അസം കുടിയൊഴിപ്പിക്കൽ; പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും ഉൾപ്പെടെ കത്തയച്ച് മുസ്ലിം ലീഗ് എംപിമാർ
ഇരകൾക്ക് നീതി ലഭിക്കാൻ ആവശ്യമായത് ചെയ്യുമെന്നും എംപിമാർ വ്യക്തമാക്കി.
26 Sep 2021 11:23 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

അസമിലെ ധോൽപ്പൂരിൽ നടന്ന കുടിയൊഴിപ്പിക്കലിനും പൊലീസ് വെടിവെപ്പിനുമെതിരെ മുസ്ലിം ലീഗ് എംപിമാർ കത്തയച്ചു. രാഷ്ട്രപതി രാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ അരുൺ കുമാർ മിശ്ര എന്നിവർക്കാണ് കത്തയച്ചത്.
ഇടി മുഹമ്മദ് ബഷീർ, എംപിമാരായ പിവി അബ്ദുൾ വഹാബ്, ഡോ എംപി അബ്ദുസ്സമദ് സമദാനി, കെ നവാസ് കനി എന്നിവരാണ് കത്തയച്ചത്.
കുടിയൊഴിപ്പിക്കലിന്റെ പേരിൽ നടപ്പാക്കുന്നത് നരനായാട്ടും കൂട്ടക്കൊലയുമാണ്. ഇത് ഞെട്ടിക്കുന്നതും രാജ്യത്തിന് അപമാനമുണ്ടാക്കുന്നതാണെന്നും എംപിമാർ കത്തിൽ പറയുന്നു. മൃതദേഹത്തോട് അനദരവ് കാണിച്ചത് കടുത്ത മനുഷ്യാവകാശ ലംഘനമാണ്. ഒരു ജീവിയോടും ചെയ്യാൻ പാടില്ലാത്ത ക്രൂരതയാണതെന്നും കത്തിൽ ചൂണ്ടിക്കാട്ടി.
വെടിവെപ്പ് നടത്തിയ പൊലീസുകാരെ നിയമത്തിനു മുന്നിൽ കൊണ്ടു വരണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു. ഒപ്പം ഇരകൾക്ക് നീതി ലഭിക്കാൻ ആവശ്യമായത് ചെയ്യുമെന്നും എംപിമാർ വ്യക്തമാക്കി.