
റിലീസിനു മുൻപ് തന്നെ റെക്കോർഡുകളോടെ എത്തിയ വിജയ്-ലോകേഷ് ചിത്രം 'ലിയോ' തമിഴ്നാട്ടിലെന്നപോലെ കേരളത്തിലും ആഘോഷമായി. അഡ്വാൻസ് ബുക്കിങ്ങിലൂടെ 'ജയിലറി'നെ കടത്തിവെട്ടിക്കഴിഞ്ഞു ചിത്രം. വരും ദിവസങ്ങളിൽ ഇനി ഏതൊക്കെ സിനിമകളുടെ റെക്കോർഡാണ് ലിയോ തിരുത്താൻ പോകുന്നതെന്ന് കാത്തിരിക്കണം. ബോക്സ് ഓഫീസ് ട്രാക്കര്മാരുടെ കണക്കുകള് പ്രകാരം കോളിവുഡിലെ എക്കാലത്തെയും വലിയ ഓപ്പണിങ് ആണ് ലിയോ നേടിയിരിക്കുന്നത്. 140 കോടിയാണ് ലിയോയുടെ റിലീസ് ദിന ഗ്രോസ് എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്.
കൊച്ചി മള്ട്ടിപ്ലെക്സുകളിൽ ആദ്യമായാണ് ഇത്രയും വലിയ ഓപ്പണിങ് നേടുന്നത് എന്നതും ശ്രദ്ധേയമാണ്. കൊച്ചി മള്ട്ടിപ്ലെക്സുകളില് ആദ്യ ദിനം ചിത്രം വിറ്റത് 22,800 ടിക്കറ്റുകളാണെന്നാണ് ബോക്സ് ഓഫീസ് ട്രാക്കര്മാരായ ഫ്രൈഡേ മാറ്റിനിയുടെ കണക്ക്. പുലര്ച്ചെ നാല് മണി മുതൽ അര്ധരാത്രി വരെ നീണ്ട ഷോകളുടെ ശരാശരി ഒക്കുപ്പന്സി 97 ശതമാനമാണ്. ഇതില് നിന്ന് 56.50 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്.
റിലീസിന് മുൻപുള്ള ഹൈപ്പും വിജയ് ആരാധകർക്ക് ആഘോഷമാക്കാൻ ഒരു സിനിമയും എല്ലാത്തിനുമുപരി ഈ ലോകേഷ് ചിത്രവും എൽസിയുവിന്റെ ഭാഗമായിരിക്കുമോ എന്ന സസ്പെന്സുമാണ് ആദ്യ ദിനം തന്നെ തെന്നിന്ത്യൻ സിനിമപ്രേമികളെ തിയേറ്ററിലേക്ക് ഇടിച്ചുകയറ്റിയത്.