'സിനിമയുടെ യഥാര്‍ഥ സന്തോഷം കംഫര്‍ട്ട് സോണുകള്‍ക്ക് പുറത്ത്'; 'വാലിബനെ' പ്രശംസിച്ച് സന്തോഷ് തുണ്ടിയിൽ

'മോഹന്‍ലാലിന്‍റെ പ്രകടനം അകിര കുറൊസാവ ചിത്രങ്ങളിലെ നടനായ തോഷിറോ മിഫ്യൂണിനെ അനുസ്മരിപ്പിക്കുന്നുണ്ട്. ആക്ഷന്‍ രംഗങ്ങളില്‍ അദ്ദേഹം കാട്ടിയിരിക്കുന്ന അനായാസത സിനിമയില്‍ അപൂര്‍വ്വം'
'സിനിമയുടെ യഥാര്‍ഥ സന്തോഷം കംഫര്‍ട്ട് സോണുകള്‍ക്ക് പുറത്ത്'; 'വാലിബനെ' പ്രശംസിച്ച് സന്തോഷ് തുണ്ടിയിൽ

മലൈക്കോട്ടൈ വാലിബനെ പ്രശംസിച്ച് പ്രശസ്ത ഛായാഗ്രാഹകൻ സന്തോഷ് തുണ്ടിയിൽ. ചിത്രത്തെ ഒരു സിനിമാറ്റിക് മാസ്റ്റർപീസ് എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. സിനിമ നല്‍കുന്ന യഥാര്‍ഥ സന്തോഷം പ്രേക്ഷകരുടെ കംഫര്‍ട്ട് സോണുകള്‍ക്ക് പുറത്താണെന്നും അതിലേയ്ക്ക് വളരാനും സന്തോഷ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

മോഹന്‍ലാലിന്‍റെ പ്രകടനം കുറൊസാവ ചിത്രങ്ങളിലെ നടനായ തോഷിറോ മിഫ്യൂണിനെ അനുസ്മരിപ്പിക്കുന്നതണെന്നും സന്തോഷ് തുണ്ടിയിൽ അഭിപ്രായപ്പെട്ടു. ലിജോ ജോസ് പെല്ലിശ്ശേരി ചിത്രങ്ങള്‍ പ്രേക്ഷകരെ അതിന്‍റേതു മാത്രമായ ഒരു സവിശേഷ ലോകത്തേക്കാണ് കൂട്ടിക്കൊണ്ടുപോകുന്നതെന്നും ആ ചലച്ചിത്ര അനുഭവത്തിനായി ഒരുങ്ങാനും അദ്ദേഹം പ്രേക്ഷകരോട് പറയുന്നു.

'മലൈക്കോട്ടൈ വാലിബന്‍ ഒരു സിനിമാറ്റിക് മാസ്റ്റർപീസാണ്. ദൃശ്യങ്ങൾ, നാടകം, കവിത എന്നിവയുടെ ഒരു സിംഫണി. കുറൊസാവയുടെയും റഷ്യന്‍, കിഴക്കന്‍ യൂറോപ്യന്‍ സിനിമകളുടെയും ഷോലെയുടെയുമൊക്കെ ഛായ ഈ സിനിമയില്‍ യാദൃശ്ചികമായി വന്നതല്ല. മലയാള സിനിമാ പ്രേമികൾ എന്ന നിലയില്‍ നമുക്ക് പരിചിതമായവയിൽ നിന്ന് വിട്ടുള്ള അതിന്റെ അന്താരാഷ്ട്ര മേന്മ മനസിലാക്കണം. വിമര്‍ശനങ്ങള്‍ക്ക് പകരം, അതിരുകളെ മറികടക്കാന്‍ ധൈര്യം കാട്ടുന്ന സംവിധായകരെയും നിര്‍മ്മാതാക്കളെയും സാങ്കേതിക പ്രവര്‍ത്തകരെയും അഭിനേതാക്കളെയും പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്.

ലിജോ ജോസ് പെല്ലിശ്ശേരി ചിത്രങ്ങള്‍ പ്രേക്ഷകരെ അതിന്‍റേതു മാത്രമായ ഒരു സവിശേഷ ലോകത്തേക്കാണ് കൂട്ടിക്കൊണ്ടുപോകുന്നത്. മോഹന്‍ലാലിന്‍റെ പ്രകടനം കുറൊസാവ ചിത്രങ്ങളിലെ നടനായ തോഷിറോ മിഫ്യൂണിനെ അനുസ്മരിപ്പിക്കുന്നുണ്ട്. ചിത്രത്തെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുന്നു അത്. ആക്ഷന്‍ രംഗങ്ങളില്‍ അദ്ദേഹം കാട്ടിയിരിക്കുന്ന അനായാസത സിനിമയില്‍ അപൂര്‍വ്വമാണ്. ഛായാഗ്രഹണത്തിലും പ്രൊഡക്ഷന്‍ ഡിസൈനിലും വസ്ത്രാലങ്കാരത്തിലും സംഗീതത്തിലും വലിയ മികവുപുലർത്തുകയാണ് ചിത്രം. സിനിമയില്‍ പരിചിതത്വങ്ങൾക്ക് വേണ്ടിയാകും നമ്മുടെ മനസുകള്‍ എപ്പോഴും കൊതിക്കുക, പക്ഷേ സിനിമ നല്‍കുന്ന യഥാര്‍ഥ സന്തോഷം നമ്മുടെ കംഫര്‍ട്ട് സോണുകള്‍ക്ക് പുറത്താണ്. ലോകസിനിമാ വേദിയിൽ മലയാള സിനിമയുടെ ഗ്രാഫ് ഉയര്‍ത്തുന്ന സമാനതകളില്ലാത്ത ഒരു ചലച്ചിത്ര അനുഭവത്തിനായി ഒരുങ്ങുക.'

മലയാള ചിത്രം 'പ്രണയവര്‍ണ്ണങ്ങളി'ലൂടെ സ്വതന്ത്ര ഛായാഗ്രാഹകനായ സന്തോഷ് തുണ്ടിയിൽ വൈകാതെ ബോളിവുഡിലേയ്ക്ക് ചേക്കേറുകയായിരുന്നു. 'കുഛ് കുഛ് ഹോത്താ ഹെ', 'കൃഷ്', 'റൗഡി റാത്തോഡ്' അടക്കമുള്ള നിരവധി ശ്രദ്ധേയ ചിത്രങ്ങളുടെ ഛായാഗ്രാഹകനാണ് അദ്ദേഹം. മലയാളത്തില്‍ 'ദേവദൂതന്‍' അടക്കമുള്ള ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ചതും അദ്ദേഹമാണ്. മലയാളത്തിലും കന്നഡയിലുമായി ഒരുങ്ങുന്ന മോഹൻലാൽ ചിത്രം 'വൃഷഭ'യൊരുക്കുന്നതും അദ്ദേഹമാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com