'ഇത്ര ലളിതമായിരുന്നോ കോണ്‍ഗ്രസ് തിരിച്ചുവരവ്?'; ചോദിപ്പിച്ച് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ഒരു വര്‍ഷം

കാമരാജിന് ശേഷം കോൺഗ്രസിൻ്റെ ഉൾപാർട്ടി ജനാധിപത്യത്തെ ഇത്രമേൽ പ്രതിഫലിപ്പിച്ച ഏക ഗാന്ധി കുടുംബത്തിന് പുറത്തുനിന്നുള്ള എഐസിസി പ്രസിഡൻ്റ് കൂടിയാണ് ഖാർഗെ എന്ന് നിസംശയം പറയാം.
'ഇത്ര ലളിതമായിരുന്നോ കോണ്‍ഗ്രസ് തിരിച്ചുവരവ്?'; ചോദിപ്പിച്ച് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ഒരു വര്‍ഷം

ന്യൂഡല്‍ഹി: 'ഇനി അജണ്ട ബിജെപി തീരുമാനിക്കേണ്ട, നിങ്ങള്‍ തീരുമാനിക്കുന്ന അജണ്ടയുടെ പിന്നാലെ വന്ന് വഞ്ചിക്കപ്പെടാന്‍ ഞങ്ങളില്ല' എന്ന തരത്തില്‍ രാഹുല്‍ ഗാന്ധി അടുത്തിടെയാണ് സംസാരിച്ചത്. രാഹുല്‍ ഗാന്ധിയുടെയും മറ്റ് കോണ്‍ഗ്രസ് നേതാക്കളുടെയും വാക്കുകളില്‍ ഒരു ശക്തി നമുക്ക് അനുഭവപ്പെടുന്നുണ്ട് ഇപ്പോള്‍. അധികകാലമൊന്നുമായിട്ടില്ല ഈ തരത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ സംസാരിക്കാന്‍ തുടങ്ങിയിട്ട്. ജയ്പൂരില്‍ നടന്ന ചിന്തന്‍ ശിവിറിന് ശേഷം, കൃത്യമായി പറഞ്ഞാല്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക് വന്നതിന് ശേഷമെന്ന് പറയാം.

കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷ സ്ഥാനം മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഏറ്റെടുത്ത് ഒരു വര്‍ഷം തികയുകയാണ്. 2014ല്‍ കേന്ദ്രത്തില്‍ അധികാരം നഷ്ടപ്പെട്ടതിന് ശേഷം പൊതുവില്‍ ഉണ്ടായ രാഷ്ട്രീയമായ ക്ഷീണം പരിഹരിക്കണമെന്ന കാര്യമായ ആലോചനയിലേക്ക് എത്താന്‍ കോണ്‍ഗ്രസിന് എട്ട് വര്‍ഷം വേണ്ടി വന്നു. ആ ആലോചനയെ തുടർന്നാണ് ചിന്തന്‍ ശിവിര്‍ നടന്നതും പുതിയ ദേശീയ അദ്ധ്യക്ഷനെ കണ്ടെത്താനുള്ള കാര്യങ്ങളിലേക്കും കോണ്‍ഗ്രസ് കടന്നതും.

ദേശീയ അദ്ധ്യക്ഷ സ്ഥാനത്തേക്ക് ആദ്യം പരിഗണിച്ചത് ഖാര്‍ഗെയെ ആയിരുന്നില്ല. കമല്‍നാഥും അശോക് ഗെഹ്‌ലോട്ടും അദ്ധ്യക്ഷ സ്ഥാനത്തേക്ക് വരാന്‍ വിസമ്മതിച്ചപ്പോഴാണ് ഖാര്‍ഗെ എന്ന പേരിലേക്ക് ഗാന്ധി കുടുംബവും കോണ്‍ഗ്രസ് നേതൃത്വവും എത്തുന്നത്. എന്നാല്‍ അതിന് ശേഷം അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഇതിനേക്കാള്‍ മികച്ച ഒരു തിരഞ്ഞെടുപ്പ് ഉണ്ടായിരുന്നില്ല എന്ന തരത്തിലായിരുന്നു ഖാര്‍ഗെയുടെ പ്രവര്‍ത്തനം.

