Top

'എനിക്ക് തന്നെ എത്രയോ കേസുകളുണ്ട്?'; കേസുകളിലെ അപൂര്‍വ്വതയൊക്കെ ഓരോരുത്തരുടെ ഭാവനയെന്ന് കെ വിജയകുമാര്‍

ദിലീപിനെതിരെ നടപടിയെടുക്കുമോയെന്ന റിപ്പോര്‍ട്ടര്‍ ടിവിയുടെ ചോദ്യത്തോടായിരുന്നു കെ വിജയകുമാറിന്റെ പ്രതികരണം.

31 March 2022 4:22 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എനിക്ക് തന്നെ എത്രയോ കേസുകളുണ്ട്?; കേസുകളിലെ അപൂര്‍വ്വതയൊക്കെ ഓരോരുത്തരുടെ ഭാവനയെന്ന് കെ വിജയകുമാര്‍
X

കൊച്ചി: ലൈംഗീക അതിക്രമ കേസ് ലഘൂകരിച്ച് കാട്ടിയും പ്രതിയായ ദിലീപിന്റെ ഫിയോക്ക് ഭാരവാഹിത്വം ന്യായീകരിച്ചും സംഘടനയുടെ പ്രസിഡന്റ് കെ വിജയകുമാര്‍. നടി ആക്രമിക്കപ്പെട്ട കേസ് അപൂര്‍വ്വ സംഭവമായി തനിക്ക് തോന്നുന്നില്ലെന്ന് തിയേറ്റര്‍ സംഘടനകളുടെ നേതാവ് പറഞ്ഞു. ദിലീപിനെതിരെ നടപടിയെടുക്കുമോയെന്ന റിപ്പോര്‍ട്ടര്‍ ടിവിയുടെ ചോദ്യത്തോടായിരുന്നു കെ വിജയകുമാറിന്റെ പ്രതികരണം. ഫിയോക് ചെയര്‍മാനായ ദിലീപിനോട് സംഘടനയില്‍ നിന്ന് മാറി നില്‍ക്കാന്‍ അംഗങ്ങളില്‍ ഒരാള്‍ പോലും ആവശ്യപ്പെട്ടിട്ടില്ലെന്ന് വിജയകുമാര്‍ മറുപടി നല്‍കി. ദിലീപിനെ മാറ്റി നിര്‍ത്തേണ്ട സാഹചര്യമില്ലെന്നാണ് ഫിയോക്കിന്റെ വിലയിരുത്തല്‍. തനിക്കെതിരേയും ഫിയോക്ക് ഭാരവാഹികള്‍ക്കെതിരേയും ധാരാളം കേസുകളുണ്ട്. നടി ആക്രമിക്കപ്പെട്ട കേസ് അപൂര്‍വ്വമാണെന്ന് കാണുന്നവര്‍ക്കും പുറത്തുനില്‍ക്കുന്നവര്‍ക്കും തോന്നുന്നതായിരിക്കാം. കേസ് വാദിക്കുന്ന വക്കീലിനോ വിധി എഴുതുന്ന ജഡ്ജിനോ തോന്നുന്നത് നമുക്ക് തോന്നണമെന്നില്ല. ദിലീപിന്റെ കേസുമായി സംഘടനയ്ക്ക് ഒരു ബന്ധവുമില്ലെന്നും കെ വിജയകുമാര്‍ പ്രതികരിച്ചു. കൊച്ചിയില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തിന് ശേഷം വിളിച്ച പത്ര സമ്മേളനത്തിലാണ് ഫിയോക്ക് പ്രസിഡന്റിന്റെ പ്രതികരണം. കെ വിജയകുമാറിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ വിമര്‍ശനം ഉയരുന്നുണ്ട്.

കെ വിജയകുമാര്‍ പറഞ്ഞത്

'അപൂര്‍വ്വമെന്ന് പുറത്തുനില്‍ക്കുന്നവര്‍ക്കോ കാണുന്നവര്‍ക്കോ തോന്നുന്നതായിരിക്കാം. ഓരോരുത്തരും ഭാവനയനുസരിച്ച് ഉണ്ടാക്കുന്നതല്ലേ അപൂര്‍വ്വതയൊക്കെ. അന്വേഷണസംഘത്തിന് എന്തും പറയാം. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ഒരുപാട് കേസുകള്‍ കേരളത്തില്‍ സംഭവിക്കുന്നുണ്ട്. അന്വേഷണ സംഘത്തിന് പലതും പറയാം. അതില്‍ ബന്ധപ്പെട്ട വ്യക്തികള്‍ക്കോ അത് കണ്ടുനില്‍ക്കുന്നവര്‍ക്കോ......ഒരു വക്കീലോ ജഡ്ജിയോ അപൂര്‍വ്വതയില്‍ അപൂര്‍വ്വമെന്ന് പറഞ്ഞതുകൊണ്ട് നമുക്ക് അങ്ങനെ തോന്നണമെന്നുണ്ടോ? നമ്മള്‍ ഒരു കേസുമായി ബന്ധപ്പെടുമ്പോഴേ നമുക്ക് അതിന്റെ ആഴം മനസിലാകൂ. അതൊരു സാധാരണ കേസായി നമുക്ക് തോന്നാം. പക്ഷെ, അത് വാദിക്കുന്ന വക്കീലിനോ വിധി എഴുതുന്നോ ജഡ്ജിനോ അപൂര്‍വ്വമെന്ന് വാദിക്കാന്‍ പറ്റും. നമുക്കത് ഫീല്‍ ചെയ്യണമെന്നില്ല. നമ്മുടെ സംഘടനയുമായി ബന്ധപ്പെട്ട ഒരു കേസല്ല ദിലീപിന്റേത്. കേസ് കേസിന്റെ വഴിക്ക് പോകും. വിധി എന്താണെങ്കിലും അത് അനുസരിക്കാന്‍ അദ്ദേഹം ബാധ്യസ്ഥനാണ്. അദ്ദേഹം അതിന് തയ്യാറാണ്. വിചാരണ നടക്കുന്നതിന് മുന്‍പ് 85 ദിവസം ജയിലില്‍ കിടന്നയാളാണ് അദ്ദേഹം. അദ്ദേഹം അനുസരിക്കുന്നുണ്ട്. കോടതി പറയുന്ന അതേ രീതിയില്‍ പോകുന്നുണ്ട്. കോടതിക്ക് അകത്തുള്ള ഒരു കാര്യത്തേക്കുറിച്ച് കൂടുതല്‍ വ്യാഖ്യാനിച്ച് നമുക്ക് മുന്നോട്ട് പോകേണ്ട കാര്യമില്ല.

അത് (ദിലീപിനെ മാറ്റി നിര്‍ത്തിയത്) അവരുടെ (അമ്മ) മര്യാദ. തിരിച്ചും ആകാം. അവരുടെ വീക്ഷണം അനുസരിച്ചാണ് അത്. ഞങ്ങള്‍ ഞങ്ങളുടെ രീതിയാണ് പറഞ്ഞത്. ഓരോരുത്തര്‍ക്കും ഓരോ സങ്കല്‍പങ്ങളില്ലേ? 'അമ്മ സംഘടന ദിലീപിനെ മാറ്റി നിര്‍ത്തിയത് മര്യാദയാണോ അപമര്യാദയാണോ എന്ന് അവരാണ് തീരുമാനിക്കേണ്ടത്. താരസംഘടന ചെയ്യുന്നതെല്ലാം ഫിയോക്ക് ചെയ്യണമെന്നില്ല. ഫിയോക്കിന് ഫിയോക്കിന്റേതായ ലക്ഷ്യങ്ങളും ലക്ഷ്യബോധവുമുണ്ട്. ഫിയോക്ക് ഫിയോക്കിന്റേതായ രീതിയില്‍ പോകും. ഞങ്ങളുടെ സംഘടനയുമായി ബന്ധപ്പെട്ട ഒരു കേസല്ല അത്. അതുകൊണ്ട് തന്നെ ചെയര്‍മാന്‍ സ്ഥാനം ഒഴിയണമെന്ന് ഞങ്ങളാരും ആവശ്യപ്പെടുകയില്ല. ദിലീപ് മാറി നില്‍ക്കണമെന്ന് പറയേണ്ട കാര്യമെന്താണ്? എനിക്ക് തന്നെ വ്യക്തിപരമായി എത്രയോ കേസുകളുണ്ട്. ഇവിടെയുള്ള ഓഫീസ് ബെയറേഴ്‌സിന് എന്തെല്ലാം കേസുകള്‍ നടക്കുന്നു. അവരെയെല്ലാം പിടിച്ച് സംഘടനയില്‍ നിന്ന് രാജിവെയ്ക്കണമെന്ന് പറയാന്‍ പറ്റുമോ? മാറി നില്‍ക്കണമെന്ന് പറയാന്‍ പറ്റുമോ? പറ്റത്തില്ല.'

Story Highlights: The rarity of the case depends on your imagination feuok president k vijayakumar on actress attacked case

Next Story