

രണ്ട്‍ ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിൽ എതാൻ പോകുന്ന റഷ്യൻ പ്രസിഡണ്ട് വ്ലാദിമിർ പുടിന് സ്വകാര്യ അത്താഴവിരുന്ന് അടക്കം വിപുലമായ വിരുന്നാണ് ഇന്ത്യയും പ്രധാന മന്ത്രി മോദിയും ഒരുക്കുന്നത്. ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടി, എണ്ണ-ആയുധ വിൽപ്പന തുടങ്ങിയ കാര്യങ്ങളെ കുറിച്ചുള്ള ചർച്ചകളിൽ ഏർപ്പെടാൻ പുടിൻ ഇന്ത്യയിലേക്ക് എത്തുന്നതിനു മുൻപ് തന്നെ ലോക രാജ്യങ്ങൾ പുടിന്റെ വരവിനെ പറ്റി ചർച്ച ചെയ്തു തുടങ്ങി. ആ ചർച്ചകളിൽ ഇപ്പോൾ ഏറ്റവും കൂടുതൽ നിറഞ്ഞു നിൽക്കുന്നത് റഷ്യൻ പ്രസിഡന്റ് പുടിന്റെ സുരക്ഷാ സംവിധാനത്തിലെ പ്രധാന ആകർഷണമായ അദ്ദേഹത്തിന്റെ ആഢംബര ലിമോസിൻ കാറാണ്. കനത്ത കവചിത ആഡംബര ലിമോസിനായ ഓറസ് സെനറ്റാണ് പുടിൻ തന്റെ യാത്രക്കായി സ്ഥിരമായി ഉപയോഗിക്കാറുള്ളത്.
റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യാ സന്ദർശന വേളയിൽ പുടിൻ തന്റെ ലിമോസിനിൽ ആയിരിക്കും യാത്ര ചെയ്യുന്നത് എന്നാണ് പറയപ്പെടുന്നത്. പലപ്പോഴും fortress on wheels അഥവാ ചക്രത്തിനു മുകളിലെ കോട്ട എന്ന് വിളിക്കപ്പെടുന്ന ഈ കാർ, സ്വദേശത്തും വിദേശത്തുമുള്ള പുടിന്റെ യാത്രാ വാഹനവ്യൂഹങ്ങളുടെ ഒരു പ്രധാന ഭാഗമായി മാറിയിരിക്കുന്നു. 2025 സെപ്റ്റംബറിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി എസ്‌സിഒ ഉച്ചകോടിക്കായി ചൈനയിലെ തായ്ജിൻ സന്ദർശിച്ചപ്പോൾ, പുടിനൊപ്പം ഇതേ ലിമോസിനിൽ യാത്ര ചെയ്തിരുന്നു. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ കാർ ഇന്ത്യയിൽ ഇപ്പോള്‍ ഇന്ത്യയിലെത്തുകയാണ്.

ഇനി, എന്തുകൊണ്ട് ആണ് ഈ കാർ വാർത്തകളിൽ നിറയുന്നത് എന്ന് നോക്കാം. പുടിന് സഞ്ചരിക്കാനായി റഷ്യയിൽ നിന്നും വിമാനത്തിലാണ് ലിമോസിൻ കാർ ഓറസ് സെനറ്റ് ഇന്ത്യയിലെത്തിക്കുന്നത്. റോൾസ് റോയിസ് ഫാന്റവുമായി സാമ്യമുള്ള ഈ വാഹനത്തിന് പരമാവധി വേഗത മണിക്കൂറിൽ 250 കിമീ ആണ്. ഹൈ സ്പീഡ്, ബുള്ളറ്റ് പ്രൂഫ് സംരക്ഷണം എന്നിവ ആഢംബര ലിമോയിലുണ്ട്. പ്രസിഡൻഷ്യൽ മോഡലിൽ ഹൈബ്രിഡ് 4.4L ട്വിൻ-ടർബോ V8 എഞ്ചിൻ, ആഢംബര പൂർണ്ണമായ ഇന്റീരിയറുകൾ, സുരക്ഷാ ഉദ്യോഗസ്ഥർക്കായി പിൻഭാഗത്ത് അധിക സീറ്റുകൾ എന്നിവ ഈ കാറിന്റെ പ്രത്യേകതകൾ ആണ്. 2013 ൽ ആരംഭിച്ച റഷ്യയുടെ കോർട്ടേജ് പ്രോജക്റ്റിന്റെ കീഴിൽ വികസിപ്പിച്ചെടുത്തത് ആണ് ഓറസ് സെനറ്റ്. റഷ്യൻ വാഹന നിർമ്മാതാക്കളായ ഓറസ് മോട്ടോഴ്‌സ് നിർമ്മിച്ച ഈ കാർ 2018 ൽ അവതരിപ്പിക്കുകയും പുടിന്റെ ഔദ്യോഗിക സ്റ്റേറ്റ് കാറായി മാറുകയും ചെയ്തു.
റിപ്പോർട്ടുകൾ പ്രകാരം, പ്രീമിയം ലെതർ ആണ് കാർ സീറ്റിൽ ഉപയോഗിച്ചിരിക്കുന്നത്. മുന്നിലെയും പിന്നിലെയും ക്യാബിനുകളെ വേർതിരിക്കാൻ കഴിയുന്ന ഒരു ഡിവൈഡറും ഉണ്ട്. വിഷവാതകങ്ങൾ കയറാതിരിക്കാൻ കാറിൽ ഒരു സ്വതന്ത്ര എയർ-ഫിൽട്രേഷൻ സംവിധാനമുണ്ട്. ഇതിന്റെ ബോഡിയും ജനാലകളും ബുള്ളറ്റ് പ്രൂഫും ആണ്. 5,630 mm നീളവും 2,000 mm വീതിയും 1,700 mm ഉയരവും 3,300 mm വീൽബേസുമുള്ള ഈ കാറിന്റെ 9-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനും ഹൈബ്രിഡ് എഞ്ചിനും ഏതു കാലാവസ്ഥയെയും അതിജീവിക്കും എന്നുള്ളതാണ് പ്രത്യേകത.
ദൃഢതയേറിയ ഗ്ലാസുകൾ, പഞ്ചറായാലും നിശ്ചിത ദൂരം സഞ്ചരിക്കാനുള്ള കഴിവ്, ഓട്ടോമാറ്റിക് അഗ്നിശമന സംവിധാന, എന്നീ സംവിധാനങ്ങൾക്കപ്പുറം ലുക്കിലും അങ്ങേയറ്റം സുന്ദരനാണ് ഓറസ് സെനറ്റ്. കാറിന്റെ അണ്ടർബോഡി, സ്ഫോടനങ്ങളെ ചെറുക്കുന്ന തരത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്, ടയറുകൾ കേടുവന്നാലും പ്രവർത്തിക്കും. ഇന്ധന ടാങ്കിന് സ്ഫോടനങ്ങളെ പ്രതിരോധിക്കാനും കഴിയും.

ഇനി, എന്ത് വില വരും ഈ കാറിനു എന്നുള്ളതാണ് ചോദ്യം. ഓറസ് പ്രതിവർഷം 120 സെനറ്റ് യൂണിറ്റുകൾ മാത്രമേ നിര്‍മിക്കുന്നുള്ളു. ഏകദേശം 2.5 കോടി രൂപയാണ് ഈ കാറിന്റെ വില. സാധാരണ പൗരന്മാർക്ക് പുടിൻ ഉപയോഗിക്കുന്ന ഈ കാറിന്റെ പതിപ്പ് ലഭ്യമാകില്ല. അതിനു പുടിന് വേണ്ടി മാത്രം മോഡിഫയ് ചെയ്ത് ഇറക്കിയതാണ്.
എന്തായാലും വ്യാപാരബന്ധം ശക്തിപ്പെടുത്താനും പ്രതിരോധ സഹകരണം മെച്ചപ്പെടുത്തുന്നതിനെ കുറിച്ച് സംസാരിക്കാനുമായി ഇന്ത്യയിലേക്ക് എത്തുന്ന പുടിനായി ഊഷ്മള സ്വീകരണം ആണ് ഇന്ത്യ ഒരുക്കുന്നത്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ സേവാതീര്‍ഥില്‍ റഷ്യന്‍ സംഘത്തിന് ഇന്ന് അത്താഴവിരുന്നുണ്ട്. യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ച വേളയിലാണ് പുടിന്റെ ഇന്ത്യ സന്ദർശനം എന്നുള്ളതും ശ്രദ്ധേയമാണ്.
Content Highlights : All about Putin's Aurus Senat car