തല തറയിൽ ആഞ്ഞടിച്ചു, മേൽചുണ്ട് കീറി; പങ്കാളിയിൽ നിന്ന് നേരിട്ട അതിക്രമം വെളിപ്പെടുത്തി നടി ജസീല പർവീൺ

'ലോഹ വള കൊണ്ട് എന്റെ മുഖത്ത് ശക്തിയായി അടിച്ചു, അടികൊണ്ട എന്റെ മേൽചുണ്ട് കീറിപ്പോയി ഒരുപാട് രക്തം നഷ്ടപ്പെട്ടു' ​അതിക്രമം വിവരിച്ച് നടി ജസീല

തല തറയിൽ ആഞ്ഞടിച്ചു, മേൽചുണ്ട് കീറി; പങ്കാളിയിൽ നിന്ന് നേരിട്ട അതിക്രമം വെളിപ്പെടുത്തി നടി ജസീല പർവീൺ
dot image

മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ നടിയും മോഡലുമാണ് ജസീല പർവീൺ. പങ്കാളിയിൽ നിന്ന് അതിക്രൂരമായ പീഡനങ്ങൾ നേരിട്ടുവെന്ന് വെളിപ്പെടുത്തുകയാണ് നടി ഇപ്പോൾ. തനിക്ക് നിയമപരമായ പിന്തുണയും മാർഗനിർദ്ദേശവും തേടാനാണ് താൻ ഈ വിഷയം പങ്കുവെക്കുന്നതെന്ന് ജസീല സോഷ്യൽ മീഡിയ പോസ്റ്റിലൂടെ പറയുന്നു. പീഡനങ്ങൾ നേരിട്ടതിന്റെ ചിത്രങ്ങളും വിഡിയോയും ജസീല സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

‘എനിക്ക് സംഭവിച്ചതിനെക്കുറിച്ച് പ്രധാനപ്പെട്ട ചില കാര്യങ്ങൾ നിങ്ങളുമായി പങ്കുവയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇത് സഹതാപത്തിന് വേണ്ടിയല്ല, മറിച്ച് എനിക്ക് നിങ്ങളുടെ പിന്തുണയും മാർഗ നിർദ്ദേശവും ആവശ്യമുണ്ട്. പുതുവത്സര രാവിൽ, എന്റെ മുൻ പങ്കാളിയായിരുന്ന ഡോൺ തോമസ് വിതയത്തിലിന്റെ അമിതമായ മദ്യപാനത്തെയും പുകവലിയെയും മോശം പെരുമാറ്റത്തെയും ചൊല്ലി ഞങ്ങൾ തമ്മിൽ വഴക്കുണ്ടായി. ആ തർക്കത്തിനിടയിൽ അയാൾ അക്രമാസക്തനായി. അയാൾ എന്റെ വയറ്റിൽ ചവിട്ടി, മുഖത്ത് ഇടിച്ചു, തല തറയിൽ ആഞ്ഞടിച്ചു, വലിച്ചിഴച്ചു, കൂടാതെ എന്റെ കക്ഷത്തും തുടകളിലും കടിച്ചു. ലോഹ വള കൊണ്ട് എന്റെ മുഖത്ത് ശക്തിയായി അടിച്ചു, അടികൊണ്ട എന്റെ മേൽചുണ്ട് കീറിപ്പോയി. എനിക്ക് ഒരുപാട് രക്തം നഷ്ടപ്പെട്ടു. ​

എന്നെ ആശുപത്രിയിൽ കൊണ്ടുപോകാൻ അയാളോട് യാചിച്ചു, പക്ഷേ അയാൾ വിസമ്മതിച്ചു. പൊലീസിനെ വിളിക്കാൻ ശ്രമിച്ചപ്പോൾ അയാൾ ഫോൺ തട്ടിപ്പറിച്ചു. പിന്നീട്, ആശുപത്രിയിൽ കൊണ്ടുപോകാമെന്ന് അയാൾ പറഞ്ഞു. എന്നാൽ ഞങ്ങൾ അവിടെയെത്തിയപ്പോൾ, കോണിപ്പടിയിൽ നിന്ന് വീണതാണെന്ന് ഡോക്ടർമാരോട് കള്ളം പറഞ്ഞു. പിന്നീട് പ്ലാസ്റ്റിക് സർജറിക്ക് വിധേയയായി. വേദനയിൽ, മാനസികമായും ശാരീരികമായും തകർന്ന് ഒറ്റപ്പെട്ടുപോയി. അതുകൊണ്ട് ഞാൻ ഒരു ഓൺലൈൻ പൊലീസ് പരാതി നൽകി. മറുപടിയൊന്നും ഉണ്ടായില്ല. ജനുവരി 14 ന്, ഞാൻ നേരിട്ട് ചെന്ന് പരാതി നൽകി. അപ്പോഴും ഉടനടി നടപടിയുണ്ടായില്ല. അയാൾ മുൻകൂർ ജാമ്യത്തിനായി അപേക്ഷിച്ചതിന് ശേഷം മാത്രമാണ് പൊലീസ് പരിശോധനയ്ക്ക് വരികയും എഫ്ഐആർ റജിസ്റ്റർ ചെയ്യുകയും ചെയ്തത്. ​അതിനുശേഷം കേസ് നടക്കുകയാണ്.

