

വിവാഹം രണ്ട് വ്യക്തികളെയും കുടുംബങ്ങളെയും ഒരുമിപ്പിക്കുന്ന കാര്യമാണ്. മാത്രമല്ല സ്‌നേഹവും കരുതലും കൂടിയുണ്ടാവും പങ്കാളികള്‍ക്കിടയില്‍. ഈ ബന്ധം എപ്പോഴും രണ്ട് മനുഷ്യര്‍ തമ്മിലാണല്ലേ. എന്നാല്‍ മനുഷ്യരോടല്ല വസ്തുക്കളോട് സ്‌നേഹം തോന്നുകയും അവയെ വിവാഹം കഴിക്കുകയും ചെയ്ത് കൂടെകൂട്ടിയ ആളുകളെക്കുറിച്ച് കേട്ടിട്ടുണ്ടോ?. അടുത്ത കാലത്ത് അമ്മ ചെറുപ്പത്തില്‍ സമ്മാനിച്ച പാവയെ വിവാഹം കഴിച്ച ഒരു പെണ്‍കുട്ടിയെക്കുറിച്ച് സോഷ്യല്‍മീഡിയയിലൂടെ കേട്ടിട്ടുണ്ടാവും. എന്നാല്‍ അത് മാത്രമല്ല. അത്തരത്തിലുള്ള നിരവധി വിചിത്ര സംഭവങ്ങള്‍ ലോകത്ത് നടന്നിട്ടുണ്ട്. ആളുകള്‍ക്ക് ജീവനില്ലാത്ത വസ്തുക്കളുമായി ആഴത്തിലുള്ള വൈകാരിക ബന്ധം അനുഭവപ്പെടുന്നതിനെയാണ് 'ഒബ്ജക്റ്റം സെക്ഷ്വാലിറ്റി' എന്ന് പറയുന്നത്. ഇവിടെ ആളുകള്‍ക്ക് ജീവനില്ലാത്ത വസ്തുക്കളുമായി പ്രണയപരവും ലൈംഗികവുമായ ആകര്‍ഷണം ഉണ്ടാകുന്നു.

ഒബ്ജക്റ്റഫീലിയ (ഒബ്ജക്റ്റം-സെക്ഷ്വാലിറ്റി) പ്രത്യേക വസ്തുക്കളോടുള്ള പ്രണയപരവും ലൈംഗികവുമായ ആകര്‍ഷണത്തെയാണ് സൂചിപ്പിക്കുന്നത്. ട്രെയിനുകള്‍, പാലങ്ങള്‍, കാറുകള്‍ പോലുള്ള നിര്‍ജീവ (കോണ്‍ക്രീറ്റ് അല്ലെങ്കില്‍ അമൂര്‍ത്ത) വസ്തുക്കളുമായി ആഴമേറിയതും നിലനില്‍ക്കുന്നതുമായ വൈകാരിക, പ്രണയ, ബന്ധങ്ങള്‍ ഉണ്ടാവുകയാണിവിടെ ചെയ്യുന്നത്.
1979ല്‍ നടന്ന ഒരു സംഭവം ഇങ്ങനെയാണ്. സ്വീഡനിലെ ലിഡന്‍ എന്ന ചെറിയ പട്ടണത്തില്‍ ജനിച്ചുവളര്‍ന്ന പെണ്‍കുട്ടിയായിരുന്നു ഈജ-റിറ്റ എക് ലോഫ്. കുട്ടിയായിരിക്കുമ്പോള്‍തന്നെ അവള്‍ക്ക് ബര്‍ലിന്‍ മതിലിനോട് പ്രണയമായിരുന്നു. ടെലിവിഷനിലൂടെ മതിലിനെ കണ്ടപ്പോള്‍ തുടങ്ങിയ പ്രണയമായിരുന്നു അത്. പത്രങ്ങളില്‍നിന്നും മറ്റും മതിലിന്റെ ചിത്രങ്ങള്‍ വെട്ടിയെടുത്ത് സൂക്ഷിക്കുക, അതുകൊണ്ട് മുറിയുടെ ചുവരുകള്‍ അലങ്കരിക്കുക, പലപ്പോഴായി മതിലിനെ കാണാനായി പോവുക, അതിനോട് സംസാരിക്കുക.ഒടുവില്‍ 18ാം വയസില്‍ മതിലിനെ ഔദ്യോഗികമായി അവള്‍ വിവാഹം കഴിക്കുകയും ചെയ്തു. 1989 ല്‍ മതില്‍ പൊളിച്ചുമാറ്റപ്പെട്ടപ്പോള്‍ ഇണയുടെ മരണത്തില്‍ ദുംഖിക്കുന്നതുപോലെയുള്ള വിഷമമായിട്ടാണ് ഈജ-റിറ്റ എക് ലോഫ് അതിനെ കണ്ടത്.

