മലയാളത്തിന് ഇത് റീറിലീസുകളുടെ കാലമാണ്. മികച്ച വിജയം നേടിക്കൊണ്ട് പ്രദർശനം തുടരുന്ന മോഹൻലാൽ ചിത്രം 'ദേവദൂതന്' പിന്നാലെ മറ്റൊരു എപ്പിക് സൈക്കോളജിക്കൽ ഹൊറർ ചിത്രം കൂടിയെത്തുകയാണ്. മലായളത്തിന്റ പ്രിയപ്പെട്ട സംവിധായകരും ലെജൻഡറി താരങ്ങളും അണിനിരന്ന 'മണിച്ചിത്രത്താഴ്' വീണ്ടും തിയേറ്ററുകളിൽ കാണാൻ സാധിക്കുന്നതിന്റെ ആഹ്ലാദത്തിലാണ് പ്രേക്ഷകരും.
സിനിമയുടെ റിലീസിനോടനുബന്ധിച്ച് കഴിഞ്ഞ ദിവസം പുറത്തിറക്കിയ കുതിരവട്ടം പപ്പുവിന്റെ പോസ്റ്ററും ശ്രദ്ധേയമായിരുന്നു. കാട്ടുപറമ്പൻ എന്ന കഥാപാത്രത്തെ അനശ്വരമാക്കിയ പപ്പുവിന്റെ കഥാപാത്രത്തെ ഓർക്കുകയാണ് അദ്ദേഹത്തിന്റെ മകനും നടനുമായ ബിനു പപ്പു. പപ്പുവിന്റെ ക്യാരക്ടർ പോസ്റ്റർ പങ്കുവെച്ചുകൊണ്ടാണ് പപ്പുവിനെ കുറിച്ചും മൺമറഞ്ഞുപൊയ മലയാളത്തിന്റെ അഭിമാന താരങ്ങളെ കുറിച്ചും ബിനു കുറിച്ചത്.
അച്ഛൻ മരിച്ച് 24 വർഷങ്ങൾക്ക് ശേഷം അച്ഛൻ അഭിനയിച്ച ഒരു സിനിമ വീണ്ടും റിലീസ് ചെയ്യുമ്പോൾ അതിൻ്റെ ക്യാരക്ടർ പോസ്റ്റർ ഷെയർ ചെയ്യാൻ പറ്റുന്നു എന്നത് എന്നെ സംബന്ധിച്ച് ഒരുപാട് അഭിമാനവും, സന്തോഷവും നൽകുന്ന കാര്യമാണ്. സിനിമയുടെ സൗന്ദര്യവും, ശക്തിയും അതിലുപരി മാന്ത്രികതയും ഇതാണ്, കാലങ്ങൾക്ക് മുന്നേ നമ്മളെ ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും, കണ്ണ് നിറയിക്കുകയും ചെയ്ത് മറഞ്ഞു പോയ അച്ഛനേപ്പോലെ തന്നെയുള്ള മറ്റു കലാകാരന്മാർ എല്ലാവരും ഓരോ ദിവസവും നമുക്ക് മുന്നിൽ വന്നു കൊണ്ടേയിരിക്കും. കലാകാരൻമാർക്ക് മരണമില്ല. ഓരോ ദിവസവും ഓരോ കഥാപാത്രങ്ങളായി, ചിരിപ്പിച്ചും , ചിന്തിപ്പിച്ചും സിനിമ അവരെ ഓർമപ്പെടുത്തി കൊണ്ടേയിരിക്കും. ബിനു പപ്പു കുറിച്ചു.
4കെ ദൃശ്യമികവോടെയാണ് 'മണിച്ചിത്രത്താഴ്' വീണ്ടും തിയേറ്ററുകളിലെത്തുന്നത്. ഫാസിലിന്റെ സംവിധാനത്തിൽ സത്യൻ അന്തക്കാടും പ്രിയദർശനും സിദ്ദിഖ്-ലാലും ഒന്നിച്ചൊരുക്കി മോഹൻലാൽ, സുരേഷ് ഗോപി, ശോഭന, കെപിഎസി ലളിത, ഇന്നസെന്റ്, നെടുമുടി വേണു, കുതിരവട്ടം പപ്പു, തിലകൻ തുടങ്ങിയ വൻ താരനിര അണിനിരന്ന സിനിമ, ഇന്ത്യൻ സിനിമയിലെ തന്നെ എക്കാലത്തെയും മികച്ച ഹൊറർ ചിത്രങ്ങളുടെ പട്ടികയിലുണ്ട്. ഓഗസ്റ്റ് 17-നാണ് ചിത്രം റിലീസിനെത്തുന്നത്.