നിളയും നമ്പ്യാരും പിന്നെ കുറേ മലയാളികളും

Erotic Artനെ തത്വത്തില്‍ ആത്മാഭിമാനമുള്ള തൊഴിലായി സ്വീകരിക്കാന്‍ കേരളീയ വരേണ്യ സാമൂഹിക ബോധത്തിന് സാധ്യമല്ല!
നിളയും നമ്പ്യാരും പിന്നെ കുറേ മലയാളികളും

കഴിഞ്ഞുപോയതും ഇനി വരാന്‍ പോകുന്നതുമായ ഒരാഴ്ച്ച ഭൂരിപക്ഷ മലയാളിയുടെ ഫേസ്ബുക്ക് അല്‍ഗോരിതം നിള നമ്പ്യാരെന്ന മോഡലിന്റെ പേരും ജോലിയുമാണ്. മുന്‍പ് മല്ലു സെക്‌സി റീല്‍, സുന്ദരി ആന്റി, മലയാളി ആന്റി, മല്ലു ആന്റി ന്യൂ തുടങ്ങിയ യൂട്യൂബ് കീവേര്‍ഡുകള്‍ മാത്രമായിരുന്നു നിള. ഒരു സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ നിളയുടെ വ്യക്തി ജീവിതത്തെക്കുറിച്ചും പ്രൊഫഷനെക്കുറിച്ചും അഭിമുഖം പ്രസിദ്ധീകരിക്കപ്പെട്ടതോടെ അല്‍ഗോരിതം മാറി, ഇപ്പോ ആ അല്‍ഗോരിതത്തിന്റെ പേര് ജാതീയതയുടെ അല്‍ഗോരിതമെന്നാണ്.

നിള നമ്പ്യാർ
നിള നമ്പ്യാർ

ജാതീയതയുടെ അല്‍ഗോരിതം

ഇന്ത്യയിലെ ഏറ്റവും വിപണി മൂല്യമുള്ള പാരമ്പര്യ സ്വത്താണ് ജാതി, എന്നാല്‍ എല്ലാ ജാതി വിഭാഗങ്ങള്‍ക്കും ഈ സ്വത്തിന് അവകാശമില്ല. പുലയന്‍, പാണന്‍, പറയന്‍ തുടങ്ങി അനേകം ജാതികള്‍ ഈ പ്രിവിലൈജിന് പുറത്താണ്. നമ്പൂതിരി, നായര്‍, ബ്രാഹ്‌മണര്‍ തുടങ്ങിയ 'ഉന്നതര്‍'ക്കാണ് ഈ സ്വത്തിന് അവകാശം. ജോലി, വിവാഹം, രാഷ്ട്രീയം, സിനിമ തുടങ്ങി സകല മേഖലകളിലും ഈ സ്വത്തിന് മൂല്യമുണ്ട്. ഒറ്റ നോട്ടത്തില്‍ തിരിച്ചറിയാനാവില്ലെന്ന് മാത്രം, പക്ഷേ ഇത്തരം കാര്യങ്ങള്‍ എപ്പോഴും സൂക്ഷിച്ച് നോക്കണം.

നിളയിലേക്ക് വരാം. അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു അഭിമുഖത്തില്‍ ഇസ്ലാമില്‍ നിന്നുകൊണ്ട് മോഡലിങ് പ്രൊഫഷനായി സ്വീകരിക്കുന്നതിന്റെ പ്രയാസങ്ങളെക്കുറിച്ച് നിള വിശദീകരിച്ച് വ്യക്തമാക്കുന്നുണ്ട്. ഈ പ്രതിസന്ധി മറികടക്കാനായി നിള നമ്പ്യാരെന്ന പേര് സ്വീകരിച്ചു ഹിന്ദുവായെന്നും പറയുന്നു. ഇത് കേട്ടതോടെ നമ്പ്യാന്മാരുടെ അല്‍ഗോരിതം ഉണര്‍ന്നു!. നമ്പ്യാരെന്നത് ഫാഷനായി സ്വീകരിക്കാവുന്ന നാമധേയമല്ലെന്നായിരുന്നു വാദങ്ങള്‍, പിന്നാലെ നിളയുടെ പഴയ പേര് ചികയുന്നു, വീഡിയോ സ്‌ക്രീന്‍ഷോട്ടുകളില്‍ അങ്ങേയറ്റം വിദ്വേഷം നിറയുന്ന വാക്കുകള്‍ ചേര്‍ത്ത് പ്രചരിപ്പിക്കുന്നു. ചുമ്മാ ഒരു ജാതിവാലുണ്ടാക്കിയ പുകില് നോക്കണം, നിളപോലും ഇത്രയും വികാര വ്രണപ്പെടല്‍ പ്രതീക്ഷിച്ചു കാണില്ലെന്നതാണ് സത്യം.

