Top

'വഴി തെറ്റി ചെന്നാല്‍ പോലും ഗോവയില്‍ കയറ്റില്ല'; കെ സ്വിഫ്റ്റിനെതിരെ വാര്‍ത്ത പടച്ചുവിടുന്നത് ചില തല്‍പര കക്ഷികളെന്ന് ഗതാഗതമന്ത്രി

നേരത്തെ സ്വിഫ്റ്റിനുണ്ടായ ചെറിയ അപകടങ്ങള്‍ പര്‍വതീകരിച്ച് പ്രചരിപ്പിക്കുന്ന രീതി ചില കേന്ദ്രങ്ങളില്‍ നിന്നുണ്ടായെന്ന് മന്ത്രി

16 May 2022 1:53 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വഴി തെറ്റി ചെന്നാല്‍ പോലും ഗോവയില്‍ കയറ്റില്ല; കെ സ്വിഫ്റ്റിനെതിരെ വാര്‍ത്ത പടച്ചുവിടുന്നത് ചില തല്‍പര കക്ഷികളെന്ന് ഗതാഗതമന്ത്രി
X

തിരുവനന്തപുരം: കെഎസ്ആര്‍ടിസി സ്വിഫ്റ്റിനെതിരെ ദുരുദ്ദേശപരമായി വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നെന്ന് ഗതാഗഗതമന്ത്രി ആന്റണി രാജു. മൂകാംബികക്ക് പോയ സ്വിഫ്റ്റ് ബസ് വഴി തെറ്റി യാത്രക്കാരെ ഗോവയിലെത്തിച്ചെന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഗതാഗതമന്ത്രിയുടെ പ്രതികരണം. നേരത്തെ സ്വിഫ്റ്റിനുണ്ടായ ചെറിയ അപകടങ്ങള്‍ പര്‍വതീകരിച്ച് പ്രചരിപ്പിക്കുന്ന രീതി ചില കേന്ദ്രങ്ങളില്‍ നിന്നുണ്ടായെന്ന് മന്ത്രി പറഞ്ഞു. ചുരുങ്ങിയ കാലം കൊണ്ട് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് നേടിയ ജനപ്രീതിയെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് ചില തല്‍പര കക്ഷികള്‍ ഇത്തരം വാര്‍ത്തകള്‍ പടച്ചുവിടുന്നത്. കുറഞ്ഞ നിരക്കും യാത്രാ സൗകര്യവും മാന്യമായ പെരുമാറ്റവും കൊണ്ട് ചുരുങ്ങിയ കാലം കൊണ്ടു തന്നെ സ്വിഫ്റ്റ് യാത്രക്കാരുടെ ഇടയില്‍ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഇതു മൂലം ബുദ്ധിമുട്ടിലായ ചില തല്‍പരകക്ഷികളാണ് ഇത്തരം വാര്‍ത്തകള്‍ക്ക് പിന്നില്‍ എന്ന് സംശയമുണ്ടെന്നും ആന്റണി രാജു ഫേസ്ബുക്കില്‍ കുറിച്ചു.


ഗതാഗതമന്ത്രിയുടെ കുറിപ്പ്

'അവസാനം വന്ന വാര്‍ത്തയാണ് മൂകാംബികക്ക് പോയ സ്വിഫ്റ്റ് ബസ് വഴിതെറ്റി ഗോവയില്‍ എത്തി എന്നത്. എന്നാല്‍ വിശദമായ അന്വേഷണത്തില്‍ ബസ്സിന് ദിശമാറിയിട്ടില്ലെന്ന് അധികൃതര്‍ കണ്ടെത്തി. മേയ് മാസം 8ന് തിരുവനന്തപുരത്ത് നിന്നും മൂകാംബിക സര്‍വ്വീസ് നടത്തിയ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് വഴി തെറ്റി അലഞ്ഞുവെന്ന തരത്തിലായിരുന്നു മാധ്യമ വാര്‍ത്തകള്‍. വിജിലന്‍സ് അന്വേഷണത്തില്‍ ഇത് തികച്ചും തെറ്റാണെന്ന് കണ്ടെത്തി.

