ബോളിവുഡിലെ ആമിർ ഖാൻ ഉൾപ്പെടെയുള്ള പലതാരങ്ങളും നടത്തുന്ന ട്രാൻഫോർമേഷനുകൾ ആരാധകരെ ഞെട്ടിക്കാറുണ്ട്. കേരളത്തിൽ കഥാപാത്രസൃഷ്ടിക്കായി അങ്ങനെ ട്രാൻസ്ഫോർമേഷനുകൾ നടത്തുന്ന നടൻമാർ കുറവാണെങ്കിലും നടൻ ഉണ്ണി മുകുന്ദൻ വേറിട്ട് നിൽക്കുകയാണ്. മാളികപ്പുറം എന്ന ചിത്രത്തിൽ അല്പം വയറൊക്കെ ചാടിയ ആ ശരീരപ്രകൃതിയിൽ നിന്ന് മാർക്കോയിലൂടെ മാസ് ലുക്കിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ഉണ്ണി മുകുന്ദൻ.
30 കോടിയോളം ബഡ്ജറ്റിൽ ഷൂട്ട് പൂർത്തീകരിച്ച ചിത്രമാണ് മാർക്കോ. ക്യൂബസ് ഇന്റർനാഷണൽ കമ്പനിയുടെ ക്യൂബസ് എന്റർടൈൻമെന്റിന്റെ ബാനറിൽ ഷരീഫ് മുഹമ്മദും, ഉണ്ണിമുകുന്ദൻ ഫിലിംസും ചേർന്നാണ് മാർക്കോ നിർമ്മിച്ചിരിക്കുന്നത്. തങ്ങളുടെ ആദ്യ സിനിമയിൽ തന്നെ ഇത്രത്തോളം ബഡ്ജറ്റ് ഒരു പ്രൊഡക്ഷൻ ഹൌസ് ഇൻവെസ്റ്റ് ചെയ്യണമെങ്കിൽ മാർക്കോ എന്ന് ചിത്രത്തിനോടുള്ള ടീമിന്റെ പ്രതീക്ഷ ഒട്ടും ചെറുതല്ല.
മാർക്കോയുടെതായി ഇതിനോടകം ഇറങ്ങിയ എല്ലാ അപ്ഡേറ്റുകളും ആരാധകർക്ക് പ്രതീക്ഷ നൽകുന്നതാണ്. അടിയും ഇടിയും വയലൻസും നിറഞ്ഞ ചിത്രം ആരാധകരെ രസിപ്പിക്കുമെന്ന് ഉണ്ണി മുകുന്ദൻ ഒരു അഭിമുഖത്തിൽ നേരത്തെ പറഞ്ഞിരുന്നു. കലയ്കിങ്സൺ ആണ് ചിത്രത്തിന്റെ ആക്ഷൻ ഡയറക്ടർ. 100 ദിവസത്തോളം നീണ്ട ഷൂട്ടിൽ 60 ദിവസത്തോളം വേണ്ടിവന്നു, ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കാൻ.
നിലവിൽ മലയാളത്തിലെ ഏറ്റവും വലിയ ആക്ഷൻ സിനിമയിലെ ഭാഗങ്ങൾ ചേർത്ത് വേറിട്ട ഒരു ആക്ഷൻ കൊറിയോഗ്രഫി ഈ സിനിമയിൽ കാണാൻ കഴിയുമെന്നാണ് ആരാധകർ പറയുന്നത്. ‘കെ.ജി.എഫ്’, ‘സലാർ’ എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂർ സംഗീതം പകരുന്ന ആദ്യ മലയാള സിനിമ എന്ന സവിശേഷതയും ചിത്രത്തിനുണ്ട്.