
ചലച്ചിത്ര പുരസ്കാര വിതരണ വേദിയില് നടന് അലന്സിയര് നടത്തിയ പ്രസ്താവന അപ്പന് സിനിമയിലെ അച്ഛന് കഥാപാത്രം ഇട്ടിച്ചന്റെ നിലവാരത്തെ ഓര്മ്മിപ്പിച്ചു. പെണ്ണ് എന്നാല് ഭോഗിക്കാനുള്ള വസ്തുവായി മാത്രം കണ്ട ഇട്ടിച്ചനിലേക്കെത്താന് അലന്സിയറിന് അധികം അഭിനയിക്കേണ്ടി വന്നിട്ടുണ്ടാവില്ല. ഒരു വലിയ സദസ്സിന് മുന്നില് യാതൊരു കൂസലുമില്ലാതെ സ്ത്രീവിരുദ്ധത വിളിച്ചുപറയുകയും ഒരുതരി ഖേദം പോലുമില്ലാതെ അത് ആവര്ത്തിക്കുകയുമാണ് അലന്സിയര്.
തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില് നടന്ന സംസ്ഥാന ചലച്ചിത്ര അവാര്ഡ് വിതരണത്തില് സ്പെഷ്യല് ജൂറി പുരസ്കാരം വാങ്ങുമ്പോഴാണ് അലന്സിയറിന്റെ പ്രസ്താവന. 'പെണ്പ്രതിമ തന്ന് പ്രലോഭിപ്പിക്കരുത്. ആണ്കരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആണ്കരുത്തുള്ള ശില്പ്പം വേണം, അത് എന്ന് മേടിക്കാന് പറ്റുന്നോ, അന്ന് അഭിനയം നിര്ത്തും.' എന്നായിരുന്നു അലന്സിയര് മുഖ്യമന്ത്രിയും മന്ത്രിമാരും നിരവധി ചലച്ചിത്ര പ്രതിഭകളും ഇരിക്കുന്ന വേദിയില് പറഞ്ഞത്.
വളരെ ലളിതമായി ചിരിച്ചുകൊണ്ട് അലന്സിയര് നടത്തിയ സ്ത്രീവിരുദ്ധതയെ പതിവ് പാട്രിയാര്ക്കല് ബോധത്തില് മാത്രം ലേബല് ചെയ്ത് നിസ്സാരവല്ക്കരിക്കരുത്. ഒരു പ്രതിമ അലന്സിയറെ പ്രലോഭിപ്പിക്കുന്നെങ്കില് അതൊരു മനോവൈകല്യമാണ്. പ്രത്യേക മാനസിക നിലയുള്ളവര്ക്ക് മാത്രമേ അത്തരത്തില് ചിന്തിക്കാനും അതിന്റേ ശരികേട് തിരിച്ചറിയാതെ പൊതുവേദിയില് പ്രസംഗിക്കാനും കഴിയൂ.
ഒരു വ്യക്തിയെന്ന നിലയിലും കലാകാരന് എന്ന നിലയിലും ഒരാളിലേക്ക് വന്നു ചേരുന്ന ഉത്തരവാദിത്തങ്ങള് ഉണ്ട്. ഇതിനെ മറികടന്ന് നടത്തുന്ന പ്രസ്താവനകള് അവരുടെ നിലവാര തകര്ച്ചയെയാണ് പൊതുമധ്യത്തില് തുറന്നുകാണിക്കുന്നത്. സ്വന്തം വ്യക്തിത്വം നഷ്ടപ്പെടുന്നതിനൊപ്പം അത് സമൂഹത്തിലുണ്ടാക്കുന്ന അപകടം ചെറുതായിരിക്കില്ല.
ചില വ്യക്തികള്ക്ക് ശവശരീരത്തോട് പോലും പ്രത്യേക തരം ലൈംഗികാകര്ഷണം തോന്നിയേക്കുമെന്ന് വായിച്ചിട്ടുണ്ട്. അതൊരു ലൈംഗിക വൈകല്യമാണ്. സാധാരണ ഒരു വ്യക്തിക്ക് അങ്ങനെ തോന്നില്ല. ഇവിടെ ഒരു പെണ് പ്രതിമ അലന്സിയറെ പ്രലോഭിപ്പിക്കുന്നുണ്ടെങ്കില് അല്ലെങ്കില് അതിനെ ഉമ്മവെക്കണമെന്ന് തോന്നുന്നുണ്ടെങ്കില് അതൊരു സ്റ്റിമുലേഷന് ആണ്. ജീവനില്ലാത്ത വസ്തുവിനോട് പോലും സ്റ്റിമുലേഷന് തോന്നുന്ന അലന്സിയറിലെ അപകടത്തെ കാണാതിരിക്കരുത്. തന്റെ തോന്നലുകള് വിളിച്ചുപറയാന് മടിയില്ലാത്ത മാനസികാവസ്ഥയെ തിരുത്തുക തന്നെ വേണം.
അടുത്ത വര്ഷത്തെ അവാര്ഡിനെങ്കിലും പെണ്ണിന്റെ പ്രതിമയ്ക്ക് പകരം പൗരുഷമുള്ള ആണിന്റെ പ്രതിമ വേണമെന്ന് അലന്സിയര് പറയുന്നത് സിനിമയിലെ സ്ത്രീശാക്തീകരണത്തെക്കുറിച്ച് മുഖ്യമന്ത്രി പറഞ്ഞതിന് തൊട്ടുപിന്നാലെയാണ്. സ്ത്രീശാക്തീകരണ പ്രവര്ത്തനത്തെ തകര്ക്കുന്ന, പുരുഷാധിപത്യത്തെ ആഘോഷിക്കുന്ന സിനിമാ കണ്ടന്റിനെ പോലും പ്രോത്സാഹിപ്പിക്കരുതെന്ന് പറയുന്ന വേദിയിലാണ് അലന്സിയര് പച്ചക്ക് സ്ത്രീ വിരുദ്ധത വിളമ്പിയത്.
അത് പറഞ്ഞ് അലന്സിയര് വേദിവിട്ടുവെന്നതിനപ്പുറത്തേക്ക് അതിന് ശേഷം പ്രസംഗിച്ചവരാരും തന്നെ അതിനെ തിരുത്താനോ പറഞ്ഞത് പിന്വലിക്കണമെന്നോ ആവശ്യപ്പെട്ടില്ലായെന്നതാണ് മറ്റൊരു വസ്തുത. പോപ്പുലാരിറ്റിയുടെ പിന്ബലത്തില് അലന്സിയര് നടത്തിയ പ്രസ്താവന തികച്ചും അപലപനീയമാണ് എന്ന് മാത്രമല്ല അതിനെ തിരുത്തിക്കേണ്ട ബാധ്യതയും നമ്മളില് ഉണ്ട്. എത്ര ചായം തേച്ചാലും ഉള്ളിലിരിപ്പ് പുറത്തുചാടും എന്നു പറയുന്നത് പോലെ അലന്സിയറിലെ ആണ് ധാര്ഷ്ട്യത്തിന്റേയും ആണധികാരത്തിന്റേയും മുഖമാണ് പലപ്പോഴായി പുറത്ത് ചാടുന്നത്. ഇതിനെ ബഹിഷ്കരിക്കേണ്ടത് മലയാള സിനിമയുടെ ബാധ്യതയാണ്.