മറ്റേത് പാര്‍ട്ടിയില്‍ നിന്നും വ്യത്യസ്തമായി അയഞ്ഞ സംഘടന സംവിധാനമായിരുന്നു കോണ്‍ഗ്രസിനുണ്ടായിരുന്നത്. ആര്‍ക്കും എന്തും പുറത്ത് പറയാന്‍ കഴിയുന്ന ജനാധിപത്യമാണ് കോണ്‍ഗ്രസിന്റെ സൗന്ദര്യം എന്ന് വിശേഷിപ്പിക്കപ്പെടുന്നുണ്ടെങ്കിലും മിനിമം സംഘടന ചട്ടക്കൂട് സ്വഭാവം ഇല്ലാതിരുന്നതിനാല്‍ തന്നെ കഴിഞ്ഞ കാലങ്ങളില്‍ പിന്നില്‍ നിന്ന് കുതിച്ച് കയറാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അങ്ങനെയൊരു പാര്‍ട്ടിയില്‍ സംഘടന സംവിധാനം എന്ന ഒന്നുണ്ട്, അതങ്ങനെ തന്നെ പോകണം എന്ന സന്ദേശം നല്‍കാന്‍ ഖാര്‍ഗെയ്ക്ക് കഴിഞ്ഞു എന്നതാണ് ഖാര്‍ഗെ നിലവിലെ കോണ്‍ഗ്രസില്‍ ഉണ്ടാക്കിയ പ്രധാനപ്പെട്ട ആദ്യ മാറ്റം.

ഏത് കാര്യം ഉണ്ടെങ്കിലും നേതാക്കള്‍ ഇരുന്ന് ആലോചിക്കണം. വിഷയം ചര്‍ച്ച ചെയ്യണം. എന്നിട്ട് ഒരു തീരുമാനമുണ്ടാക്കണം. പുറത്ത് പറഞ്ഞല്ല പരിഹരിക്കേണ്ടത് എന്ന നിലപാടാണ് ഖാര്‍ഗെ പിന്തുടരുന്നത്. ഗാന്ധി കുടുംബവും ഖാര്‍ഗെയുടെ ഈ തത്വത്തെ പിന്തുടരുന്നു എന്നത് ശ്രദ്ധേയമാണ്. ഖാര്‍ഗെ പറയുന്നത് കേള്‍ക്കാന്‍ തയ്യാറാണെന്ന് രാഹുല്‍ ഗാന്ധി തന്നെ തന്റെ ശരീര ഭാഷ കൊണ്ട് പറയുന്നു. മണിക്കൂറുകളോളമാണ് രാഹുല്‍ ഓരോ യോഗങ്ങളിലും ഖാര്‍ഗെക്കൊപ്പം പങ്കെടുക്കുന്നത്. ഈ യോഗങ്ങളില്‍ നേതാക്കള്‍ക്ക് സ്വതന്ത്രമായി സംസാരിക്കാം. ഇത് നേരത്തെ അത്രക്ക് സാധ്യമായിരുന്നില്ല എന്ന് നേതാക്കള്‍ പറയുന്നു. അതേ സമയം ഗാന്ധി കുടുംബത്തിന്റെ ഇഷ്ടങ്ങളെയും താൽപ്പര്യങ്ങളെയും കൂടി അറിഞ്ഞു കൊണ്ടുള്ള നയതന്ത്രജ്ഞതയാണ് ഖാര്‍ഗെ സ്വീകരിക്കുന്നത്.