​ഇപ്പോൾ കുറ്റപത്രം സമർപ്പിച്ചു. പരുക്ക് ഗുരുതരമാണ്. തെളിവുകളും മെഡിക്കൽ രേഖകളും വ്യക്തമാണ്. എന്നാൽ എതിർകക്ഷി, ഞാൻ ഒരിക്കലും സമ്മതിക്കാത്ത ഒരു ഒത്തുതീർപ്പ് നടന്നു എന്ന് അവകാശപ്പെട്ടുകൊണ്ട് കേസ് റദ്ദാക്കാനായി ഹൈക്കോടതിയിൽ ഒരു കോഷൻ ഹർജി ഫയൽ ചെയ്തിരിക്കുകയാണ്. മാസങ്ങളായി, സമയം ചോദിച്ചുകൊണ്ട് അവർ കേസ് മനഃപൂർവം വൈകിപ്പിക്കുകയാണ്. എനിക്കിപ്പോൾ ഒരു വക്കീലിനെ വയ്ക്കാൻ സാമ്പത്തികമില്ലാത്തതിനാൽ ഞാൻ ഒറ്റയ്ക്കാണ് കോടതിയിൽ ഹാജരാകുന്നത്. ഇന്നലെ നടന്ന വാദം കേൾക്കുന്നതിനിടയിൽ, എനിക്ക് സംസാരിക്കാൻ പോലും അവസരം ലഭിച്ചില്ല.

ഒരു കലാകാരി എന്ന നിലയിൽ, എന്റെ മുഖമാണ് എന്റെ വ്യക്തിത്വം. മാസങ്ങളോളം എനിക്ക് ജോലി ചെയ്യാൻ കഴിഞ്ഞില്ല. ശാരീരികവും മാനസികവുമായ ആഘാതം, ചികിത്സ, സാമ്പത്തിക നഷ്ടം, കടുത്ത വിഷാദം എന്നിവയിലൂടെ കടന്നുപോയി. ​ഇതിനിടയിൽ, ഇത് ചെയ്തയാൾ സീനിയർ അഭിഭാഷകരെ വച്ച് തന്റെ ജീവിതവുമായി മുന്നോട്ട് പോകുകയും നടപടികൾ വൈകിപ്പിക്കുകയും ചെയ്യുന്നു. ​എനിക്ക് ഒരൊറ്റ കാര്യമേ ആവശ്യപ്പെടാനുള്ളൂ, ​കേസ് വിചാരണയിലേക്ക് പോകട്ടെ, ​തെളിവുകൾ സംസാരിക്കട്ടെ, ​സത്യം പുറത്തുവരട്ടെ. ആവശ്യമെങ്കിൽ കേസ് ഞാൻ തന്നെ വാദിക്കാനും പ്രതിരോധിക്കാനും തയാറാണ്. എനിക്ക് നീതി മാത്രം മതി.

​ഇവിടെയുള്ള ഏതെങ്കിലും അഭിഭാഷകർക്ക്, പ്രത്യേകിച്ച് കേസ് റദ്ദാക്കാനുള്ള ഈ കോഷൻ ഹർജി തള്ളിക്കളയുന്നതിനും വിചാരണയുമായി മുന്നോട്ട് പോകുന്നതിനും വേണ്ടിയുള്ള മാർഗ നിർദ്ദേശങ്ങൾ നൽകാൻ കഴിയുമെങ്കിൽ, ഞാൻ നന്ദിയുള്ളവളായിരിക്കും. ദയവായി എന്നോടൊപ്പം നിൽക്കുക. എന്റെ ഈ പോരാട്ടം എനിക്ക് വേണ്ടി മാത്രമല്ല, ഈ വ്യവസ്ഥയിൽ നിശബ്ദമാക്കപ്പെടുന്ന ഓരോ ഇരയ്ക്കും വേണ്ടിയാണ്..,' ജസീല പർവീൺ സോഷ്യൽ മീഡിയയിൽ കുറിച്ചു.

Content Highlights:  Actress Jaseela Parveen reveals abuse she faced from her partner

dot image
To advertise here,contact us
dot image