

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചതിന് ശശി തരൂര്‍ എംപിയെ വിമര്‍ശിച്ച കോണ്‍ഗ്രസിനെതിരെ ബിജെപി. കുടുംബ താല്‍പര്യത്തിന് മുകളില്‍ ദേശ താല്‍പര്യത്തിന് മുന്‍ഗണന നല്‍കുന്ന നേതാക്കള്‍ക്കെതിരെ കോണ്‍ഗ്രസ് 'ഫത്‌വ' പുറപ്പെടുവിക്കുന്നതായി ബിജെപി വക്താവ് ഷെഹ്‌സാദ് പൂനവാല ആരോപിച്ചു. കോണ്‍ഗ്രസിനുള്ളില്‍ ജനാധിപത്യമില്ലെന്നും ഷെഹ്‌സാദ് പൂനവാല വിമർശിച്ചു.
'വലിയ പ്രശ്‌നങ്ങളെക്കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തെ ആരെങ്കിലും പ്രശംസിച്ചാല്‍ അവര്‍ക്കെതിരെ കോണ്‍ഗ്രസ് ഫത്‌വ പുറപ്പെടുവിക്കും. രാജ്യം മുഴുവന്‍ ജനാധിപത്യത്തെ കുറിച്ച് സംസാരിക്കുന്ന കോണ്‍ഗ്രസിനുള്ളില്‍ ജനാധിപത്യമില്ല', പൂനവാല പറഞ്ഞു. ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥാ മനോഭാവവും നാസി സ്വഭാവവും കാണിക്കുന്നതിനാല്‍ ഐഎന്‍സി എന്നത് 'ഇന്ദിരാ നാസി കോണ്‍ഗ്രസ്' എന്നാക്കി മാറ്റണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ എക്‌സ്പ്രസ് നടത്തിയ ആറാമത് രാംനാഥ് ഗോയങ്കെ അനുസ്മരണ ദിനത്തില്‍ മോദി നടത്തിയ പ്രസംഗത്തെ ശശി തരൂര്‍ പ്രശംസിച്ചിരുന്നു. മോദിയുടെ പ്രസംഗം നടന്ന സമയത്ത് കടുത്ത ജലദോഷവും ചുമയും ഉണ്ടായിരുന്നിട്ടും അവിടെ ഇരിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് ശശി തരൂര്‍ എക്‌സില്‍ കുറിച്ചിരുന്നു.
'കൊളോണിയലിസത്തിന് ശേഷമുള്ള മാനസികാവസ്ഥില്‍ നിന്ന് മുന്നോട്ട് പോകണമെന്ന് പ്രധാനമന്ത്രി വാദിച്ചു. ഇന്ത്യ വളര്‍ന്നുവരുന്ന വിപണി മാത്രമല്ല, മറിച്ച് ലോകമാതൃകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. താന്‍ എല്ലായ്‌പ്പോഴും തെരഞ്ഞെടുപ്പ് മോഡിലാണെന്നാണ് ആരോപിക്കപ്പെടുന്നതെന്നും എന്നാല്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി താന്‍ വാസ്തവത്തില്‍ ഇമോഷണല്‍ മോഡിലായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു', തുടങ്ങിയ കാര്യങ്ങളായിരുന്നു ശശി തരൂര്‍ പറഞ്ഞത്.
ശശി തരൂരിന്റെ എക്‌സ് പോസ്റ്റിന് പിന്നാലെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി പറഞ്ഞതില്‍ നിന്നും പ്രശംസനീയമായിട്ടൊന്നും കണ്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് സുപ്രിയ ശ്രിനേറ്റ് പ്രതികരിച്ചിരുന്നു. ശശി തരൂരിന് എങ്ങനെയാണ് ഈ പ്രസംഗം ഇഷ്ടപ്പെട്ടതെന്ന് മനസിലാകുന്നില്ലെന്ന് സുപ്രിയ പറഞ്ഞു.
Content Highlights: BJP against Congress on criticism against Sasi Tharoor