സ്പീക്കർ പദവി ഒരു 'ഇൻഷുറൻസ് പരിരക്ഷ'യാണ്, നിതീഷും നായിഡുവും വിലപേശുന്നത് വെറുതെയല്ല!

എന്തിനായിരിക്കും നിതീഷും നായിഡുവും ലോക്സഭാ സ്പീക്കര്‍ പദവിയില്‍ കണ്ണുവെക്കുന്നത്?
സ്പീക്കർ പദവി ഒരു 'ഇൻഷുറൻസ് പരിരക്ഷ'യാണ്, നിതീഷും നായിഡുവും വിലപേശുന്നത് വെറുതെയല്ല!

ചൂടേറിയ ചര്‍ച്ചകള്‍ക്കും സമയവായത്തിനും ശേഷം മൂന്നാം മോദി സര്‍ക്കാര്‍ അധികാരമേറ്റെടുത്തു. രണ്ടു തവണത്തേതില്‍ നിന്നും വിഭിന്നമായി സഖ്യകക്ഷികളുടെ പിന്തുണയോടെയാണ് ബിജെപി ഭരണം നിലനിര്‍ത്തിയിരിക്കുന്നത്. മന്ത്രിസഭയിലെ പ്രാതിനിധ്യത്തെ കുറിച്ച് സഖ്യകക്ഷികള്‍ക്ക് ഇടയിലെ മുറുമുറുപ്പ് അടങ്ങിയിട്ടില്ലെങ്കിലും ബിജെപിയെ ഇപ്പോള്‍ അലട്ടുന്നത് ലോക്സഭാ സ്പീക്കര്‍ സ്ഥാനത്തിന് വേണ്ടിയുളള നിതീഷ് കുമാറിന്‍റെയും ചന്ദ്രബാബു നായിഡുവിന്‍റെയും വിലപേശലുകളാണ്. ദേശീയ രാഷ്ട്രീയത്തിലെ കിങ് മേക്കേഴ്സായി മാറിയ നിതീഷും നായിഡുവും വെറുതെയല്ല ലോക്സഭാ സ്പീക്കര്‍ സ്ഥാനത്തിനായി ചരടുവലിക്കുന്നത്.

എന്തിനായിരിക്കും നിതീഷും നായിഡുവും ലോക്സഭാ സ്പീക്കര്‍ പദവിയില്‍ കണ്ണുവെക്കുന്നത്?

ലോക്‌സഭയുടെ ഭരണഘടനാപരമായുള്ള തലവനാണ് സ്പീക്കര്‍. സ്പീക്കറുടെ അഭാവത്തിലുള്ള സഭാനാഥനാണ് ഡെപ്യൂട്ടി സ്പീക്കര്‍. 1919ലെ ഗവണ്‍മെന്റ് ഓഫ് ഇന്ത്യ നിയമപ്രകാരമാണ് രണ്ടു പദവികളും നിര്‍വചിച്ചിരിക്കുന്നത്.

തെരഞ്ഞെടുക്കപ്പെട്ട ലോക്സഭാ അംഗങ്ങളുടെ ആദ്യ യോഗത്തിലാണ് സ്പീക്കറെ തെരഞ്ഞെടുക്കുക.രാഷ്ട്രപതി നിയമിക്കുന്ന പ്രോംടേം സ്പീക്കര്‍ ആയിരിക്കും പുതിയ എംപിമാര്‍ക്ക് സത്യവാചകം ചൊല്ലികൊടുക്കുക. എംപിമാര്‍ സത്യപ്രതിജ്ഞ ചെയ്തതിന് ശേഷമാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പ്.

സഭയ്ക്കകത്ത് അംഗങ്ങളുടെ അച്ചടക്കവും ഇടപെടലും സ്പീക്കറുടെ നിയന്ത്രണത്തിലായിരിക്കും. ഭരണ- പ്രതിപക്ഷ തര്‍ക്കങ്ങള്‍ക്കിടയില്‍ സഭ നിര്‍ത്തിവെക്കലും, അംഗങ്ങളെ അച്ചടക്ക നടപടിയില്‍ കുരുക്കിയിടാനും, ആവശ്യമെങ്കില്‍ സഭ പിരിച്ച് വിടാനും സ്പീക്കര്‍ക്കാകും. പേരിന് മാത്രം അധികാരമുളള പദവി അല്ല ലോക്സഭാ സ്പീക്കര്‍ സ്ഥാനമെന്നര്‍ത്ഥം. ഇന്ത്യൻ ഭരണഘടനയിലെ വ്യവസ്ഥകളുടെയും നടപടിക്രമങ്ങളുടെയും ലോക്സഭയുടെ പെരുമാറ്റച്ചട്ടങ്ങളുടെയും അന്തിമ വാക്കാണ് സ്പീക്കര്‍. ഒരംഗത്തെ അയോഗ്യനാക്കുന്നതിലും കൂറുമാറ്റ വിഷയത്തിലും അന്തിമ അധികാരിയും സ്പീക്കറാണ്.

