
ലവ് ടുഡേ, ഡ്രാഗൺ എന്നീ സിനിമയിലൂടെ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ നടനും സംവിധായകനുമാണ് പ്രദീപ് രംഗനാഥൻ. തുടർച്ചയായി രണ്ട് 100 കോടി സിനിമകളാണ് ഇപ്പോൾ പ്രദീപിന്റെ പേരിലുള്ളത്. നവാഗതനായ കീർത്തിശ്വരൻ ആദ്യമായി സംവിധാനം ചെയ്യുന്ന 'ഡ്യൂഡ്' ആണ് ഇനി പുറത്തിറങ്ങാനുള്ള പ്രദീപ് ചിത്രം. ഇപ്പോഴിതാ സിനിമയുടെ ട്രെയ്‌ലർ പുറത്തുവന്നിരിക്കുകയാണ്.
പ്രദീപിന്റെ മുൻസിനിമകളെപ്പോലെ ഒരു പക്കാ എന്റർടൈനർ ആകും സിനിമയെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. ആക്ഷനും കോമഡിയും സെന്റിമെന്റ്സും ചേർന്ന് ദീപാവലിക്ക് പ്രേക്ഷകർക്ക് ആഘോഷിച്ച് കാണാവുന്ന ഒരു സിനിമയാകും ഡ്യൂഡ് എന്ന പ്രതീക്ഷ ട്രെയ്‌ലർ നൽകുന്നുണ്ട്. ട്രെയിലറിലെ മമിതയുടെ സീനുകൾ കയ്യടി നേടുന്നുണ്ട്. പ്രദീപിനൊപ്പം കട്ടയ്ക്ക് നിൽക്കുന്ന റോളാകും സിനിമയിൽ മമിതയ്ക്ക് എന്നാണ് ട്രെയ്‌ലറിലൂടെ മനസിലാകുന്നത്. ചിത്രം ഒക്ടോബർ 17 ന് തമിഴിലും തെലുങ്കിലുമായി പുറത്തിറങ്ങും.
പ്രശസ്ത നിർമാണ കമ്പനിയായ E4 എന്റർടൈന്മെന്റ്സ് ആണ് ചിത്രം കേരളത്തിലേക്ക് എത്തിക്കുന്നത്. നേരത്തെ പ്രദീപ് ചിത്രമായ ഡ്രാഗൺ കേരളത്തിൽ എത്തിച്ചതും ഇവരായിരുന്നു. സിനിമ വലിയ വിജയമായിരുന്നു കേരളത്തിൽ നിന്നും നേടിയത്. സംവിധായിക സുധ കൊങ്കരയുടെ അസോസിയേറ്റ് ആയിരുന്ന കീർത്തിശ്വരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡ്യൂഡ്. മമിത ബൈജു, അനു ഇമ്മാനുവേൽ, ഐശ്വര്യ ശർമ്മ തുടങ്ങിയവരാണ് സിനിമയിലെ നായികമാർ. പുഷ്പ, ജനത ഗാരേജ്, ഗുഡ് ബാഡ് അഗ്ലി തുടങ്ങിയ വമ്പൻ സിനിമകൾ നിർമിച്ച മൈത്രി മൂവി മേക്കേഴ്‌സ് ആണ് സിനിമ നിർമിക്കുന്നത്. സുധ കൊങ്കരയ്ക്ക് ഒപ്പം സൂരരൈ പോട്ര്, പാവൈ കഥൈകൾ എന്നീ സിനിമകളിൽ പ്രവർത്തിച്ചിട്ടുള്ള ആൾ ആണ് കീർത്തിശ്വരൻ.
'കാട്ച്ചി സേര', 'ആസ കൂടാ' തുടങ്ങിയ ഗാനങ്ങളിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടം പിടിച്ച സായ് അഭ്യങ്കർ ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്. ഗുഡ് ബാഡ് അഗ്ലിക്ക് ശേഷം മൈത്രി മൂവി മേക്കേഴ്സിന്റെ രണ്ടാമത്തെ തമിഴ് സിനിമയാണിത്. ഹൃദു ഹാറൂൺ, രോഹിണി എന്നിവരും സിനിമയിൽ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. അതേസമയം, പ്രദീപിന്റേതായി ഒടുവിൽ തിയേറ്ററിലെത്തിയ ഡ്രാഗൺ വമ്പൻ വിജയമാണ് തിയേറ്ററിൽ നിന്നും നേടിയത്.
Content Highlights: Pradeep ranganadhan film dude trailer out now