'ടീം ഇന്ത്യ' എന്ന പേര് ബിസിസിഐ ഉപയോഗിക്കരുതെന്ന ആവശ്യം; ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി

രാജ്യത്തെ പ്രതിനിധീകരിക്കുന്ന ടീമായി ചിത്രീകരിക്കുന്നതില്‍ നിന്ന് ബിസിസിഐയെ വിലക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചത്

'ടീം ഇന്ത്യ' എന്ന പേര് ബിസിസിഐ ഉപയോഗിക്കരുതെന്ന ആവശ്യം; ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി
dot image

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പേരുമാറ്റണമെന്ന ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി. ഇന്ത്യന്‍ ക്രിക്കറ്റ് ടീം രാജ്യത്തെ പ്രതിനിധീകരിക്കുന്ന ടീമായി ചിത്രീകരിക്കുന്നതില്‍ നിന്ന് ബിസിസിഐയെ വിലക്കണമെന്ന് ആവശ്യപ്പെട്ട് റീപക് കന്‍സാല്‍ എന്ന അഭിഭാഷകനാണ് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കുകയാണെന്ന് പറഞ്ഞ് ഹൈക്കോടതി ഹര്‍ജി തള്ളുകയായിരുന്നു.

തമിഴ്‌നാട് സൊസൈറ്റീസ് രജിസ്‌ട്രേഷന്‍ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത സ്ഥാപനമാണ് ബിസിസിഐയെന്നും അത് സ്വകാര്യ സ്ഥാപനമാണെന്നുമാണ് റീപക് കന്‍സാല്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്. ബിസിസിഐയെ ദേശീയ കായിക ഫെഡറേഷനായി അംഗീകരിച്ചിട്ടില്ലെന്നും ഹര്‍ജിയില്‍ അവകാശപ്പെട്ടു. ടീം ഇന്ത്യ എന്ന പേരും ദേശീയപതാകയും ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നും ഹര്‍ജിയില്‍ പറയുന്നു.

എന്നാല്‍ ഈ ഹര്‍ജി ചീഫ് ജസ്റ്റിസ് ദേവേന്ദ്ര കുമാര്‍ ഉപാധ്യായ, ജസ്റ്റിസ് തുഷാര്‍ റാവു ഗെഡേല എന്നിവരടങ്ങിയ ബെഞ്ച് തള്ളിക്കളയുകയാണ് ചെയ്തത്. കായികരംഗത്തില്‍ രാജ്യത്തെ പ്രതിനിധാനം ചെയ്യുന്നതിന് വേണ്ടി പതാകയോ ഇന്ത്യയെന്ന പേരോ ഉപയോഗിക്കുന്നത് ദുരുപയോഗമായി കണക്കാക്കാനാവില്ലെന്നാണ് ബെഞ്ച് പറഞ്ഞത്.

'ഇന്ത്യന്‍ ദേശീയ പതാക ഇന്ന് ആര്‍ക്കും ഉയര്‍ത്താം. വീട്ടില്‍ പതാക ഉയര്‍ത്തുന്നതിന് തടസമുണ്ടോ? എല്ലായിടത്തും പോയി ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ടീമാണ് ഇത്. ഇത് ഇന്ത്യന്‍ ടീം അല്ലെന്നാണോ നിങ്ങള്‍ പറയുന്നത്? എന്തുകൊണ്ടാണ് ഇത് ഇന്ത്യന്‍ ടീം അല്ലാതാവുന്നതെന്ന് കൂടി പറയൂ. കോമണ്‍വെല്‍ത്ത് ഗെയിംസ്, ഒളിമ്പിക്‌സ് തുടങ്ങിയ കായിക മേളകളിലേക്ക് ടീം തിരഞ്ഞെടുക്കുന്നത് സര്‍ക്കാര്‍ സ്ഥാപനമാണോ' എന്നും കോടതി ചോദിച്ചു.

Content Highlights: Delhi High Court dismisses plea against BCCI using 'Team India' name

dot image
To advertise here,contact us
dot image