Top

അഗ്നിപഥ് ; ഏഴര ലക്ഷം അപേക്ഷകള്‍ എയര്‍ ഫോഴ്‌സിന്

കഴിഞ്ഞ തവണ 6,31,528 അപേക്ഷകള്‍ ആയിരുന്നു ലഭിച്ചത്. ഇത്തവണ അത് 7,49,899 ആയി ഉയര്‍ന്നു.

6 July 2022 7:48 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അഗ്നിപഥ് ; ഏഴര ലക്ഷം അപേക്ഷകള്‍ എയര്‍ ഫോഴ്‌സിന്
X

ന്യൂഡല്‍ഹി: അഗ്നിപഥ് പദ്ധതിക്ക് കീഴില്‍ ഏഴര ലക്ഷം അപേക്ഷകള്‍ ലഭിച്ചതായി ഇന്ത്യന്‍ എയര്‍ ഫോഴ്‌സ് (ഐഎഎഫ്) അറിയിച്ചു. പദ്ധതിയുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ ജൂണ്‍ 24 ന് ആരംഭിച്ച് ചൊവ്വാഴ്ച്ച അവസാനിച്ചിരുന്നു. ജൂണ്‍ 14 ന് പദ്ധതി പ്രഖ്യാപിച്ച ശേഷം അതിനെതിരായി അക്രമാസക്തമായ പ്രതിഷേധങ്ങളാണ് പല സംസ്ഥാനങ്ങളിലും നടന്നത്. വിവിധ പ്രതിപക്ഷ പാര്‍ട്ടികള്‍ പദ്ധതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

"അഗ്നിപഥ് റിക്രൂട്ട്‌മെന്റ് പദ്ധതിയിലേക്ക് നടത്തിയ ഓണ്‍ലൈന്‍ രജിസ്‌ട്രേന്‍ പ്രക്രിയ പൂര്‍ത്തിയായി" - ഐഎഎഫ് ട്വിറ്ററി‍ല്‍ അറിയിച്ചു. മുന്‍കാലങ്ങളിലെ അപേക്ഷകളെ അപേക്ഷിച്ച് ഏറ്റവും ഉയര്‍ന്ന കണക്കാണ് ഇത്തവണത്തേത്. കഴിഞ്ഞ തവണ 6,31,528 അപേക്ഷകള്‍ ആയിരുന്നു ലഭിച്ചത്. ഇത്തവണ അത് 7,49,899 ആയി ഉയര്‍ന്നു.

അഗ്നിപഥ് പദ്ധതി പ്രകാരം 17 നും 21 നും ഇടയില്‍ പ്രായമുള്ളവരെ നാല് വര്‍ഷത്തേക്ക് സായുധ സേനയില്‍ ഉള്‍പ്പെടുത്തുകയും അവരില്‍ 25 ശതമാനം പേരെ പിന്നീട് സ്ഥിരമായ സേവവനത്തിനായി ഉള്‍പ്പെടുത്തുകയും ചെയ്യും. പ്രതിഷേധേങ്ങളെ തുടര്‍ന്ന് സര്‍ക്കാര്‍ ജൂണ്‍ 16 ന് ഉയര്‍ന്ന പ്രായപരിധി 21-ല്‍ നിന്ന് 23-ലേക്ക് ഉയര്‍ത്തി. വിരമിച്ചു വരുന്ന അഗ്നിവീറുകള്‍ക്ക് പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ മുന്‍ഗണന നല്‍കും.

അഗ്നിപഥ് പദ്ധതിക്ക് കീഴില്‍ സായുധ സേനയില്‍ ഉള്‍പ്പെടുത്തിയ സൈനികര്‍ക്ക് സംസ്ഥാന പൊലീസ് സേനയിലെ റിക്രൂട്ട്‌മെന്റുകളില്‍ മുന്‍ഗണന നല്‍കുമെന്നും ബിജെപി ഭരിക്കുന്ന പല സംസ്ഥാനങ്ങളും പ്രഖ്യാപിച്ചു. അതേ സമയം പദ്ധതിക്കെതിരെ അക്രമാസക്തമായ പ്രതിഷേധങ്ങളില്‍ ഏര്‍പ്പെട്ടവരെ ഉള്‍പ്പെടുത്തില്ലെന്ന് അറിയിച്ചിരുന്നു.


Story highlights: IAF recieves 7.5 lakh applications under agnipath scheme

Next Story