തോടെ സർക്കാർ ജിഹ്വകളായി ഉത്തർപ്രദേശിലെ ഡിജിറ്റൽ മീഡിയയകൾ മാറുമെന്നതിൽ തർക്കമില്ല.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ ബിജെപിക്കുണ്ടായ തിരിച്ചടിയുടെ കാരണങ്ങളിൽ ഡിജിറ്റൽ മീഡിയയുടെ സ്വാധീനം വിലയിരുത്തപ്പെട്ടിരുന്നു. കോൺഗ്രസ്- സമാജ്‌വാദി പാർട്ടി സഖ്യം യോഗി സർക്കാരിനെതിരെയും ബിജെപിക്കെതിരെയും മുന്നോട്ടുവെച്ച വിമ‍ശനങ്ങൾക്ക് സോഷ്യൽ മീഡിയയിൽ വലിയ പ്രചാരം ലഭിച്ചിരുന്നു. പ്രതിപക്ഷ വിവരണങ്ങൾ ഉള്ളടക്കങ്ങളായി ഇടംപിടിച്ച ഡിജിറ്റൽ മാധ്യമങ്ങൾ തിരഞ്ഞെടുപ്പിൽ നി‍ർണ്ണായക സ്വാധീനം ചെലുത്തിയെന്നും വിലയിരുത്തലുകളുണ്ടായിരുന്നു.

ധ്രുവ് റാത്തിയെപ്പോലുള്ള സോഷ്യൽ മീഡിയ ഇൻഫ്ലുവൻസ‍ർമാർ ഉത്ത‍ർ‌പ്രദേശ് സ‍ർക്കാരിൻ്റെ പുതിയ ഡിജിറ്റൽ നയത്തെ വിമ‍‍ർശിച്ച് രം​ഗത്ത് വന്നിട്ടുണ്ട്. 'സർക്കാരിനെ പ്രോത്സാഹിപ്പിക്കുന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവൻസ‍ർമാർക്ക് 8 ലക്ഷം രൂപ നൽകുമെന്നാണ് ഉത്ത‍ർപ്രദേശ് സർക്കാർ പറയുന്നത്. ഇത് നിയമപരമാക്കിയ അഴിമതിയാണ്. ജനങ്ങളുടെ നികുതി പണമാണിത്. ഏതെങ്കിലും ഇൻഫ്ലുവൻസർ‌ ഇത് ചെയ്യുമെങ്കിൽ അത് നാണക്കേടാണ്' എന്നാണ് എക്സിൽ പങ്കുവെച്ച കുറിപ്പിൽ ധ്രുവ് റാത്തി കുറിച്ചത്.

വിമർശനങ്ങളെ ശിക്ഷിക്കുകയും സ‌ർ‌ക്കാരിൻ്റെ പ്രവർത്തനങ്ങളുടെ പരസ്യം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന പുതിയ നയത്തിലൂടെ ഡിജിറ്റൽ മീഡിയ ഇടം പിടിച്ചെടുക്കാൻ ബിജെപി സർക്കാർ ശ്രമിക്കുന്നതായാണ് കോൺ​ഗ്രസിൻ്റെ ആരോപണം. സർക്കാർ ഒരു ഭയവും മടിയും കൂടാതെ മാധ്യമങ്ങളെ ദത്തെടുക്കാൻ ശ്രമിക്കുന്നു. ഇത് ജനാധിപത്യത്തിന് ആപത്തല്ലെങ്കിൽ പിന്നെ എന്താണ് എന്നാണ് കോൺ​ഗ്രസ് ഉയർത്തുന്ന ചോദ്യം.

