
ഉലകനായകൻ കമൽ ഹാസന് പിറന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നടനെന്നതിനുപരി സിനിമാ നിർമ്മാണവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും തന്റേതായ മുദ്ര പതിപ്പിച്ച പ്രതിഭാശാലിയാണ് കമൽ ഹാസൻ എന്ന് മുഖ്യമന്ത്രി പങ്കുവെച്ച പോസ്റ്റിൽ കുറിച്ചു. കേരളത്തെ സ്വന്തം നാടെന്ന നിലയിൽ കാണുന്ന കമൽ നാം കൈവരിച്ച സാമൂഹിക പുരോഗതിയിൽ അഭിമാനം കൊള്ളുന്നുവെന്നും അദ്ദേഹം കുറിച്ചു.
അതുല്യനടനും പ്രിയ സുഹൃത്തുമായ കമൽ ഹാസനു ജന്മദിനാശംസകൾ. നടനെന്നതിനുപരി സിനിമാ നിർമ്മാണവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും തന്റേതായ മുദ്ര പതിപ്പിച്ച പ്രതിഭാശാലിയാണ് കമൽ ഹാസൻ. മതനിരപേക്ഷ, പുരോഗമനാശയങ്ങൾ മുറുകെപ്പിടിക്കുന്ന പൊതുപ്രവർത്തകൻ കൂടിയാണദ്ദേഹം. കലാമേഖലയിലെ സംഭാവനകൾക്കൊപ്പം ഈ സാമൂഹിക പ്രതിബദ്ധതയും അദ്ദേഹത്തിന് ജനഹൃദയങ്ങളിൽ വലിയ ഇടം നൽകി. കേരളത്തെ സ്വന്തം നാടെന്ന നിലയിൽ കാണുന്ന കമൽ നാം കൈവരിച്ച സാമൂഹിക പുരോഗതിയിൽ അഭിമാനം കൊള്ളുന്നുവെന്നും പ്രിയ കമൽ ഹാസന് എല്ലാവിധ ഭാവുകങ്ങളും ആയുരാരോഗ്യ സൗഖ്യവും ഹൃദയപൂർവ്വം നേരുന്നു.മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ പോസ്റ്റ്
69-ന്റെ നിറവിലാണ് കമൽ ഹാസൻ. നടന് ജന്മദിനാശംസകൾ അറിയിച്ച് സിനിമ-സാംസ്കാരിക രംഗത്ത് നിന്ന് നിരവധി പേരാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. 'മനോഹരമായ കലയുടെയും ഏകകണ്ഠമായ വിജയത്തിന്റെയും സന്തോഷത്തിന്റെയും മറ്റൊരു വർഷം കൂടി ആശംസിക്കുന്നു, എന്റെ പ്രിയപ്പെട്ട കമൽഹാസൻ സറിന് ജന്മദിനാശംസകൾ', എന്നാണ് മോഹൻലാൽ കുറിച്ചത്. മമ്മൂട്ടിയും ഇരുവരും കേരളീയം പരിപാടിയിലെ ചിത്രം പങ്കുവെച്ചുകൊണ്ട് ആശംസകൾ നേർന്നു.