എറിക്ക ലാബ്രി എന്ന സ്ത്രീ 2008ലാണ് ഈഫല്‍ ടവറിനെ വിവാഹം കഴിച്ചതിന്റെ പേരില്‍ ആഗോള മാധ്യമ ശ്രദ്ധ നേടിയത്. പാരീസില്‍ വച്ച് വിവാഹ ചടങ്ങും നടന്നു. അതിന് ശേഷം അവര്‍ തന്റെ പേരിനൊപ്പം ഈഫല്‍ ടവറിന്റെ പേരുകൂടി ചേര്‍ത്ത് എറിക്ക ഈഫല്‍ എന്ന് പേര് മാറ്റുകകൂടി ചെയ്തു.
ബ്രസീലിയന്‍ വനിതയായ മെറിവോണ്‍ റോച്ച മോറസ് കുട്ടിയായിരിക്കുമ്പോള്‍ തന്റെ അമ്മ സമ്മാനിച്ച പാവയെ വിവാഹം കഴിച്ച വാര്‍ത്ത സമൂഹമാധ്യമങ്ങളിലൂടെ ഏറെ ശ്രദ്ധനേടിയിരുന്നു. മാര്‍സെലോ എന്ന് പേരിട്ട ഈ പാവയെ2021 ല്‍ അവള്‍ വിവാഹം കഴിക്കുകയും ചെയ്തു.
2015ലാണ് കരോള്‍ സാന്താ ഫെ കാലിഫോര്‍ണിയയിലെ സാന്താ ഫെ ട്രെയിന്‍ സ്റ്റേഷനെ പരസ്യമായി വിവാഹം കഴിച്ചത്. 36 വര്‍ഷമായി താന്‍ ആ കെട്ടിടത്തെ സ്‌നേഹിക്കുന്നുണ്ടെന്നും റെയില്‍വേ സ്റ്റേഷനോടുള്ള സ്‌നേഹം അത്ര തീവ്രമായതിനാല്‍ കെട്ടിടവുമായി സമയം ചെലവഴിക്കാന്‍ ദിവസവും 45 മിനിറ്റ് ബസ് യാത്ര ചെയ്ത് അവിടെ എത്തുന്നതെന്നും കരോള്‍ പറയുന്നു.

1999 ല്‍ ചാങ് സി-ഹ്‌സണ്‍ എന്ന വ്യക്തി 11 ഇഞ്ച് വലിപ്പമുളള ഒരു പാവയെ വിവാഹം കഴിച്ചത് വിചിത്രമായ ഒരു കാര്യമായിട്ടാണ് വാര്‍ത്തകളില്‍ നിറഞ്ഞുനിന്നത്. ഈ പാവയുമായിട്ടുള്ള ബന്ധം മനസിലാക്കിയപ്പോള്‍ ചാങ് സി-ഹ്‌സണിന്റെ ഭാര്യ ബന്ധത്തെ എതിര്‍ക്കുകയും അവള്‍ സ്വയം ഇല്ലാതാവുകയുമായിരുന്നു. പിന്നീട് ഇയാള്‍ താന്‍ സ്‌നേഹിക്കുന്ന പാവയ്ക്കുള്ളില്‍ ഭാര്യയുടെ ആത്മാവ് വസിക്കുന്നതായി വിശ്വസിക്കുകയായിരുന്നു.
അങ്ങനെ നിരവധി ഉദാഹരണങ്ങളാണ് ഒബ്ജക്ടം സെക്ഷ്വാലിറ്റിയുമായി ബന്ധപ്പെട്ട് ഉള്ളത്. വീഡിയോ ഗെയിം കഥാപാത്രത്തെ വിവാഹംകഴിച്ച ജാപ്പനീസ് പുരുഷന്‍, ഫ്‌ളോറിഡയില്‍ 100 വര്‍ഷം പഴക്കമുളള ഫിക്കസ് മരത്തെ വിവാഹംകഴിച്ച കാരെന്‍ കൂപ്പര്‍ എന്ന സ്ത്രീ, കാര്‍ബോര്‍ഡ് കട്ടൗട്ടിനെ പ്രണയിച്ച ചൈനക്കാരനായ ലിയു യെ, ഡോള്‍ഫിനെ വിവാഹം കഴിച്ച ബ്രട്ടീഷ് സ്ത്രീ, തലയിണയെ വിവാഹം കഴിച്ച സൗത്ത് കൊറിയക്കാരിയായ ലീ-ജിന്‍ എന്ന പെണ്‍കുട്ടി. അങ്ങനെ പലതും.
Content Highlights: What is object sexuality? Learn about some of the strangest and most real relationships in the world.