വാര്‍ത്തയില്‍ വന്നത് പോലെ നിലവില്‍ തിരുവനന്തപുരത്ത് നിന്നും മൂകാംബികയിലെക്ക് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് സര്‍വ്വീസ് നടത്തുന്നില്ല. കെഎസ്ആര്‍ടിസി സ്വിഫ്റ്റിന്റെ എയര്‍ ഡീലക്‌സ് ബസുകള്‍ എറണാകുളത്ത് നിന്നും, കൊട്ടാരക്കരയില്‍ നിന്നുമാണ് കൊല്ലൂരിലേക്ക് സര്‍വ്വീസ് നടത്തുന്നത്. വാര്‍ത്തകള്‍ പ്രചരിച്ചതിന്റെ അടിസ്ഥാനത്തില്‍ അന്വേഷിക്കാന്‍ നിര്‍ദേശിച്ചിരുന്നു. കെഎസ്ആര്‍ടിസി സിഎംഡി യുടെ നിര്‍ദ്ദേശപ്രകാരം വിജിലന്‍സ് ഓഫീസര്‍ നടത്തിയ അന്വേഷണത്തില്‍ മേയ് 8ന് കൊട്ടരക്കരക്കയില്‍ നിന്നുള്ള സര്‍വ്വീസിലേയും, എറണാകുളത്ത് നിന്നുള്ള സര്‍വ്വീസിലേയും യാത്രക്കാരെ ഫോണില്‍ വിളിച്ച് വിവരങ്ങള്‍ ശേഖരിച്ചതിന്റെ അടിസ്ഥാനത്തില്‍ ബസ് റൂട്ട് മാറി സര്‍വ്വീസ് നടത്തിയില്ലെന്നും, യാത്ര സുഖകരമാണെന്നുമാണ് അറിയിച്ചത്. കൂടാതെ ആ സര്‍വ്വീസുകളില്‍ ട്രെയിനിംഗ് നല്‍കുന്നതിന് ചുമതലയുണ്ടായിരുന്ന ഇന്‍സ്‌പെക്ടര്‍മാര്‍ നല്‍കിയ റിപ്പോര്‍ട്ടും ബസ് വഴി മാറി സഞ്ചരിച്ചില്ലെന്നാണ്. കൂടാതെ ബസുകളുടെ 7, 8, 9, 10 തീയതികളിലെ ലോഗ് ഷീറ്റ് പരിശോധിച്ചപ്പോഴും സ്ഥിരം ഓടുന്ന ദൂരം മാത്രമേ ബസുകള്‍ സര്‍വ്വീസ് നടത്തിയിട്ടുള്ളൂവെന്നും കണ്ടെത്തി. കൂടാതെ ബസ് ദിശമാറി സഞ്ചരിച്ചുവെന്ന യാത്രക്കാരുടെ പരാതിയും വിജിലന്‍സ് വിഭാഗത്തിന് ലഭിച്ചതുമില്ല. തുടര്‍ന്നാണ് ലഭ്യമായ രേഖകളുടേയും മൊഴികളുടേയും അടിസ്ഥാനത്തില്‍ പത്ര നവമാധ്യമങ്ങളില്‍ വന്നത് പോലെ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് ദിശമാറി ഗോവയിലേക്ക് സര്‍വ്വീസ് നടത്തിയിട്ടില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസുകള്‍ അന്തര്‍ സംസ്ഥാന കരാറിന്റെ അടിസ്ഥാനത്തിലാണ് കര്‍ണ്ണാടകത്തിലേക്ക് സര്‍വ്വീസ് നടത്തുന്നത്. അത്തരം ഒരു കരാര്‍ ഗോവയുമായി കെഎസ്ആര്‍ടിസി ഏര്‍പ്പെട്ടിട്ടുമില്ല. ഗോവയിലേക്ക് സര്‍വ്വീസ് നടത്തണമെങ്കില്‍ പ്രത്യേക പെര്‍മിറ്റ് എടുക്കണം. അഥവാ വഴിതെറ്റി ഗോവയിലേക്ക് പോയാല്‍ പോലും പെര്‍മിറ്റ് ഇല്ലാതെ ഗോവയിലേക്ക് കടത്തി വിടില്ല. ഇത്തരം അടിസ്ഥാന വിവരങ്ങള്‍ പോലും ഇല്ലാത്തവരാണ് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്. ഏതായാലും കെഎസ്ആര്‍ടിസി സിഫ്റ്റ് കൂടുതല്‍ ജനപ്രീതിയോടെ കൂടുതല്‍ വരുമാനംനേടി മുന്നേറുകയാണ്.'

Story Highlights : 'Even if you get lost, you will not get into Goa'; The Transport Minister said that some interested parties are spreading the news against K Swift

Next Story