കേരളത്തിന്റെ ഈ അല്‍ഗോരിതത്തിന് കാരണം നിളയുടെ പ്രൊഫഷനാണ്, Erotic Artനെ തത്വത്തില്‍ ആത്മാഭിമാനമുള്ള തൊഴിലായി സ്വീകരിക്കാന്‍ കേരളീയ വരേണ്യ സാമൂഹിക ബോധത്തിന് സാധ്യമല്ല, നിളയ്‌ക്കെതിരായ അല്‍ഗോരിതം പിറന്നതും ആ പേടിബോധത്തില്‍ നിന്നു തന്നെയാണ്.. ഇതൊരു പ്രത്യേക ജാതിയിലുള്ളവര്‍ക്ക് മാത്രമുള്ള അയിത്തമല്ല. ക്രൈസ്തവ-മുസ്ലിം ഫണ്ടമെന്റല്‍ ബോധ്യങ്ങള്‍ക്കും Erotic Artനെ അംഗീകരിക്കുക പ്രയാസമാണ്. അതുകൊണ്ടുതന്നെ മതത്തിന്റെ ഉള്‍വേരുള്ള കേരളത്തിന്റെ പുരോഗമന ഇടങ്ങളിലും സ്ത്രീ Nudity ഒരു നോണ്‍കോംപ്രമൈസിങ് 'അപകട'മായിട്ടാണ് കണക്കാക്കപ്പെടുന്നത്.

പോണ്‍ സിനിമയുടെ അല്‍ഗോരിതം

നായരും നമ്പൂതിരിയും ബ്രാഹ്‌മണനും അടക്കിവാണ മലയാള സിനിമയിലെ തൊണ്ണൂറുകളിലാണ് എന്റെ ജനനം. മംഗലശ്ശേരി നീലകണ്ഠനെ കണ്ടിറങ്ങി ഞാന്‍ പലവട്ടം ശേഖരന്മാരുമായി കൊമ്പുകോര്‍ത്തിട്ടുണ്ട്. നമ്പൂതിരി ലാലേട്ടന്റെ മുടിഞ്ഞുപോയ ഇല്ലത്തെക്കുറിച്ച് കണ്ണീരണഞ്ഞിട്ടുണ്ട്. അക്കാലത്തെ സാഹസികത നിറഞ്ഞതും രസകരവുമായ മറ്റൊരു കാര്യം A പടം കാണാനായി തിയേറ്ററില്‍ പോകുന്നതാണ്. സംഗതി ലേശം ഒളിച്ചു ചെയ്യേണ്ട സ്വയം പ്രവര്‍ത്തനങ്ങളായതിനാല്‍ അന്ന് ആരോടും പറയാതെയാണ് പേരാമ്പ്രയിലെ അജന്ത തിയേറ്ററിലേക്ക് സര്‍ക്കീട്ട് പോയിരുന്നത്. തിയറ്റേറിലെ ഇരുട്ട് രക്ഷയാണ്, പരസ്പരം കാണില്ല, ഇന്റര്‍വെല്ലിന് തൊട്ടുമുന്‍പ് ഇറങ്ങിയോടിയാല്‍ മതി. മിക്കപ്പോഴും അത് സാധ്യവുമായിരുന്നു.

ദീര്‍ഘകാലം കഴിയുന്നതിന് മുന്‍പ് ചൈനീസ് ക്യാമറ ഫോണുകള്‍ കൈയ്യിലെത്തി, പിന്നെ സണ്ണി ലിയോണിയും ജോണി സിന്നും മിയാ ഖലീഫയുമൊക്കെ പരിചിതരായി. ആദ്യം വിസിആറിലാണ് തുടക്കം പിന്നെ CD, മെമ്മറി കാര്‍ഡ്... ഒടുവില്‍ വെബ്‌സൈറ്റുകളിലേക്കെത്തി. ബ്ലൂടൂത്ത് കാലങ്ങള്‍ 90s കിഡ്‌സിന് മറക്കാനാവില്ല. കാര്യങ്ങളിങ്ങനെ മാറിമറിഞ്ഞെങ്കിലും പോണ്‍ ആക്‌സസിബിലിറ്റിക്ക് പൊതുബോധത്തെ പുനര്‍നിര്‍ണിയിക്കാന്‍ സാധിച്ചിട്ടില്ല.

അതുതന്നെയാണ് പ്രശ്‌നവും!

പോണ്‍ ശീലവും ദുശ്ശീലവുമൊക്കെയാണെങ്കിലും അതൊരു പ്രൊഫഷനാണെന്ന് തിരിച്ചറിയാത്തതാണ് പ്രധാന പ്രശ്‌നം. സംസ്‌കാരത്തിനും മതത്തിനും ജാതിക്കുമൊന്നും ആ പ്രൊഫഷനകത്ത് സാധ്യതകളില്ല. അതുകൊണ്ട് തന്നെ ഇത്തരം ഇനിഷ്യേറ്റീവുകളോട് എതിര്‍ത്ത് നില്‍ക്കാനാണ് നമുക്കിഷ്ടം. പിന്തിരിപ്പന്‍ എന്നു വിശേഷിപ്പിക്കാവുന്ന ഈ 'പ്രത്യയശാസ്ത്ര' പ്രശ്‌നത്തിന് പരിഹാരവും എളുപ്പമല്ല. ഏഷ്യ ഇതര വിപണികള്‍ പോണ്‍ ഇന്‍ഡസ്ട്രിയില്‍ ബില്യണ്‍ ഡോളര്‍ നിക്ഷേപങ്ങള്‍ നടത്തുമ്പോള്‍ നമുക്കിപ്പോഴും അതിന്റെ വിപണി സാധ്യത പോലും അന്വേഷിക്കാന്‍ കഴിയാത്തതിന് കാരണവും ഈ പിന്തിരിപ്പന്‍ പ്രത്യയശാസ്ത്രം തന്നെ...

Related Stories

No stories found.
logo
Reporter Live
www.reporterlive.com