
വാഹനപ്രേമികളുടെ വിമർശനങ്ങൾ വീണ്ടും ഏറ്റുവാങ്ങുകയാണ് ഇലോൺ മസ്‌കും ടെസ്‌ലയും. കമ്പനി പുതുതായി അവതരിപ്പിച്ച മോഡൽ വൈ സ്റ്റാൻഡേർഡ്, മോഡൽ 3 സ്റ്റാൻഡേർഡ് എന്നിവയാണ് വിമർശനത്തിന് ഇടയാക്കിയിരിക്കുന്നത്.
വമ്പൻ വിലയിൽ നിന്നും മാറി സാധാരണക്കാർക്കും താങ്ങാവുന്ന വിലയുമായാണ് പുതിയ കാറുകളെ ടെസ്‌ല അവതരിപ്പിക്കാൻ ശ്രമിച്ചത്. 'മോസ്റ്റ് അഫോർഡബിൾ' എന്ന ടാഗ് ലൈനോടെയായിരുന്നു ഇവ എത്തിയതും. എന്നാൽ ഈ വില കുറഞ്ഞ കാറുകളുടെ ഐഡിയ അത്ര മികച്ചതല്ലെന്നാണ് പൊതുവെ ഉയരുന്ന അഭിപ്രായം.
15.4 ടച്ച് സ്‌ക്രീൻ, ഗ്രോക്ക് എഐ, ഹീറ്റഡ് സീറ്റുകൾ, ടെസ്‌ല ആപ്പ്, സൂപ്പർ ചാർജർ എന്നിങ്ങനെയുള്ള ഫീച്ചറുകളുമായാണ് പുതിയ വാരിയന്റ് എത്തിയിരിക്കുന്നത്. മോഡൽ വൈ, മോഡൽ 3 എന്നിവയുടെ സ്റ്റാൻഡേർഡ് മോഡലുകൾക്ക് ഏകദേശം 39990 ഡോളറാണ് (35 ലക്ഷം രൂപയ്ക്കും മുകളിൽ) വില. നവംബർ-ഡിസംബർ മാസങ്ങളിലായി മോഡൽ വൈ സ്റ്റാൻഡേർഡും, ഡിസംബർ-ജനുവരി മാസങ്ങളിലായി മോഡൽ 3 സ്റ്റാൻഡേർഡും വിപണിയിൽ ലഭ്യമാകും.
എന്നാൽ ഈ 'സ്റ്റാൻഡേർഡ്' മോഡലുകളേക്കാൾ നല്ലത് പ്രീമിയം മോഡലിന്റെ സെക്കന്റ് ഹാൻഡ് വാങ്ങുകയാണെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന അഭിപ്രായം. പ്രീമിയം കാറുകളുടെ വില കുറഞ്ഞ മോഡൽ ഇറക്കാതെ, കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കാനാകുന്ന പുതിയ മോഡലുകൾ രൂപകൽപന ചെയ്യുകയാണ് വേണ്ടതെന്ന് ഇവർ പറയുന്നു.
ഇലോൺ മസ്‌കിന്റെ മുൻ പ്രസ്താവനയെ ഓർമിപ്പിച്ചും വിമർശനങ്ങൾ വരുന്നുണ്ട്. നേരത്തെ 25000 ഡോളർ വില വരുന്ന കാറുകൾ പുറത്തിറക്കുമെന്ന് മസ്‌ക് പറഞ്ഞിരുന്നു. എന്നാൽ ഇതുവരെയും ആ വാഗ്ദാനം പൂർത്തിയായിട്ടില്ല.
'25000 ഡോളറിനുള്ള കാറുകൾ നിർമിക്കുന്ന കാര്യം ടെസ്‌ല ആലോചിച്ചിട്ട് പോലുമില്ലെന്നാണ് എനിക്ക് തോന്നുന്നത്. പ്രീമിയം മോഡലുകളെ വെട്ടിച്ചുരുക്കി ഇറക്കുക എന്നത് മാത്രമാണ് അവരുടെ പ്ലാനിൽ ഉള്ളത്. അപ്പോൾ പിന്നെ നേരത്തെ പറഞ്ഞ വില കുറഞ്ഞ കാറുകളെ പറ്റി ആരും ചോദിക്കില്ലല്ലോ,' എന്നാണ് എക്‌സിൽ വന്ന ഒരു കമന്റ്.
ടെസ്‌ലയുടെ എതിരാളികളായ ബിവൈഡിയുമായി താരതമ്യം ചെയ്തും നിരവധി പേർ വരുന്നുണ്ട്. 'മാർക്കറ്റിന്റെ അവസാന ശ്രേണിയിൽ നിൽക്കുന്നവരെ പരിഗണിക്കാൻ ടെസ്‌ല ശ്രമിക്കുന്നേയില്ല. ടെസ്‌ലയുടെ ഈ സ്റ്റാൻഡേർഡ് മോഡലിന്റെ പകുതി പൈസയ്ക്ക് എനിക്ക് നല്ലൊരു ബിവൈഡി ന്യൂസിലാൻഡിൽ വാങ്ങാൻ കഴിയും. അൽപം വില കുറഞ്ഞ വൈ മോഡൽ അവതരിപ്പിക്കാൻ നിൽക്കാതെ, പുതിയ സീരിസ് ഇറക്കുകയാണ് ടെസ്‌ല ചെയ്യേണ്ടത്,' എന്നാണ് ന്യൂസിലാൻഡുകാരനായ ഒരു വാഹനപ്രേമിയുടെ കമന്റ്.
എന്തായാലും ഇലോൺ മസ്‌കിനെ തലങ്ങും വിലങ്ങും ട്രോളുകയാണ് എല്ലാവരും. ഇവയോടൊന്നും മസ്‌കോ ടെസ് ലയോ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഒരുപക്ഷെ ഇത്തരം വിമർശനങ്ങളോട് മൗനം പാലിക്കാനാകും കമ്പനിയുടെ തീരുമാനമെന്നും ചില നിരീക്ഷണങ്ങളുണ്ട്.
Content Highlights: Criticism against Tesla's new Standard Y, 3 models