
ബലൂചിസ്ഥാനെക്കുറിച്ചുള്ള ബോളിവുഡ് നടൻ സൽമാൻ ഖാന്റെ പരാമർശം വിവാദമാകുന്നു. റിയാദിലെ ജോയ് ഫോറം 2025 വേദിയിൽ വെച്ചായിരുന്നു സൽമാൻ ഖാന്റെ പരാമർശം. സൗദി അറേബ്യയിൽ ബലൂചിസ്ഥാനിൽ നിന്നുള്ള ആളുകളും ജോലി ചെയ്യുന്നുണ്ട് എന്നും അവർ നമ്മുടെ സിനിമകൾ വിജയിപ്പിക്കുന്നുണ്ട് എന്നുമായിരുന്നു സൽമാൻ ഖാൻ പറഞ്ഞത്. ബലൂചിസ്ഥാനെയും പാകിസ്താനെയും പ്രത്യേകം പ്രത്യേകം പരാമർശിച്ച സൽമാൻ ഖാൻ്റെ നിലപാടാണ് വിമർശിക്കപ്പെടുന്നത്. ബലൂചിസ്ഥാനിലെ അഭ്യന്തര പ്രശ്നങ്ങൾ പാകിസ്താനിലും വലിയ പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ടിരിക്കെ സൽമാൻ ഖാന്റെ പരാമർശം വ്യാപകമായി ചർച്ചയാകുകയാണ്.
ഷാരൂഖ് ഖാൻ, ആമിർ ഖാൻ എന്നിവർക്കൊപ്പമുള്ള ഒരു ചർച്ചയ്ക്കിടെയായിരുന്നു സൽമാൻ ബലൂചിസ്ഥാൻ പരാമർശം നടത്തിയത്. 'സൗദിയിൽ ഒരു ഹിന്ദി ചിത്രം റിലീസ് ചെയ്താൽ ഇപ്പോഴത്തെ സാഹചര്യത്തിൽ സുഖമായി വിജയിക്കും. തമിഴ്, തെലുങ്ക്, മലയാളം സിനിമകളും ഇപ്പോൾ വിജയിക്കും. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആളുകൾ ഇവിടെ ഉള്ളതുകാരണം കോടികളുടെ ബിസിനസ് ആണ് നടക്കുക. ഇവിടെ പാകിസ്ഥാനിൽ നിന്നുള്ള ആളുകളുണ്ട്, അഫ്ഘാനിസ്ഥാൻ, ബലൂചിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ളവരുമുണ്ട്' എന്നാണ് സൽമാൻ ഖാൻ പറഞ്ഞത്.
ബലൂചിസ്ഥാൻ വിഷയം ഇപ്പോഴും പുകഞ്ഞുകൊണ്ടിരിക്കുന്ന ഒരു പ്രശ്നമായിരിക്കെ സൽമാൻ ഖാന്റെ പരാമർശം വലിയ ചർച്ചയായിരിക്കുകയാണ്. പാകിസ്താൻ അഭിമുഖീകരിക്കുന്ന ഒരു അഭ്യന്തര വിഷയത്തെ സ്വാധീനിക്കുന്ന വിധത്തിൽ സൽമാൻ ഖാൻ നടത്തിയ ഈ പരാമർശത്തെ ചോദ്യം ചെയ്തുകൊണ്ട് നിരവധി പേരാണ് രംഗത്തുവരുന്നത്. മാധ്യമപ്രവർത്തകയായ സ്മിത പ്രകാശ് സൽമാന്റെ ഈ പരാമർശത്തെ ചോദ്യം ചെയ്ത് രംഗത്തുവന്നിട്ടുണ്ട്. സൽമാൻ ഖാൻ പാകിസ്താനിലെയും ബലൂചിസ്ഥാനിലെയും ജനങ്ങളെ വെവ്വേറെ പരാമർശിക്കുന്നതിലെ ഉദ്ദേശ്യശുദ്ധിയെയും ഒരുപാട് പേര് ചോദ്യം ചെയ്യുന്നുണ്ട്.
പ്രധാനപ്പെട്ട ബോളിവുഡ് താരങ്ങളും ഉണ്ടായിരുന്ന വേദിയായതിനാൽ സൽമാന്റെ പരാമർശം ബലൂചിസ്ഥാനുള്ള പിന്തുണയായും വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. ബലൂചിസ്ഥാൻ ഒരു പ്രത്യേക രാജ്യം തന്നെയാണെന്നും അത് പാകിസ്താന്റെ ഭാഗമല്ല എന്നും സൂചിപ്പിച്ചുകൊണ്ട് നിരവധി ആളുകളാണ് സൽമാന് പിന്തുണയുമായി എത്തുന്നത്. ഒടുവിൽ സൽമാൻ ഖാനും ബലൂചിസ്ഥാനെ അംഗീകരിച്ചു എന്നും ഇക്കൂട്ടർ അവകാശപ്പെടുന്നുണ്ട്.
കാലങ്ങളായി ഇന്ത്യയുടെ അയൽരാജ്യമായ പാകിസ്താനെ അലട്ടുന്ന പ്രശ്നമാണ് ബലൂച് വിഘടനവാദം. ഇന്ത്യ-പാക് വിഭജനത്തിനു ശേഷം കുറച്ചുനാള്‍ സ്വതന്ത്രരാജ്യമായി നിലനിന്നശേഷമാണ് ബലൂചിസ്ഥാന്‍ പാക്കിസ്താന്റെ ഭാഗമാകുന്നത്. വിസ്തൃതിയില്‍ പാക്കിസ്താനിലെ ഏറ്റവും വലിയ പ്രവിശ്യയാണ് ബലൂചിസ്ഥാന്‍. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച അപൂര്‍വം ധാതുക്കളുടെയും എണ്ണയുടെയും ശേഖരമാണ് ബലൂചിസ്ഥാനിലുള്ളത്. എന്നാല്‍ ഇതിന്റെയൊന്നും ഗുണം അവിടെയുള്ള ആളുകള്‍ക്ക് ലഭിക്കുന്നില്ല എന്നത് ബലൂച് വിഘടനവാദ ആവശ്യത്തിന് കാരണമായിരിക്കുകയാണ്. പ്രദേശത്തിന്റെ സ്വയംഭരണം ലക്ഷ്യമിട്ട് ബലൂച് ലിബറേഷൻ ആർമി പോലുള്ള സായുധ സംഘടനകളും രംഗത്തുണ്ട്. പാക്കിസ്താന്റെ മറ്റ് പ്രവിശ്യകളില്‍ ഏറ്റവും ദാരിദ്ര്യം അനുഭവിക്കുന്ന പ്രവിശ്യയായാണ് ബലൂചിസ്ഥാന്‍ അറിയപ്പെടുന്നത്.
Content Highlights: salman khan balochistan remark sparks debate online