
ആസിഫ് അലിയുടെ വരാനിരിക്കുന്ന ചിത്രങ്ങളിൽ ഏവരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ടിക്കിടാക്ക. കള എന്ന ചിത്രത്തിന് ശേഷം രോഹിത്ത് വി എസ് സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷൻ എന്റർടൈനർ ഴോണറിൽ ആണ് ഒരുങ്ങുന്നത്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് സംവിധായകൻ പങ്കുവെച്ച വമ്പൻ അപ്ഡേറ്റാണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്.
ചിത്രം ഈ വർഷം ക്രിസ്മസ് റിലീസായി തിയേറ്ററുകളിലെത്തുമെന്ന് രോഹിത്ത് വി എസ് അറിയിച്ചിരിക്കുന്നത്. ഇൻസ്റ്റ സ്റ്റോറിയിലൂടെയാണ് അദ്ദേഹം ഈ അപ്ഡേറ്റ് പങ്കുവെച്ചത്. സിനിമ ഈ വർഷാവസാനം റിലീസ് ചെയ്യുമെന്ന് ആസിഫും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
#TikiTaka Xmas 2025 Release 💥@TikitakaMovie @YoursAsifAli pic.twitter.com/a0zgW6mF85
— Southwood (@Southwoodoffl) May 18, 2025
ക്രിസ്മസ് റിലീസായാണ് ടിക്കി ടാക്ക എത്തുക എന്ന് രോഹിത്ത് അറിയിച്ചതോടെ ആരാധകരും വലിയ ആവേശത്തിലാണ്. ജയസൂര്യ-മിഥുൻ മാനുവൽ തോമസ് ചിത്രം ആട് 3 യും ക്രിസ്‍മസ് റിലീസായി തിയേറ്ററുകളിലെത്തിക്കാനാണ് അണിയറപ്രവർത്തകർ പദ്ധതിയിടുന്നത്. ഇതോടെ ഒരു വമ്പൻ ക്ലാഷ് ഈ ക്രിസ്മസ് സീസണിൽ കാണാമെന്ന പ്രതീക്ഷയിലാണ് സിനിമാപ്രേമികൾ.
ആസിഫ് അലി ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ടിക്കി ടാക്ക. ആക്ഷന് പ്രാധാന്യം നൽകിയുള്ള ചിത്രത്തിൽ ഇന്തോനേഷ്യയിൽ നിന്നുള്ള ഉദേ നൻസ് എന്ന ഫൈറ്റ് മാസ്റ്ററാണ് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്. 'ദ് റെയ്ഡ് റിഡെംപ്ഷൻ' എന്ന ഹോളിവുഡ് ചിത്രത്തിന്റെ സംഘട്ടന രംഗങ്ങൾ ഒരുക്കിയതും ഇദ്ദേഹമായിരുന്നു.
ആസിഫ് അലിക്കൊപ്പം ഹരിശ്രീ അശോകൻ, നസ്ലിൻ, ലുക്മാൻ അവറാൻ, വാമിക ഖബ്ബി, സഞ്ജന നടരാജ്, സന്തോഷ് പ്രതാപ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഭാഗ്യരാജിന്റെ കഥയ്ക്ക് നിയോഗ് തിരക്കഥയൊരുക്കുന്ന ടിക്കിടാക്ക സിജു മാത്യു, നവിസ് സേവ്യർ എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. സോണി സെബാൻ ക്യാമറയും ചമൻ ചാക്കോ എഡിറ്റും ഡോൺ വിൻസന്റ് സംഗീത സംവിധാനവും നിർവഹിക്കുന്നു.
Content Highlights: Asif Ali movie Tiki Taka to release this Christmas