Top

ഗ്യാന്‍വാപി കേസില്‍ വിശദമായ വാദം ഇന്ന് ആരംഭിക്കും; വാദം നടക്കുക വാരാണസി ജില്ലാ കോടതിയില്‍

കേസ് പരിഗണിക്കുന്നത് കുറച്ചുകൂടെ മുതിര്‍ന്ന ജഡ്ജിയായിരിക്കണമെന്നും ഇത് കക്ഷികള്‍ക്ക് ഗുണകരമാവുകയേ ഉള്ളൂവെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിരുന്നു

22 May 2022 8:53 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഗ്യാന്‍വാപി കേസില്‍ വിശദമായ വാദം ഇന്ന് ആരംഭിക്കും; വാദം നടക്കുക വാരാണസി ജില്ലാ കോടതിയില്‍
X

ന്യൂഡല്‍ഹി: ഗ്യാന്‍വാപി കേസില്‍ വാരാണസി ജില്ലാ കോടതിയില്‍ ഇന്ന് വിശദമായ വാദം കേള്‍ക്കല്‍ ആരംഭിക്കും. സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരമാണ് കേസ് ജില്ലാ കോടതി പരിഗണിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട കേസ് ഫയലുകള്‍ സിവില്‍ കോടതിയില്‍ നിന്ന് ജില്ലാ കോടതിയിലേക്ക് മാറ്റി. സര്‍വ്വെയ്‌ക്കെതിരെ മെയ് 20 ആം തിയതി മസ്ജിദ് കമ്മിറ്റി നല്കിയ ഹര്‍ജി പരിഗണിക്കവെയാണ് വിചാരണ കോടതി ആദ്യം തീരുമാനിക്കട്ടെയെന്ന് സുപ്രീം കോടതി അറിയിച്ചത്. കേസ് പരിഗണിക്കുന്നത് കുറച്ചുകൂടെ മുതിര്‍ന്ന ജഡ്ജിയായിരിക്കണമെന്നും ഇത് കക്ഷികള്‍ക്ക് ഗുണകരമാവുകയേ ഉള്ളൂവെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. അതേസമയം, സിവില്‍ കോടതി നടപടികള്‍ നിര്‍ത്തിവെക്കാനും സുപ്രീം കോടതി നിര്‍ദ്ദേശവുമുണ്ടായിരുന്നു.

നിലവിലെ കോടതി ഉത്തരവ് നല്കുക, കോടതി നടപടികള്‍ക്കുള്ള സ്റ്റേ തുടരുക, ജില്ല കോടതിക്കു വിടുക എന്നിവയായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡ് മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍. എന്നാല്‍ മൂന്നു നിര്‍ദ്ദേശങ്ങളില്‍ ഒന്നും അംഗീകരിക്കാനാകില്ലെന്നായിരുന്നു മസ്ജിദ് കമ്മിറ്റിയുടെ നിലപാട്. സര്‍വ്വെ കമ്മീഷന്‍ റിപ്പോര്‍ട്ട് ചോര്‍ത്തരുതെന്നും അന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു. മസ്ജിദ് കമ്മിറ്റിയുടെ ഹര്‍ജി ജില്ലാ ജഡ്ജി പരിഗണിക്കുമെന്നും അത് വരെ ശിവലിംഗം കണ്ടെത്തി എന്ന് പറയപ്പെടുന്ന സ്ഥലം സംരക്ഷിക്കണമെന്നും പള്ളിയില്‍ വിശ്വാസികള്‍ക്ക് നമസ്‌കാരം അനുവദിക്കാമെന്നും കോടതി അറിയിച്ചു.

മസ്ജിദില്‍ ശിവലിംഗം കണ്ടെത്തിയെന്ന റിപ്പോര്‍ട്ട് തള്ളിയ മസ്ജിദ് കമ്മിറ്റി കണ്ടത് ജലധാരയെന്നും വാദിച്ചു. ഇതിനെ എതിര്‍ത്ത ഹിന്ദുസ്ത്രീകളുടെ അഭിഭാഷകനോട് പരാതി പരിഗണിക്കാന്‍ നിയമപരമായ വിലക്കുണ്ടായിരുന്നോ എന്നത് ആദ്യം കേള്‍ക്കാന്‍ വിചാരണകോടതിയോട് പറയാമെന്ന് സുപ്രീം കോടതി അറിയിച്ചിരുന്നു.



അതേസമയം ഗ്യാന്‍വാപി മസ്ജിദില്‍ ശിവലിംഗം കണ്ടെത്തിയെന്ന വാദത്തെ സാമൂഹ്യ മാധ്യമത്തില്‍ വിമര്‍ശിച്ചതിന് അറസ്റ്റിലായ അധ്യാപകന് ജാമ്യം ലഭിച്ചു. ഡല്‍ഹി സര്‍വകലാശാലയ്ക്ക് കീഴിലെ ഹിന്ദു കോളേജിലെ ചരിത്ര അധ്യാപകനായ ഡോ.രത്തന്‍ ലാലിന് ഡല്‍ഹി തീസ് ഹസാരി കോടതിയാണ് 50,000 രൂപ കെട്ടിവയ്ക്കണമെന്ന ഉപാധിയില്‍ ജാമ്യം അുവദിച്ചത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 153 എ (മതത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍), 295 എ (മതവികാരങ്ങളെ പ്രകോപിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ള പ്രവൃത്തികള്‍)എന്നിവ പ്രകാരമായാണ് രത്തന്‍ ലാലിനെതിരെ കേസെടുത്തിരുന്നത്. ഇയാളുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് ഡല്‍ഹി സര്‍വകലാശാലയിലെ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ പ്രകടനം നടത്തിയിരുന്നു. എന്നാല്‍ 130 കോടി ജനങ്ങള്‍ക്ക് 130 കോടി നിരീക്ഷണങ്ങള്‍ ഉണ്ടാകുമെന്ന് പറഞ്ഞുകൊണ്ടാണ് രത്തന്‍ ലാലിന് കോടതി ജാമ്യം അനുവദിച്ചത്. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് സുപ്രീം കോടതി അഭിഭാഷകനായ വിനീത് ജിന്‍ഡാല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു രത്തന്‍ ലാലിന്റെ അറസ്റ്റ്.

Story Highlights: Detailed arguments in the Gyanvapi case will begin today; in Varanasi District Court

Next Story