
May 18, 2025
09:46 AM
'തലൈവർ 170'ൽ ബോളിവുഡിന്റെ ബിഗ് ബിയും. ഏറെ നാളായുള്ള അഭ്യൂഹങ്ങൾ അവസാനിപ്പിച്ചുകൊണ്ടാണ് ബച്ചന്റെ പോസ്റ്റർ അണിയറക്കാർ പങ്കുവെച്ചത്. ഫഹദിന്റെ പോസ്റ്ററും ഇന്ന് ലൈക്ക പ്രൊഡക്ഷൻസ് പുറത്തുവിട്ടിരുന്നു. ജ്ഞാനവേലിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിൽ ദുഷറ വിജയൻ, റിഥിക സിംഗ്, മഞ്ജു വാര്യർ, റാണ ദഗ്ഗുബതി എന്നിവരാണ് മറ്റ് താരങ്ങൾ.
ഇനി കാത്തിരിക്കുന്നത് നാനിയുടെ പ്രഖ്യാപനത്തിനു വേണ്ടിയാണ്. കഴിഞ്ഞ ദിവസമാണ് മഞ്ജു വാര്യരുടെ പോസ്റ്റർ എത്തിയത്. ധനുഷ് നായകനായ അസുരൻ, അജിത്തിന്റെ തുനിവ് തുടങ്ങിയ സിനിമൾക്ക് ശേഷം മഞ്ജു അഭിനയിക്കുന്ന തമിഴ് ചിത്രമാണിത്. അതേസമയം, വിക്രമിനും മാമന്നനനും ശേഷമുള്ള ഫഹദിന്റെ ചിത്രമാണ് ഇത്.
ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദർ ആണ്. തലൈവർ 170യുടെ ചിത്രീകരണത്തിനായി രജനികാന്തും സംഘവും തിരുവനന്തപുരത്തെത്തിയിട്ടുണ്ട്. ഒക്ടോബർ മൂന്ന് മുതൽ പത്ത് ദിവസമാണ് തിരുവനന്തപുരത്തെ ചിത്രീകരണം. രജനിയുടെ വരവ് ആരാധകരെ ഹരം കൊള്ളിക്കുമെന്നതിനാൽ ശക്തമായ സുരക്ഷാ സംവിധാനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. നാഗർകോവിൽ, കന്യാകുമാരി എന്നിവിടങ്ങളും സിനിമയുടെ ലൊക്കേഷനാണ്.
റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക