

യുകെയിൽ പതിമൂന്ന് മാസം പ്രായമുള്ള കുഞ്ഞ് പാലെന്ന് കരുതി ഡ്രെയിൻ ക്ലീനർ കുടിച്ചു. പിന്നാലെ കുഞ്ഞിന് ഹൃദയാഘാതവും ശരീരത്തിനുള്ളിൽ കഠിനമായ പൊള്ളലേൽക്കുകയും ചെയ്തു. കുഞ്ഞിന് നാവ് പകുതിയോളം നഷ്ടപ്പെട്ടെന്നാണ് പുറത്ത് വരുന്ന വിവരം. ബിർമിങ്ഹാമിൽ നിന്നുള്ള സാം അൻവർ അൽഷാമേരിയെന്ന കുഞ്ഞിനാണ് ദുരവസ്ഥ ഉണ്ടായത്.
ഫ്‌ളാറ്റിലെ ബാത്ത്‌റൂം വൃത്തിയാക്കുകയായിരുന്നു സാമിന്റെ അമ്മ. അമ്മയുടെ അടുത്തേക്ക് ഇഴഞ്ഞുപോകുന്നതിനിടയിലാണ് നിലത്തിരുന്ന വെള്ള നിറത്തിലുള്ള കുപ്പിയിൽ ഉണ്ടായിരുന്ന കോസ്റ്റിക്ക് സോഡ കുഞ്ഞെടുത്ത് കുടിച്ചതെന്ന് ദ സൺ റിപ്പോർട്ട് ചെയ്യുന്നു. ഇക്കഴിഞ്ഞ മെയ് മാസത്തിലായിരുന്നു സംഭവം.
വായ, നാക്ക്, ചുണ്ടുകൾ എന്നിവിടങ്ങളിലെല്ലാം പൊള്ളലേറ്റ കുഞ്ഞിന് പെട്ടെന്ന് തന്നെ ഹൃദയാഘാതവും ഉണ്ടായി. പിന്നാലെ ബോധരഹിതനായ കുഞ്ഞിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. ഐസിയുവിൽ പ്രവേശിപ്പിച്ച കുഞ്ഞിന് മൂക്കിലൂടെ ടൂബിട്ടാണ് ഭക്ഷണം എത്തിച്ചത്. കുഞ്ഞിന്റെ നാവ് പകുതിയോളം നഷ്ടപ്പെട്ടതിനെ തുടർന്നാണ് മൂക്കിലൂടെ ട്യൂബിട്ടതെന്നും പറയുന്നു.
നദീൻ അൽഷമേരിയുടെയും മുഖ്താരയുടെയും നാലു മക്കളിലൊരാളാണ് സാം. ബാത്‌റൂം വൃത്തിയാക്കുന്നതിനിടയിൽ മകൻ ഇങ്ങനൊരു പ്രവൃത്തി ചെയ്യുമെന്ന് കരുതിയില്ലെന്നാണ് മുഖ്താര പറയുന്നത്. കുഞ്ഞിനെ പഴയത് പോലെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ എത്രയും പെട്ടെന്ന് ശസ്ത്രക്രിയ നടത്തേണ്ടത് ആവശ്യമാണ്. ജർമനിയിലെയും തുർക്കിയിലെയും സ്‌പെഷ്യലിസ്റ്റുകളെ കൊണ്ട് കുഞ്ഞിന്റെ ശസ്ത്രക്രിയ നടത്താൻ GoFundMe ലോഞ്ച് ചെയ്തിരിക്കുകയാണെന്ന് പിതാവ് നാദീൻ പറയുന്നു. ആശുപത്രിയിൽ നിന്നും ഡിസ്ചാർജായ കുഞ്ഞിപ്പോൾ വീട്ടിലാണുള്ളത്. കുഞ്ഞിന്റെ വായ മുഴുവനായി അടഞ്ഞ നിലയിലാണ്. ഇപ്പോൾ ചെറിയൊരു ദ്വാരം മാത്രമാണുള്ളത്.
Content Highlights: Baby drunk drain cleaner mistaking it as milk in UK