

മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങളെ കുറിച്ച് ജോൺ ഡേവിസ് എന്ന വ്യക്തി സംസാരിക്കുന്ന കാര്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഒരു ശസ്ത്രക്രിയക്കിടെ അനസ്‌തേഷ്യ നൽകിയതിനെ തുടർന്ന് അപ്രതീക്ഷിതമായി ജോൺ ഡേവിസ് ക്ലിനിക്കിൽ ഡെത്ത് എന്ന അവസ്ഥയിലേക്ക് പോവുകയായിരുന്നു. ആറ് മിനിറ്റോളമാണ് ഇയാൾ മരിച്ചതിന് തുല്യമായ അവസ്ഥയിൽ തുടർന്നത്.
ഈ സമയത്ത് താൻ മറ്റൊരു ലോകത്ത് എത്തിയെന്നും അവിടെ കണ്ടത് വിസ്മയിപ്പിക്കുന്ന കാഴ്ചകളാണെന്നും ജോൺ ഡേവിസ് പറയുന്നു. ആത്മാക്കൾക്ക് കടന്നുപോകാനുള്ള ഒരു വാതിലിന് മുന്നിൽ എത്തിയെന്നാണ് ജോൺ ഡേവിസ് പറയുന്നത്.

'അംബരചുംബിയായ മാർബിൾ കെട്ടിടം. അതിന് മുന്നിൽ വലിയ ആലങ്കാരപണികളുള്ള വാതിലുകൾ. അവിടെ നിന്നും പല തുരങ്കൾ. എനിക്ക് കാണാനാകാത്ത ഒരു സാന്നിധ്യം അപ്പോൾ എന്റെ ഇടതുവശത്തുണ്ടായിരുന്നു. ഇത് ആത്മാക്കൾക്കുള്ള കവാടമാണെന്ന് ആ ശബ്ദം എന്നോട് പറഞ്ഞു. മരണത്തിന് ശേഷം ആത്മാക്കൾ ഈ വാതിൽ വഴി കടന്നുപോകേണ്ടി വരുമെന്നും ആ ശബ്ദം പറഞ്ഞു.
ഞാൻ തുരങ്കത്തിലൂടെ നോക്കിയപ്പോൾ നക്ഷത്രങ്ങളും ഗാലക്‌സികളും ഒഴുകുന്ന ഒരു കോസ്മിക് നദി കണ്ടു. മറ്റൊരു വാതിലിലൂടെ നോക്കിയപ്പോൾ ഹൃദയാഘാതം മൂലം മരിച്ച ഒരാൾ അവിടേക്ക് വരുന്നതും ഒരു വയസായ സ്ത്രീ അയാളെ സ്വീകരിക്കുന്നതും കണ്ടു. അവർ എന്റെ കൺമുന്നിൽ വെച്ച് നിമിഷനേരം കൊണ്ട് ചെറുപ്പമാകുന്നതും കണ്ടു. വലിയൊരു പൂന്തോട്ടത്തിന് നടുവിൽ ചെന്നപ്പോൾ ഞാൻ വളർത്തിയിരുന്നു രണ്ട് നായക്കുട്ടികളും പൂച്ചക്കുട്ടികളും ഓടി വരുന്നത് കണ്ടു.
എല്ലാറ്റിലുമുപരി എനിക്ക് ഉണ്ടായ ഏറ്റവും തീക്ഷ്ണമായ ഒരു അനുഭവമുണ്ട്. പ്രകാശം കൊണ്ട് ജ്വലിക്കുന്ന ഒരു രൂപം എന്റെ അടുത്തേക്ക് വന്നു. ചുവന്ന ഒരു മേൽവസ്ത്രം ആ രൂപം ധരിച്ചിരുന്നു.

'മരണം എന്നൊരു കാര്യമേ ഇല്ല എന്ന് നീ അവരോട് പറയണം' എന്ന് ഈ രൂപം എന്നോട് പറഞ്ഞു. തൊട്ടടുത്ത നിമിഷം കണ്ണ് തുറന്നു നോക്കുമ്പോൾ ഞാൻ ആശുപത്രി കിടക്കയിലാണ്. ഡോക്ടർമാർ എന്റെ ജീവനെ തിരിച്ചുകൊണ്ടുവരാൻ പെടാപ്പാട് പെടുകയായിരുന്നു,' ജോൺ ഡേവിസ് ഷമാൻ ഓക് എന്ന യുട്യൂബ് ചാനലിലുള്ള വീഡിയോയിൽ പറയുന്നു.
Near Death Experience എന്നാണ് വൈദ്യശാസ്ത്രം ഈ അവസ്ഥയെ പറയുന്നത്. ഹൃദയാഘാതം,കോമ, വലിയ അപകടം എന്നിവയിലൂടെ കടന്നുപോകുമ്പോൾ മനുഷ്യർക്ക് ഇത്തരം അനുഭവങ്ങൾ ഉണ്ടാകാറുണ്ട്. എന്നാൽ അപ്പോൾ ഇവർ കാണുന്ന/അനുഭവിക്കുന്ന കാര്യങ്ങളുടെ ശാസ്ത്രീയ ഉറപ്പാക്കാനാകില്ല.
Content Highlights: A man shares his near death experience