

ധരിച്ച വസ്ത്രങ്ങളുടെ പേരിൽ ആളുകൾക്കെതിരെ ആക്രമണങ്ങളും മറ്റും നിരന്തരം ഉണ്ടാകുന്ന കാലമാണിത്. ഈ പ്രശ്നം ഏറ്റവും കൂടുതൽ നേരിടുന്നതാകട്ടെ സ്ത്രീകളുമാണ്. വസ്ത്രങ്ങളുടെ പേരിൽ ആളുകളെ വിലയിരുത്തുകയും കൂടി ചെയ്യുന്ന ഈ നാട്ടിൽ സ്ത്രീകൾ അവർക്കിഷ്ടമുള്ള വസ്ത്രം ധരിച്ചാൽ സദാചാരവാദികൾ അപ്പോൾ ആക്രമണം തുടങ്ങും. അവർക്കിഷ്ടമുള്ള കഥകൾ മെനഞ്ഞെടുക്കും. എന്നാൽ വസ്ത്രത്തിന്റെ പേരിൽ ഒരു റെസ്റ്ററന്റിൽ നിന്നുതന്നെ സ്ത്രീകളെ അപമാനിച്ചിറക്കിവിട്ടാലോ? അത്തരത്തിലൊരു സംഭവം ജപ്പാനിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
രണ്ട് ചൈനീസ് വനിതകൾക്കാണ് ധരിച്ച വസ്ത്രത്തിന്റെ പേരിൽ കൊടിയ അപമാനം നേരിടണ്ടിവന്നത്. ജപ്പാനിലെ കൊബെ നഗരത്തിലെ പ്രശസ്തമായ ഒരു തായ് റെസ്റ്ററന്റിൽ എത്തിയതായിരുന്നു ഇരുവരും. സ്പോർട്ട്സ് വെസ്റ്റുകളും ലൂസ് ട്രൗസറുകളുമാണ് ഇരുവരും ധരിച്ചിരുന്നത്. എന്നാൽ റെസ്റ്ററന്റിൽ പ്രവേശിച്ചപ്പോൾ മുതൽ ഉടമ ഇരുവരെയും അധിക്ഷേപിച്ചുതുടങ്ങി. വേനൽക്കാലം കഴിഞ്ഞെന്നും നഗ്നരായി ഇങ്ങോട്ട് വരേണ്ടതില്ലെന്നും അയാൾ പറഞ്ഞു.
എന്നാൽ അതിനെയൊന്നും വകവെയ്ക്കാതെ ഭക്ഷണം ഓർഡർ ചെയ്തു. എന്നാൽ ഭക്ഷണം കഴിക്കുന്നതിനിടെ റെസ്റ്ററന്റിന്റെ മാനേജർ പൊടുന്നനെ ഇരുവരുടെയും ചോപ്സ്റ്റിക്കുകൾ പിടിച്ചുവാങ്ങുകയും, ഭക്ഷണം എടുത്തുകൊണ്ടുപോകുകയും ചെയ്തു. ബിൽ നൽകാൻ ചെന്നപ്പോൾ മാനേജർ ഇവരെ നിരന്തരം അവഗണിക്കുകയും ചെയ്തു.
റെസ്റ്ററന്റിൽ നിന്നിറങ്ങിയ ശേഷം ഗൂഗിൾ റിവ്യൂ പരിശോധിച്ചപ്പോഴാണ് സമാനമായ നിരവധി അനുഭവങ്ങൾ പല സ്ത്രീകളും തുറന്നെഴുതിയത് ഇരുവരും കാണുന്നത്. ഇത് കൂടാതെ റെസ്റ്ററന്റ് അധികൃതരുടെ ഭാഗത്തുനിന്നുള്ള മോശം പെരുമാറ്റത്തെക്കുറിച്ചും നിരവധി പേര് എഴുതിയിട്ടുണ്ട്. മറ്റ് രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് നേരെ വിദ്വേഷ മനോഭാവമാണ് ഇവർ പുലർത്തുന്നത് എന്നാണ് പലരും പറയുന്നത്. ഇതിന് പുറമെയാണ് സ്ത്രീകൾ അവർക്കിഷ്ടമുള്ള വസ്ത്രങ്ങൾ ധരിച്ചാലുണ്ടാകുന്ന മനോഭാവവും.
Content Highlights: restaurant owner bad attitude against chinese women on dress