
പാം ബീച്ച് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അതീവ സുരക്ഷ സന്നാഹത്തോടെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് എയർഫോഴ്‌സ് വൺ ബോർഡ് ചെയ്ത സംഭവമാണ് ഇപ്പോൾ ഗൗരവമായ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുന്നത്. ഫെഡറൽ ഏജൻസിയായ സീക്രട്ട് സർവീസ് വിമാനത്താവളത്തിന് സമീപത്ത് നിന്നും സ്‌നൈപ്പർ നെസ്റ്റ് കണ്ടെത്തിയതോടെയാണ് ആശങ്ക ഉയർന്നിരിക്കുകയാണ്. പ്രസിഡന്റിന്റെ ബോർഡിങ് - ഡിപാർച്ചർ ഏരിയയിലേക്ക് കൃത്യമായ കാഴ്ച ലഭിക്കുന്ന തരത്തിലാണ് നെസ്റ്റ് സജ്ജീകരിച്ചിരിക്കുന്നതെന്നാണ് വ്യക്തമാകുന്നതെന്ന് ഫോക്‌സ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ഈ സാഹചര്യത്തിൽ ചെറിയ, റിയർ സ്റ്റെയർ ഉപയോഗിച്ചാണ് ട്രംപ് വിമാനത്തിലേക്ക് പ്രവേശിച്ചത്. ഭീഷണിയുള്ള ഘട്ടങ്ങളില്‍ ആരുടെയും കണ്ണില്‍പെടാതിരിക്കാനായാണ് ഇത്തരം പടികള്‍ ഉപയോഗിക്കുന്നത്.
വെസ്റ്റ് പാം ബീച്ചിലേക്കുള്ള പ്രസിഡന്റിന്റെ മടക്കയാത്രയ്ക്ക് മുമ്പ് യുഎസ്എസ്എസ് എയർഫോഴ്‌സ് വൺ ലാന്റിംഗ് പ്രദേശം കൃത്യമായ ദൃശ്യമാകുന്ന തരത്തിൽ ഹണ്ടിങ് സ്റ്റാന്റ് കണ്ടെത്തിയെന്ന് എഫ്ബിഐ ഡയറക്ടർ കാശ് പട്ടേൽ എക്‌സിൽ കുറിച്ചിട്ടുണ്ട്. സംഭവത്തിൽ എഫ്ബിഐ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്ത് നിന്നും ആരെയും പിടികൂടിയിട്ടോ ആയുധങ്ങളോ സ്‌ഫോടക വസ്തുക്കളോ കണ്ടെത്തിയിട്ടുമില്ലെന്നും എഫ്ബിഐ അറിയിച്ചിട്ടുണ്ട്. അതേസമയം വിമാനത്താവളത്തിലെ സുരക്ഷ ക്രമീകരണങ്ങൾ കൂടുതൽ ശക്തമാക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
എയർഫോഴ്‌സ് വൺ പാർക്ക് ചെയ്ത എയർഫീൽഡിൽ നിന്നും 200 യാർഡ് അകലെയാണ് തടികൊണ്ടുള്ള ഒരു ഘടന കണ്ടെത്തിയത്. വിമാനത്താവളത്തിൽ ഇപ്പോൾ പുരോഗമിക്കുന്ന നിർമാണപ്രവർത്തനങ്ങളെ തുടർന്നാണ് സ്വകാര്യ വിമാനങ്ങൾ ഉപയോഗിക്കുന്ന ഇടത്തേക്ക് എയർഫോഴ്‌സ് വൺ പാർക്ക് ചെയ്തതെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
2024 ജൂലായിൽ പെൻസിൽവാനിയയിലെ ബട്ട്‌ലറിൽ നടന്ന റാലിയിൽ ട്രംപിന് നേരെ സ്‌നൈപ്പർ അറ്റാക്ക് നടന്നിരുന്നു. സീക്രട്ട് സർവീസിന്റെ കൃത്യമായ ഇടപെടലിലാണ് അദ്ദേഹം തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. രണ്ടുമാസത്തിന് ശേഷം, സെപ്തംബർ 15ന് ട്രംപിനെ സമാനരീതിയിൽ ആക്രമിക്കാൻ ശ്രമിച്ച 59കാരനെ അറസ്റ്റ് ചെയ്തിരുന്നു.
Content Highlights: Secret Service Found Snipper nest 200 yards from Trump's Air Force One plane