

ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച ശേഷം പണം നൽകാതെ പോകുക എന്നത് എത്ര മോശം കാര്യമാണല്ലേ. ചെറിയ ഹോട്ടലുകളിൽ കയറി ചെറിയ തുകയ്ക്ക് ഭക്ഷണം കഴിച്ച ശേഷമാണ് ഇങ്ങനെ ചെയ്യുന്നത് എങ്കിൽ ഒരുപക്ഷെ ഹോട്ടൽ ഉടമകൾ ക്ഷമിച്ചേക്കാം. എന്നാൽ അത്യാവശ്യം നല്ല ഹോട്ടലിൽ കയറി വലിയ തുകയ്ക്ക് ഭക്ഷണം കഴിച്ച ശേഷം മുങ്ങിയാലോ? അതെന്ത് മര്യാദകേടാണ് ! അങ്ങനെയൊരു സംഭവമാണ് ഇപ്പോൾ രാജസ്ഥാനിൽനിന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
രാജസ്ഥാനിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രമായ മൗണ്ട് അബുവിന് സമീപത്തെ ഒരു ഹോട്ടലിലായിരുന്നു സംഭവം ഉണ്ടായത്. ഗുജറാത്തിൽ നിന്നുള്ള അഞ്ച് പേരടങ്ങുന്ന ഒരു സംഘം ഹാപ്പി ഡേ എന്ന ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തി. ലാവിഷ് ആയി വയറുനിറയെ ഭക്ഷണം കഴിച്ചപ്പോൾ ബിൽ തുകയായി വന്നത് 10,900 രൂപ ! അപ്പോഴാണ് ഇവർക്ക് ഒരു ഐഡിയ തോന്നിയത്.
ബിൽ തുക കണ്ടതും സംഘത്തിന് ഒരു ഐഡിയ തോന്നി. ബാത്റൂമിലേക്ക് പോകുന്നുവെന്ന വ്യാജേന ഓരോരുത്തരായി കാറിൽ കയറിയ ശേഷം സ്ഥലംവിട്ടു ! ആദ്യമൊന്നും സംശയം തോന്നാത്ത ഹോട്ടൽ ഉടമയ്ക്ക് അപ്പോഴാണ് കാര്യങ്ങളെല്ലാം പിടികിട്ടിയത്. ഉടനെ ഹോട്ടൽ ഉടമയും സംഘവും മറ്റൊരു വണ്ടിയിൽ അവരുടെ പിന്നാലെ വെച്ചുപിടിച്ചു.
ഗുജറാത്ത് രാജസ്ഥാൻ അതിർത്തിയായ അംബാജിയിൽ വെച്ചാണ് ഒടുവിൽ ടൂറിസ്റ്റ് സംഘത്തെ തടഞ്ഞുനിർത്തിയത്. സിസിടിവി പരിശോധിച്ച ശേഷം അംബാജിയിലെത്തിയ ഉടമയും സംഘവും ട്രാഫിക് ജാമിൽ കുടുങ്ങിക്കിടക്കുന്ന ടൂറിസ്റ്റുകളെയാണ് കണ്ടത്. ഉടൻതന്നെ പൊലീസിനെ വിവരമറിയിക്കുകയും അതിർത്തിയിൽ വെച്ച് ഇവരെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. വലിയ തർക്കമാണ് ഇരു സംഘങ്ങളും തമ്മിൽ ഉണ്ടായത്. ഒടുവിൽ ബിൽ തുകയായ 10,900 രൂപ ഓൺലൈനായി നൽകിയ ശേഷം സംഘം തടിതപ്പുകയായിരുന്നു.
This woman ate food worth ₹10,900 in a hotel with her friends on Ambaji Road, Gujarat.
— ︎ ︎venom (@venom1s) October 27, 2025
Then she ran away without paying the bill in a luxury car.
With police help, the restaurant manager caught them, and she finally paid the bill.
pic.twitter.com/9HZ7bIEhfr
ടൂറിസ്റ്റ് സംഘത്തെ തടയുന്നതിന്റെയും അവർ പണം നൽകുന്നതിന്റെയുമെല്ലാം വീഡിയോ ദൃശ്യങ്ങൾ വൈറലാണ്. നിരവധി പേരാണ് ടൂറിസ്റ്റ് സംഘത്തെ വിമർശിച്ചുകൊണ്ട് രംഗത്തുവന്നിരിക്കുന്നത്. ശുദ്ധ മര്യാദകേട് എന്നും ഇത്രയും വലിയ തുകയ്ക്ക് ഭക്ഷണത്തെ കഴിച്ച ശേഷം എങ്ങനെയാണ് ഇരുവരും മുങ്ങിയത് എന്നുമാണ് പലരും ചോദിക്കുന്നത്.
Content Highlights: gujarat tourists fled by not paying bills, caught and forced to pay