നിഷ്പക്ഷത,കക്ഷി വ്യത്യാസമില്ലാതെ എല്ലാവരോടും തുല്യമായി പെരുമാറുക എന്നതാണ് സ്പീക്കറുടെ പ്രധാന യോഗ്യത. ചരിത്രം പരിശോധിച്ചാല്‍ ആ പദവിയോട് നീതി പുലര്‍ത്തിയവരെ കാണാനാകും. സ്പീക്കറായതിന് ശേഷം കോണ്‍ഗ്രസ് പാര്‍ട്ടി അംഗത്വം രാജിവെച്ച സഞ്ജീവ് റെഡ്ഡി എന്നൊരു സ്പീക്കര്‍ നമ്മുക്കുണ്ടായിരുന്നു. 2008 ല്‍ യുപിഎ സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയത്തില്‍ സ്വീകരിച്ച പക്ഷപാതപരമായ നിലപാടിന്‍റെ പേരില്‍ സോമനാഥ് ചാറ്റര്‍ജിയെ സിപിഐഎം പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുക പോലും ചെയ്തു.

നിതീഷിന്‍റെയും നായിഡുവിന്‍റെയും ചാണക്യ തന്ത്രം?

രാഷ്ട്രീയ തന്ത്രശാലികളും പരിണതപ്രജ്ഞരുമായ നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും സ്പീക്കര്‍ പദവി കൈപ്പിടിയിലാക്കാന്‍ ശ്രമിക്കുന്നതിന് പുറകില്‍ വ്യക്തമായ കാരണങ്ങള്‍ ഉണ്ട്. ബിജെപി എന്ന ഭരണ പാര്‍ട്ടിയോടുളള വിശ്വാസക്കുറവുണ്ട്. മറ്റൊരു തരത്തില്‍ ഓപ്പറേഷന്‍ താമരയില്‍ നിന്നുളള  ഒരു "ഇന്‍ഷുറന്‍സ്" പരിരക്ഷയാണ് ഇരുവര്‍ക്കും സ്പീക്കര്‍ സ്ഥാനം.

നേരത്തെ എന്‍ഡിഎ വിടുമ്പോള്‍ നിതീഷ് ഉന്നയിച്ച പ്രധാന ആരോപണം ബിജെപി മുന്നണിക്കുളളില്‍ നിന്ന് ജെഡിയുവിനെ പിളര്‍ത്താന്‍ ശ്രമിക്കുന്നുവെന്നാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തെ ചരിത്രത്തില്‍ കര്‍ണാടക, മഹാരാഷ്ട്ര, മധ്യപ്രദേശ് തുടങ്ങി പല സംസ്ഥാനങ്ങളിലും ഓപ്പറേഷന്‍ താമര വിരിയുന്നത് നമ്മള്‍ കണ്ടതാണ്.

ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാതെ ഭരണം മുന്നോട്ട് കൊണ്ടുപോകാന്‍ ബിജെപിയും അതിലുപരി മോദിയും ഒരിക്കലും ആഗ്രഹിക്കില്ല. മോദിക്കൊട്ടും പരിചയമില്ലാത്ത മുന്നണി മര്യാദകള്‍ പാലിക്കേണ്ടി വരും, അതുകൊണ്ട് തന്നെ ഇപ്പോള്‍ ഭരണത്തിലേറാന്‍ തങ്ങളെ കൂടെ കൂട്ടിയ ബിജെപി പാര്‍ട്ടി പിളര്‍ത്തിയേക്കാമെന്നും ജെഡിയുവിനെയും ടിഡിപിയെയും ഒന്നാകെ വിഴുങ്ങിയേക്കാമെന്നുമുളള ഭയം ഇരു നേതാക്കള്‍ക്കുമുണ്ട്. അത്തരമൊരു ഘട്ടത്തില്‍ സ്പീക്കറുടെ റോള്‍ പ്രധാനമാണ്. കൂറുമാറ്റ നിയമം, ജനപ്രാതിനിധ്യ നിയമം തുടങ്ങിയ വിഷയങ്ങളിലെല്ലാം അവസാനവാക്കായി വരിക സ്പീക്കറാകും. മഹാരാഷ്ട്രയില്‍ ശിവസേനയെയും എന്‍സിപിയെയും പിളര്‍ത്തി ബിജെപി നടത്തിയ രാഷ്ട്രീയ പരീക്ഷണങ്ങള്‍ക്ക് ബിജെപിക്ക് തുണയായി നിന്നത് നിയമസഭാ സ്പീക്കറായിരുന്നു.

നിയമസഭയില്‍ പയറ്റിതെളിഞ്ഞ രാഷ്ട്രീയ ചരടുവലികള്‍ക്ക് കേന്ദ്രത്തില്‍ ബിജെപി മുതിര്‍ന്നാല്‍ സ്പീക്കര്‍ പദവി കൈയില്‍ ഉറപ്പിച്ച് എതിരിടാന്‍ ആകുമെന്ന് ഇരുവരും കണക്കുകൂട്ടുന്നു. തങ്ങളുടെ മാത്രം പിന്‍ബലത്തില്‍ അധികാരമുറപ്പിച്ച നരേന്ദ്ര മോദിക്കും ബി.ജെ.പിക്കും കൃത്യമായൊരു സന്ദേശവും മുന്നറിയിപ്പും കൂടിയാണാ നീക്കം. ലോക്സഭയില്‍ ബിജെപി സ്പീക്കര്‍ വരുന്നതിനോട് പ്രതിപക്ഷത്തിനും താല്‍പര്യമില്ല. എന്നാല്‍ സ്പീക്കര്‍ പദവിക്ക് അവകാശമുന്നയിക്കുന്ന നിതീഷിന്‍റെയും നായിഡുവിന്‍റെയും ചാണക്യബുദ്ധി തിരിച്ചറിയുന്ന ബിജെപി എന്ത് നിലപാട് എടുക്കുമെന്ന് കണ്ടറിയണം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com