
വിശാലിന്റെ തിരിച്ചുവരവ് ആഘോഷിക്കുകയാണ് തമിഴകം. ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്ത് തിയേറ്ററുകളിൽ പ്രദർശനം തുടരുന്ന മാർക്ക് ആൻ്റണി തുടക്കത്തിലും മിടുക്കോടെ മുന്നേറുകയാണെന്നുവേണം കരുതാൻ. വിശാല് നായകനായി എത്തിയ ഒരു സിനിമയ്ക്ക് ഇതുവരെ ലഭിച്ചതിൽ ഏറ്റവും ഉയർന്ന കളക്ഷനായിരിക്കും മാർക്ക് ആന്റണിക്ക് എന്നാണ് പുതിയ റിപ്പോർട്ട്. സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
നാലാം ദിവസം 27 കോടിക്ക് മുകളിലാണ് മാര്ക്ക് ആന്റണി നേടിയതെന്ന് സാക്നിക് ഡോട് കോം റിപ്പോര്ട്ട് ചെയ്യുന്നു. റിലീസിന് മാര്ക്ക് ആന്റണി 8.35 കോടി രൂപയാണ് നേടിയത്. ശനിയാഴ്ച ഒമ്പത് കോടിയും ചിത്രം സ്വന്തമാക്കി. ഇന്നലെ 10.44 കോടി നേടിയതായും റിപ്പോർട്ടുണ്ട്. ഇതോടെ 27.9 കോടി രൂപയാണ് ചിത്രം ആകെ സ്വന്തമാക്കിയിരിക്കുന്നത്.
ഒരു ടൈംട്രാവല് ചിത്രമായാണ് മാർക്ക് ആന്റണി അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയ്ലറിന് മികച്ച അഭിപ്രായം ലഭിച്ചിരുന്നുവെങ്കിലും ആദ്യ ദിവസം വേണ്ടത്ര കാണികളെ ചിത്രത്തിന് ലഭിച്ചിരുന്നില്ല. എന്നാൽ മൗത്ത് പബ്ലിസിറ്റിയിലൂടെ പ്രേക്ഷകർ സിനിമ ഏറ്റെടുക്കുകയായിരുന്നു. വിശാൽ നായകനാകുന്ന ചിത്രം എന്നതിനപ്പുറം എസ് ജെ സൂര്യ എന്ന ഘടകവും സിനിമയുടെ വിജയത്തിന് കാരണമായിട്ടുണ്ട്. അഭിനന്ദൻ രാമാനുജനാണ് ഛായാഗ്രാഹണം നിര്വഹിച്ചിരിക്കുന്നത്. ജി വി പ്രകാശ് കുമാറാണ് സംഗീതം നിര്വഹിച്ചിരിക്കുന്നത്.