'നല്ല ജോലി' ചെയ്യുന്നവർക്ക് തൊഴിൽ ഉപാധിയായി പരസ്യങ്ങൾ നൽകുമെന്നാണ് പുതിയ നയത്തെക്കുറിച്ചുള്ള ബിജെപി വക്താവ് രാകേഷ് ത്രിപാഠിയുടെ ന്യായീകരണം. സോഷ്യൽ മീഡിയയിൽ കുപ്രചരണങ്ങൾ നടത്തുന്നവർ സാമുദായിക സൗഹാർദം തകർക്കുകയും ക്രമസമാധാനത്തിന് അപകടമുണ്ടാക്കുകയും ചെയ്യുമെന്നും ത്രിപാഠി ചൂണ്ടിക്കാണിച്ചിരുന്നു. യുപിയുടെ ഡിജിറ്റൽ മീഡിയ നയം രാജ്യത്തെ മറ്റിടങ്ങളിലും മാതൃകമായി മാറുമെന്നും ത്രിപാഠി ചൂണ്ടിക്കാണിച്ചിരുന്നു.

ഉത്തർപ്രദേശ് സർക്കാരിൻ്റെ പുതിയ മീഡിയ നയത്തിലെ പ്രസക്ത പോയിൻ്റുകൾ

  • സംസ്ഥാന സർക്കാർ അവരുടെ ഉള്ളടക്കം പരസ്യം ചെയ്യുന്നതിനായി വിവിധ സോഷ്യൽ മീഡിയ ഏജൻസികളുടെയും സ്ഥാപനങ്ങളുടെയും പട്ടിക തയ്യാറാക്കും

  • സംസ്ഥാന സർക്കാരിൻ്റെ നയങ്ങളും നേട്ടങ്ങളുമായി ബന്ധപ്പെട്ട ഉള്ളടക്കം/ വീഡിയോകൾ/ ട്വീറ്റുകൾ/ പോസ്റ്റുകൾ/ റീൽസ് എന്നിവ എക്സ്, ഫേസ്ബുക്ക്, ഇൻസ്റ്റാ​ഗ്രാം, യൂട്യൂബ് എന്നിവയിൽ പങ്കിടാൻ ഈ നയം സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സിനെ പ്രാപ്തരാക്കുന്നു.

  • ഈ നയം നടപ്പിലാക്കുന്നതോടെ സംസ്ഥാന സർക്കാരിൻ്റെ ഉള്ളടക്കം പരസ്യപ്പെടുത്തി രാജ്യത്തുടനീളമുള്ള പൗരന്മാർക്ക് തൊഴിൽ നേടാനുള്ള അവസരമുണ്ടാകും.

  • അക്കൗണ്ട് ഉടമകളെയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻ‌സേഴ്സിനെയും ഫോളോവേഴ്സിൻ്റെ എണ്ണത്തെ അടിസ്ഥാനമാക്കി നാല് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു, അഞ്ച് ലക്ഷം, നാല് ലക്ഷം, മൂന്ന് ലക്ഷം, രണ്ട് ലക്ഷം എന്നിങ്ങനെയാണ് ഈ വിഭാ​ഗങ്ങൾക്ക് ലഭിക്കുന്ന പ്രതിഫലം.

  • യൂട്യൂബിൽ വീഡിയോ ഷോ‍ർട്സ്, പോഡ്കാസ്റ്റ് എന്നിവ പങ്കുവെയ്ക്കുന്നവരെ ഫോളോവേഴ്സിൻ്റെ അടിസ്ഥാനത്തിൽ നാലായി തിരിച്ചിട്ടുണ്ട്. ഇവർക്ക് എട്ട് ലക്ഷം, ഏഴ് ലക്ഷം, ആറ് ലക്ഷം, നാല് ലക്ഷം എന്നിങ്ങനെയാണ് പ്രതിമാസ പ്രതിഫലമായി നിശ്ചയിച്ചിരിക്കുന്നത്.

  • എക്‌സ്, ഫെയ്‌സ്ബുക്ക്, ഇൻസ്റ്റാഗ്രാം, യൂട്യൂബ് തുടങ്ങിയ വിവിധ പ്ലാറ്റ്‌ഫോമുകളിൽ പങ്കിടുന്ന അസഭ്യമോ, അശ്ലീലമോ ദേശവിരുദ്ധമോ ആയ ഉള്ളടക്കം നിയന്ത്രിക്കാൻ ഈ നയം സർക്കാരിനെ പ്രാപ്‌തമാക്കുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com