'ബുദ്ധിജീവികളുടെ അഭിപ്രായം നമുക്ക് വേണ്ട'; ഇന്ത്യൻ 2 നെഗറ്റീവ് റിവ്യൂകള്‍ക്കെതിരെ ബോബി സിംഹ; വിമർശനം

നടന്റെ പ്രതികരണത്തിനെതിരെ സമൂഹ മാധ്യമങ്ങളിൽ കടുത്ത വിമർശനമാണ് ഉയരുന്നത്

dot image

സിനിമാ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ശങ്കർ-കമൽഹാസൻ ടീമിന്റെ ഇന്ത്യൻ 2. എന്നാൽ സിനിമയ്ക്ക് ആദ്യദിനം മുതൽ സമ്മിശ്ര പ്രതികരണം മാത്രമാണ് നേടാനായത്. സിനിമയ്‌ക്കെതിരെ പല കോണുകളിൽ നിന്നും വിമർശനങ്ങളും ഉയർന്നു. ഈ നെഗറ്റീവ് റിവ്യൂകള്‍ക്കെതിരായ നടൻ ബോബി സിംഹയുടെ പ്രതികരണമാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.

'ബുദ്ധിയുള്ളവര്‍ ആണെന്നാണ് എല്ലാവരും സ്വയം കരുതുന്നത്. നല്ലകാര്യങ്ങളെക്കുറിച്ച് നല്ലത് പറഞ്ഞാല്‍ മറ്റുള്ളവര്‍ തങ്ങളെ ബുദ്ധിയില്ലാത്തവരെന്ന് വിലയിരുത്തും എന്ന് വിചാരിക്കുന്നു. അത്തരം ബുദ്ധിജീവികളെ നമുക്ക് ആവശ്യമില്ല. പ്രേക്ഷകരെയാണ് ആവശ്യം,' എന്നായിരുന്നു ബോബി സിംഹ പറഞ്ഞത്. ഒരു ഓൺലൈൻ പ്ലാറ്റ്ഫോമിന് നൽകിയ അഭിമുഖത്തിലാണ് നെഗറ്റീവ് റിവ്യൂകള്‍ക്കെതിരെ നടൻ പ്രതികരിച്ചത്.

നടന്റെ പ്രതികരണത്തിനെതിരെ സമൂഹ മാധ്യമങ്ങളിൽ കടുത്ത വിമർശനമാണ് ഉയരുന്നത്. 'പ്രേക്ഷകരെ കുറ്റപ്പെടുത്തുന്നതിനുപകരം, സിനിമയിലെ പിഴവുകൾ തിരിച്ചറിഞ്ഞ് പ്രേക്ഷകരെ രസിപ്പിക്കുന്ന സിനിമകൾ ചെയ്യൂ', 'ഇന്ത്യൻ 2 ലെ അത്യുഗ്രൻ പ്രകടനം ഒന്ന് റീവാച്ച് ചെയ്ത ശേഷം പ്രതികരിക്കുക' എന്നിങ്ങനെ പോകുന്നു നടന്റെ വാക്കുകൾക്കെതിരെ സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങൾ.

ചിത്രത്തിൽ പ്രമോദ് കൃഷ്ണസ്വാമി എന്ന സുപ്രധാന കഥാപാത്രത്തെയാണ് ബോബി സിംഹ അവതരിപ്പിച്ചത്. ഇന്ത്യൻ മൂന്നാം ഭാഗത്തിലും നടൻ ഭാഗമാണ്. കമൽഹാസനും ബോബി സിംഹയ്ക്കും പുറമെ എസ് ജെ സൂര്യ, വിവേക്, സാക്കിര്‍ ഹുസൈൻ, ജയപ്രകാശ്, ജഗൻ, ഡല്‍ഹി ഗണേഷ്, സമുദ്രക്കനി, നിഴല്‍ഗള്‍ രവി, ജോര്‍ജ് മര്യൻ, വിനോദ് സാഗര്‍, പ്രിയ ഭവാനി ശങ്കര്‍, രാകുല്‍ പ്രീത് സിംഗ്, ബ്രഹ്‍മാനന്ദം തുടങ്ങി വലിയൊരു താരനിര തന്നെയാണ് ഭാഗമായിരിക്കുന്നത്.

dot image
To advertise here,contact us
dot image