Top

'എം പിമാർ ഓട് പൊളിച്ചു കയറി വന്നവരല്ല'; സല്ല്യൂട്ട് വിവാദത്തില്‍ സുരേഷ് ഗോപിയെ പിന്തുണച്ച് കെ മുരളീധരന്‍

21 Sep 2021 1:24 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എം പിമാർ ഓട് പൊളിച്ചു കയറി വന്നവരല്ല;  സല്ല്യൂട്ട് വിവാദത്തില്‍ സുരേഷ് ഗോപിയെ പിന്തുണച്ച് കെ മുരളീധരന്‍
X

സല്യൂട്ട് വിവാദത്തിൽ സുരേഷ് ഗോപിയെ പിന്തുണച്ച് കെ മുരളീധരൻ എം പി. എം പിമാർക്ക് സല്യൂട്ട് അവകാശപെട്ടതാണെന്ന് കെ മുരളീധരൻ പറഞ്ഞു. എം പിമാർ ഓട് പൊളിച്ചു കയറി വന്നവരല്ല. ഡിജിപിമാർക്കും എസ് പിമാർക്കും വരെ പൊലീസ് സല്യൂട്ട് ഉണ്ട്. അവർക്ക് ആവാമെങ്കിൽ എന്തുകൊണ്ട് എംപിമാർക്ക് സല്യൂട്ട് നൽകിക്കൂടെന്നും കെ മുരളീധരന്‍ എം പി ചോദിച്ചു.

സല്ല്യൂട്ട് വിവാദത്തില്‍ സുരേഷ് ഗോപിയെ പരിഹസിച്ച് പത്മജ വേണുഗോപാല്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വിഷയത്തില്‍ സുരേഷ് ഗോപിക്ക് പിന്തുണയറിച്ച് മുരളീധരന്‍റെ പ്രതികരണം. അര്‍ഹിക്കാത്തത് അധികാരം ഉപയോഗിച്ച് വാങ്ങുന്നതിനെ എന്ത് പറയണം എന്ന കുറിപ്പോടെയായിരുന്നു പത്മജയുടെ വിമർശനം. കുട്ടനാട്ടിലെ കര്‍ഷകരുടെ പ്രതിസന്ധി ഉയര്‍ത്തിക്കാണിച്ചതിനെതിരെയാണ് പത്മജ രംഗത്തെത്തിയത്. ദേശീയതലത്തില്‍ കര്‍ഷക പ്രക്ഷോഭം ആളിപ്പടരുമ്പോള്‍ അവിടെ പ്രതികരിക്കാത്തവരാണോ ഇവിടെ പ്രതികരിക്കുന്നത് എന്നായിരുന്നു പത്മജയുടെ ചോദ്യം.

'കുറെ കര്‍ഷകര്‍ സമരം തുടങ്ങിയിട്ട് മാസങ്ങളായി, അവരോടെന്നും ഇല്ലാത്ത കര്‍ഷകസ്നേഹം തൃശ്ശൂരില്‍ വന്ന് വിളിച്ചു പറയുന്നതിന്റെ ഉദ്ദേശം ബുദ്ധിയുള്ളവര്‍ക്ക് മനസ്സിലാക്കാം. എംപിക്ക് പൊലീസ് സ്റ്റാന്റിംഗ് ഓര്‍ഡര്‍ പ്രകാരം സല്യൂട്ട് ഇല്ല. അര്‍ഹിക്കാത്തത് അധികാരം ഉപയോഗിച്ച് വാങ്ങി എടുക്കുന്നതിനെ എന്ത് പറയണം. ' കുട്ടനാട്ടിലെ കര്‍ഷകര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെകുറിച്ച് കഴിഞ്ഞ ദിവസം സുരേഷ് ഗോപി നടത്തിയ പ്രതികരണത്തെ ചൂണ്ടിക്കാട്ടിയായിരുന്നു പത്മജയുടെ വിമർശനം. കൃഷിയിടത്തിലേക്ക് ഓരുവെള്ളം കയറി പതിനായിരക്കണക്കിന് ഹെക്ടര്‍ നെല്ലാണ് കര്‍ഷകര്‍ കത്തിച്ചു കളഞ്ഞതെന്നും എംപി എന്ന നിലയില്‍ അവര്‍ക്ക് എത്തിച്ചുനല്‍കിയ സഹായങ്ങളൊന്നും ആരും പ്രചരിപ്പിച്ചിട്ടില്ലെന്നുമായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. ഇതെല്ലാം തള്ളാണെന്ന് പറഞ്ഞു നടക്കുന്നവരുടെ വായിലേക്ക് തെളിവുകള്‍ തള്ളികൊടുക്കാമെന്നും സുരേഷ് ഗോപി പ്രകോപിതനായികൊണ്ട് പറഞ്ഞിരുന്നു. അതിനെതിരെയായിരുന്നു പത്മജ രംഗത്തെത്തിയത്.

സുരേഷ് ഗോപി അന്ന് പറഞ്ഞത്- എല്ലാം ചെയ്യാം, എല്ലാം ചെയ്യാന്‍ പണവുമുണ്ട്, ചെയ്യാന്‍ സമ്മതിക്കണ്ടേ, കുട്ടനാട്ടില്‍ ഓരു വെള്ളം കയറി കര്‍ഷകര്‍ പതിനായിരക്കണക്കിന് ഹെക്ടര്‍ നെല്ലാണ് കത്തിച്ചു കളഞ്ഞതെന്നും എം പി എന്ന നിലക്ക് ചെയ്യാന്‍ പറ്റുന്നതെല്ലാം ചെയ്യുന്നുണ്ട് അത് നിങ്ങളാരും പ്രചരിച്ചിപ്പിച്ചിട്ടില്ല. ഇപ്പോള്‍ ചില പന്നമ്മാര് തള്ളാണെന്ന് പറഞ്ഞു നടക്കുന്നുണ്ടാവും എന്നാല്‍ അതിനെല്ലാം രേഖകളും തെളിവുകളുമുണ്ട് വന്നാല്‍ അവരുടെ വായിലേക്ക് തള്ളിക്കൊടുക്കാം എന്ന് അദ്ദേഹം തൃശ്ശൂരില്‍ പറഞ്ഞു.

Popular Stories

    Next Story