

ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ ഉടൻ പ്രഖ്യാപിക്കും. ആദ്യ ടെസ്റ്റിനിടെ പരിക്കേറ്റ ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലിന്‍റെ കാര്യത്തില്‍ ആശങ്ക നിലനില്‍ക്കുന്നതിനാലാണ് പ്രഖ്യാപനം വൈകുന്നത്. ഏകദിന പരമ്പരയില്‍ ഓള്‍ റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യയും പേസര്‍ ജസ്പ്രീത് ബുമ്രയും കളിക്കില്ലെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പരിക്കില്‍ നിന്ന് മോചിതനായി തിരിച്ചെത്തുന്ന ഹാര്‍ദ്ദിക്ക് ടി20 മത്സരങ്ങളില്‍ മാത്രമായിരിക്കും ഇന്ത്യക്കായി കളിക്കുക. ഏഷ്യാ കപ്പിനിടെ പരിക്കേറ്റ പാണ്ഡ്യക്ക് ഓസ്ട്രേലിയക്കെതിരായ പരമ്പരകളും നഷ്ടമായിരുന്നു. ടെസ്റ്റ് പരമ്പരയില്‍ കളിക്കുന്ന ബുമ്രയുടെ ജോലിഭാരം കുറക്കുന്നതിനായാണ് ഏകദിന പരമ്പരയില്‍ നിന്ന് വിശ്രമം അനുവദിക്കുന്നത്.
പരിക്കുള്ള ക്യാപ്റ്റൻ ശുഭ്മാന്‍ ഗിൽ ഏകദിന പരമ്പരയില്‍ കളിച്ചില്ലെങ്കില്‍ പകരം ആര് നായകനാകുമെന്ന ചോദ്യവും സെലക്ടര്‍മാര്‍ക്ക് മുന്നിലുണ്ട്. വൈസ് ക്യാപ്റ്റനായ ശ്രേയസ് അയ്യരും പരിക്കില്‍ നിന്ന് പൂര്‍ണമായും മോചിതനായിട്ടില്ല. ഈ സാഹചര്യത്തില്‍ മുന്‍ നായകന്‍ രോഹിത് ശര്‍മയെ തന്നെ വീണ്ടും നായകനാക്കുമോ എന്നതാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. കെ എല്‍ രാഹുലിനെയും ഗില്ലിന് പകരക്കാരനായി ക്യാപ്റ്റൻ സ്ഥാനത്തേക്ക് പരിഗണിച്ചേക്കുമെന്നാണ് കരുതുന്നത്.
നവംബർ 30 നാണ് മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര ആരംഭിക്കുന്നത്. ശേഷം അഞ്ചു ടി 20 മത്സരങ്ങളും നടക്കുന്നുണ്ട്. നവംബർ 22 നുള്ള രണ്ടാം ടെസ്റ്റാണ് അടുത്ത മത്സരം. ആദ്യ മത്സരത്തിൽ ഇന്ത്യ തോൽവി ഏറ്റുവാങ്ങിയിരുന്നു.
Content Highlights: Bumrah and Hardik missing; Indian squad for ODI series against South Africa