പാര്‍ട്ടിയെ ആശയപരമായി കൂടുതല്‍ കരുത്തുറ്റതാക്കാന്‍ ഖാര്‍ഗെക്ക് കഴിഞ്ഞു. ജാതി സെന്‍സസ് രാജ്യവ്യാപകമായി വേണമെന്ന് ആവശ്യപ്പെടുമ്പോള്‍ പാര്‍ട്ടിക്കകത്ത് നിന്ന് എതിരഭിപ്രായങ്ങള്‍ അധികം ഉയര്‍ന്നിട്ടില്ലെന്നത് അതിനെ ശരിവെക്കുന്നു. ദളിത് വിഭാഗത്തില്‍ നിന്നുള്ള അദ്ധ്യക്ഷനായി ഖാര്‍ഗെ ഇല്ലായിരുന്നുവെങ്കില്‍ കോണ്‍ഗ്രസിന്റെ ജാതി സെന്‍സസ് ആവശ്യത്തിന് വേണ്ടത്ര വിശ്വാസ്യത കിട്ടിയില്ലായിരുന്നുവെന്ന് വിശ്വസിക്കുന്നവരുണ്ട്. വര്‍ഷങ്ങളായി കോണ്‍ഗ്രസിനകത്ത് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്ന ചില കാര്യങ്ങള്‍ ഒരു വര്‍ഷത്തിനിടക്ക് പരിഹരിക്കാന്‍ കഴിഞ്ഞെന്നത് ഖാര്‍ഗെയുടെ പ്രവര്‍ത്തന മികവിനെ ചൂണ്ടിക്കാണിക്കുന്നതാണ്.

രാജസ്ഥാനില്‍ കുറെ വര്‍ഷങ്ങളായി ഇടഞ്ഞു നില്‍ക്കുന്ന അശോക് ഗെഹ്‌ലോട്ടിനെയും സച്ചിന്‍ പൈലറ്റിനെയും ഒരേ വഴിയില്‍ കൊണ്ടുവരാനായി എന്നത് ഖാര്‍ഗെയുടെ പ്രധാന നേട്ടമാണ്. സമാനമായ രീതിയില്‍ തന്നെയാണ് ഛത്തീസ്ഗഢിലും ഖാര്‍ഗെ ഇടപെട്ടത്. ടി എസ് സിങ് ദോയെ ഉപമുഖ്യമന്ത്രിയാക്കിയാണ് സംസ്ഥാനത്തെ കോണ്‍ഗ്രസിനകത്തുള്ള തര്‍ക്കം പരിഹരിച്ചത്. കര്‍ണാടകത്തില്‍ തിരഞ്ഞെടുപ്പിന് മുമ്പേയുള്ള ചോദ്യമായിരുന്നു, കോണ്‍ഗ്രസിന് അധികാരം ലഭിച്ചാല്‍ ആരെ മുഖ്യമന്ത്രിയാക്കുമെന്നത്. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ സിദ്ധരാമയ്യയോടും ശിവകുമാറിനോടും നിരവധി തവണ സംസാരിച്ച് വളരെ സൗമ്യമായാണ് പ്രശ്‌നം പരിഹരിച്ചത്.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ കഴിയുന്ന തരത്തിലേക്ക് കോണ്‍ഗ്രസ് വളര്‍ന്നുവെന്ന നിഗമനത്തിലേക്ക് എത്തേണ്ടതില്ല. എന്നാല്‍ സംഘടിതവും ക്രിയാത്മകവുമായ ഒരു പാര്‍ട്ടിയെന്ന വലുപ്പത്തിലേക്ക് കോണ്‍ഗ്രസിനെ മടക്കികൊണ്ടുവരാന്‍ ഖാര്‍ഗെയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഒരു വര്‍ഷം കൊണ്ട് നടപ്പിലാക്കാന്‍ കഴിയുന്ന ഒരു മാറ്റത്തിന് വേണ്ടിയാണോ ഇത്രയും വര്‍ഷങ്ങള്‍ കോണ്‍ഗ്രസ് കളഞ്ഞതെന്ന് ചോദിക്കുന്ന ചില പ്രവര്‍ത്തകരുണ്ടെന്നതും യാഥാര്‍ത്ഥ്യമാണ്. കാമരാജിന് ശേഷം കോൺഗ്രസിൻ്റെ ഉൾപാർട്ടി ജനാധിപത്യത്തെ ഇത്രമേൽ പ്രതിഫലിപ്പിച്ച ഏക ഗാന്ധി കുടുംബത്തിന് പുറത്തുനിന്നുള്ള എഐസിസി പ്രസിഡൻ്റ് കൂടിയാണ് ഖാർഗെ എന്ന് നിസംശയം പറയാം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com