

ബെയ്‌ജിങ്: ചൈനയിലിപ്പോള്‍ പടര്‍ന്നുകൊണ്ടിരിക്കുന്ന ഒരു 'ട്രെന്‍ഡ്' ലോകമാകെ ചര്‍ച്ച ചെയ്യപ്പെടുകയാണ്. 'മാന്‍ മം ട്രെന്‍ഡി'നെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. എന്താണിതെന്നല്ലേ?, നോക്കാം.
സ്ത്രീകൾക്ക് വൈകാരികമായ പിന്തുണ ലഭ്യമാക്കുന്നതിനുള്ള ഒരു വഴിയെന്ന നിലയില്‍ രൂപപ്പെട്ട ഒരാശയമാണ് മാന്‍ മം ട്രെന്‍ഡ്. വൈകാരികമായ പ്രശ്നങ്ങളും ജോലിസ്ഥലത്തെയോ വിദ്യാഭ്യാസ സ്ഥാപനത്തിലെയോ സമ്മര്‍ദവുമെല്ലാം കൊണ്ട് ബുദ്ധിമുട്ടുന്ന സ്ത്രീകള്‍ക്ക് ആശ്വാസമാകുന്നതാണ് ഈ സേവനം. ജിമ്മില്‍ നിന്ന് പരിശീലനം നേടിയ യുവാക്കളാണ് ആലിംഗനത്തിനായി എത്തുന്നത്. ഇവര്‍ നല്‍കുന്നതാകട്ടെ പ്രണയരഹിതമായ ആലിംഗനവും. മെട്രോ സ്റ്റേഷനുകള്‍, ഷോപ്പിങ് മാളുകള്‍ തുടങ്ങിയ പൊതു ഇടങ്ങളില്‍ വെച്ചാണ് ആലിംഗന തെറാപ്പി നടക്കുക.
ഈ സേവനം വെറുതെ കിട്ടുന്നതല്ല, 250 മുതല്‍ 600 രൂപ വരെ ഇതിനായി നല്‍കേണ്ടിവരും. സമയമനുസരിച്ചാകും തുക നിശ്ചയിക്കുക. വര്‍ദ്ധിച്ചുവരുന്ന ഏകാന്തതയും മാനസികാരോഗ്യ പ്രശ്‌നങ്ങളും നേരിടാന്‍ 'മാന്‍ മം' ട്രെന്‍ഡ് സഹായിക്കുന്നുവെന്നാണ് ചൈനക്കാരുടെ അഭിപ്രായം.
ട്രെന്‍ഡിന്റെ തുടക്കം ഇങ്ങനെ
തന്റെ തിസീസുമായി ബന്ധപ്പെട്ട് താങ്ങാനാകാത്ത ഭാരം അനുഭവിക്കുന്നുവെന്ന് കാണിച്ച് ഒരു കോളേജ് വിദ്യാര്‍ഥിനി പോസ്റ്റ് പങ്കുവെച്ചു. ഒരു സുഹൃത്തിനെ ആലിംഗനം ചെയ്തതോടെ തനിക്ക് വലിയ ആശ്വാസം ലഭിച്ചുവെന്നും പെണ്‍കുട്ടി പോസ്റ്റില്‍ വ്യക്തമാക്കി. പിന്നാലെ ഒരു ലക്ഷത്തിലേറെ പേരാണ് പോസ്റ്റില്‍ കമന്റിട്ടത്. പലരും ഹഗ് തെറാപ്പിയുടെ ഗുണങ്ങളും ചര്‍ച്ചചെയ്യാന്‍ തുടങ്ങി. പിന്നീടാണ് ചാറ്റ് ആപ്പുകള്‍ മുഖേനെ പെയ്ഡ് സര്‍വീസായി ഇത് മാറുന്നതും ട്രെന്‍ഡ് ആയതും.
ജിമ്മില്‍ പരിശീലനം നേടിയ കായികക്ഷമതയുള്ള പുരുഷന്മാരാണ് ഇവിടെ ആലിംഗനത്തിനായി എത്തുന്നത്. ഇവരുടെ ആലിംഗനം അമ്മയുടെ വാത്സല്യത്തിന് തുല്യമായതും വൈകാരികമായ പിന്തുണ നല്‍കുന്നതുമാണ് എന്ന അര്‍ത്ഥത്തിലാണ് ഇതിന് മാന്‍ മം എന്ന പേര് നല്‍കിയത്. ഹഗ് തെറാപ്പി വൈറലായതോടെ ചൈനയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന സമ്മര്‍ദം എത്രമേല്‍ സങ്കീര്‍ണമാണെന്ന കാര്യത്തിലും ചര്‍ച്ചകള്‍ സജീവമായിട്ടുണ്ട്. ഒരാളുടെ മാനസിക ഭാരം ലഘൂകരിക്കുന്നതിലൂടെ സമൂഹത്തിന് ഒരു സേവനം കൂടിയാണ് തങ്ങള്‍ നടത്തുന്നതെന്ന് മാന്‍ മം സേവനത്തിന് സജ്ജരായിട്ടുള്ള പുരുഷന്‍മാര്‍ പറയുന്നു.
Content Highlights: China's Man Mum Trend Is Going Viral