
തന്റെ 23-ാം വയസിലാണ് തനിക്ക് ആദ്യത്തെ ബാൻ ലഭിക്കുന്നതെന്നും അതിന് ശേഷം ഒരുപാട് മോശമായിട്ടുള്ള കമന്റുകൾ തനിക്ക് നേരിടേണ്ടി വന്നിട്ടുണ്ട് എന്ന് ഷെയിൻ നിഗം. ഉമ്മയുടെ സാനിധ്യം കൊണ്ടാണ് താൻ പിടിച്ചുനിന്നിട്ടുള്ളത്. ഇന്ന് അതെല്ലാം താൻ മറികടന്നു എന്നും ഷെയിൻ പറഞ്ഞു. കരിയറിൽ സൈബർ ബുള്ളിയിങ് ഒരുപാട് നേരിടേണ്ടി വന്നിട്ടുണ്ടോ എന്ന ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു താരം. സൈന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ.
'എന്റെ കരിയറിലെ ആദ്യത്തെ ബാൻ ലഭിച്ചത് എന്റെ 23-ാം വയസിലാണ്. പ്രൊഡ്യൂസഴ്സ് കൗൺസിലിന്റെ ഭാഗത്തുനിന്നാണ് ബാൻ ലഭിച്ചത്. ആ സംഭവത്തിന് ശേഷം ഒരുപാട് നെഗറ്റിവായും മോശമായിട്ടുള്ള കമന്റുകളും എനിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. പിന്നീട് ഒരു ഘട്ടം കഴിഞ്ഞപ്പോൾ എനിക്ക് മനസിലായി എനിക്ക് എന്തെങ്കിലും ചെയ്യാൻ പറ്റുമെങ്കിൽ അത് സിനിമയിലൂടെ മാത്രമാണെന്ന്. നിലവിൽ ഞാൻ അതിനെ മറികടന്നു. ഇപ്പോൾ എന്നെ അത് ബാധിക്കാറില്ല. എന്റെ കൂടെ എപ്പോഴും നിന്നിട്ടുള്ള ആളാണ് എന്റെ ഉമ്മ. ഉമ്മയുടെ സാനിധ്യം കൊണ്ടാണ് ഞാൻ പിടിച്ചുനിന്നിട്ടുള്ളത്. ഉപ്പയുടെ മരണശേഷം എനിക്ക് എല്ലാകാര്യത്തിലും പേടി ആയിരുന്നു. ഇപ്പോൾ ഉമ്മച്ചിയും ഞാനും കൂൾ ആണ്', ഷെയിൻ നിഗത്തിന്റെ വാക്കുകൾ.
ബൾട്ടി ആണ് ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ഷെയിൻ നിഗം ചിത്രം. നവാഗതനായ ഉണ്ണി ശിവലിംഗം സംവിധാനം ചെയ്‌ത ചിത്രം പാലക്കാട് ജില്ലയിൽ കേരള-തമിഴ്‌നാട് അതിർത്തിയോട് ചേർന്നു കിടക്കുന്ന ഒരു പ്രദേശത്തെ നാല് യുവാക്കളുടെ കഥ പറയുന്നു. മികച്ച മേക്കിങ് ക്വാളിറ്റി കൊണ്ടും കബഡി ചുവടുകളിലൂടെയുള്ള സംഘട്ടന രംഗങ്ങൾ കൊണ്ടും തന്റെ ആദ്യ ചിത്രത്തിൽ തന്നെ ഗംഭീര കാഴ്ച്ചാനുഭവം നൽകാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. മികച്ച അഭിപ്രായങ്ങൾ നേടുന്ന സിനിമയ്ക്ക് കളക്ഷനിലും മേൽകൈ ലഭിക്കുന്നുണ്ട്.
'കാട്ച്ചി സേര', 'ആസ കൂടാ' തുടങ്ങിയ ഗാനങ്ങളിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടം പിടിച്ച സായ് അഭ്യങ്കർ ആണ് ബൾട്ടിക്കായി സംഗീതം ഒരുക്കുന്നത്. സായിയുടെ സംഗീതത്തിനും നല്ല അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. എസ് ടി കെ ഫ്രെയിംസ്, ബിനു ജോർജ്ജ് അലക്സാണ്ടർ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ സന്തോഷ് ടി കുരുവിള, ബിനു ജോർജ്ജ് അലക്സാണ്ടർ എന്നിവരാണ് ഈ സ്പോർട്സ് ആക്ഷൻ ചിത്രം നിർമിച്ചത്. ‘ന്നാ താൻ കേസ് കൊട്‘ എന്ന ചിത്രത്തിന്‍റെ വൻ വിജയത്തിന് ശേഷം സന്തോഷ് ടി കുരുവിള നിർമ്മിക്കുന്ന ചിത്രം കൂടിയാണ് ബൾട്ടി. ഷെയ്ൻ നിഗത്തോടൊപ്പം മലയാളത്തിലെയും തമിഴിലെയും മുൻനിര അഭിനേതാക്കളും സാങ്കേതിക വിദഗ്ദരും എത്തുന്നുണ്ട്.
Content Highlights: Shane Nigam about ban from cinema