
തെന്നിന്ത്യ മുഴുവൻ 'ലിയോ' തരംഗം അലയടിക്കുകയാണ്. കേരളത്തിലെ ചില തിയേറ്ററുകളിൽ ഉൾപ്പെടെ മുഴുവൻ സ്ക്രീനുകൾ നേടിയാണ് സിനിമ റിലീസിനെത്തിയത്. പ്രദർശനത്തിലുണ്ടായിരുന്ന പല മലയാള സിനിമകൾക്കും ഇതോടെ സ്ക്രീൻ നഷ്ടമായിട്ടുണ്ട്. എന്നാൽ 'കണ്ണൂർ സ്ക്വാഡി'ന് ഈ തിരക്കിൽ അടിപതറിയിട്ടില്ല.
ഇൻഡസ്ട്രി ട്രാക്കർമാരാണ് വെള്ളിയാഴ്ച മുതൽ കൂടുതൽ സ്ക്രീനുകളിൽ കണ്ണൂർ സ്ക്വാഡിന് ലഭ്യമാകുമെന്ന് അറിയിച്ച് രംഗത്തെത്തിയത്. സെപ്റ്റംബർ 28ന് തിയേറ്ററുകളിൽ എത്തിയ ചിത്രം നാലാം വാരത്തിലേയ്ക്ക് പ്രവേശിക്കുകയാണ്. 75 കോടിയിലധികം രൂപ ബോക്സ് ഓഫീസിൽ ഇതിനോടകം ചിത്രം സ്വന്തമാക്കിക്കഴിഞ്ഞു.
#KannurSquad Running Successfully pic.twitter.com/m517VNykn1
— Mammootty (@mammukka) October 19, 2023
മമ്മൂട്ടിയുടെ താരപരിവേഷത്തേക്കാൾ അദ്ദേഹത്തിലെ നടനെ ഉപയോഗപ്പെടുത്തി ഛായാഗ്രാഹകൻ റോബി വർഗീസ് രാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് കണ്ണൂർ സ്ക്വാഡ്. കണ്ണൂർ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ രൂപീകരിച്ച സ്പെഷ്യൽ സ്ക്വാഡ് വൈദഗ്ധ്യത്തോടെ തെളിയിച്ച കേസാണ് സിനിമയുടെ ഇതിവൃത്തം. മലയാളത്തിലെ പതിവ് പൊലീസ് സിനിമകളിൽ നിന്നും മാറിനടന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയത് റോണി ഡേവിഡും മുഹമ്മദ് ഷാഫിയും ചേർന്നാണ്.
#LEO FDFS At Kavitha Ernakulam🙏 pic.twitter.com/9oLLHb58Gl
— ForumKeralam (@Forumkeralam2) October 18, 2023
അതേസമയം, ആദ്യ മണിക്കൂറുകളില്‍ മികച്ച പ്രതികരകണമാണ് 'ലിയോ'യ്ക്ക് ലഭിക്കുന്നത്. ലോകേഷ് കനകരാജിന്റെ മേക്കിങ്ങിനും സിനിമയുടെ സാങ്കേതിക മികവിനും വിജയ്യുടെ അഭിനയത്തിനും കൈയ്യടിയുണ്ട്. വമ്പന്‍ താര നിരയാണ് ലിയോയില്‍ ഉള്ളത്. തൃഷ, സഞ്ജയ് ദത്ത്, അര്ജുന് സര്‍ജ, ഗൗതം മേനോന്, മിഷ്കിന്, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്, പ്രിയ ആനന്ദ്, സാന്‍ഡി, ബാബു ആന്റണി, മഡോണ സെബാസ്റ്റ്യൻ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിന്റെ ഭാഗമാണ്. ലിയോയ്ക്കായി അനിരുദ്ധ് സംഗീതം ഒരുക്കിയിരിക്കുന്നു.