പാഴാക്കി കളയുന്ന ഭക്ഷണം ഉത്പാദിപ്പിക്കാന്‍ വേണ്ടത് ഹെക്ടര്‍ കണക്കിന് കൃഷിയിടം! ഇന്ത്യക്കാരും പിന്നിലല്ല

ചൈനയാണ് ലോകത്തിൽ ഏറ്റവും കൂടുതൽ ഭക്ഷണം പാഴാക്കുന്നത്

പാഴാക്കി കളയുന്ന ഭക്ഷണം ഉത്പാദിപ്പിക്കാന്‍ വേണ്ടത് ഹെക്ടര്‍ കണക്കിന് കൃഷിയിടം! ഇന്ത്യക്കാരും പിന്നിലല്ല
dot image

ഒരു നേരത്തെ ആഹാരം പോലും ലഭിക്കാതെ കഷ്ടപ്പെടുന്ന ഗാസയിലെ ജനതയെ കുറിച്ചുള്ള വാർത്തകൾ ലോകത്തെ തന്നെ കണ്ണീരിലാഴ്ത്തുകയാണ്. കുഞ്ഞുങ്ങൾ മുതൽ പ്രായമായവർ വരെ വിശന്ന് വലയുന്ന ഗാസയിൽ അതിരൂക്ഷ ക്ഷാമം പ്രഖ്യാപിച്ചിരിക്കുകയാണ് ഐക്യരാഷ്ട്ര സംഘടന. ഭക്ഷണത്തിന് വേണ്ടി ഒരു ജനത യാചിക്കുമ്പോൾ നമ്മൾ ഇന്ത്യക്കാർ അടക്കം അടങ്ങിയ വലിയൊരു വിഭാഗം വൻതോതിലാണ് ഭക്ഷണം പാഴാക്കുന്നത്.

ലോകത്ത് ഏകദേശം 783 മില്യൺ ആളുകൾ പട്ടിണിയാൽ ബുദ്ധിമുട്ടുമ്പോൾ, യുഎൻ എൻവിറോൺമെന്റ് പ്രോഗ്രാം പറയുന്നത് ഒരു ട്രില്യൺ ഡോളർ മൂല്യമുള്ള ഭക്ഷണമാണ് വർഷാവർഷം പാഴാക്കുന്നതെന്നാണ്. ആഗോള ഹരിതവാതക വികിരണത്തിന് പത്തുശതമാനത്തോളം കാരണമാകുന്നതും ഇങ്ങനെ പാഴാക്കപ്പെടുന്ന ഭക്ഷണമാണ്. മാത്രമല്ല ഭക്ഷിക്കപ്പെടാതെ പോകുന്ന ഭക്ഷണം വിളയിക്കാനായി മാത്രം ലോകത്തെ മുപ്പത് ശതമാനത്തോളം കൃഷിയിടമാണ് ഉപയോഗിക്കേണ്ടി വരുന്നതെന്നാണ് കണക്ക്. പാഴാക്കി കളയുന്ന ഭക്ഷണത്തിൻ്റെ അളവ് താരതമ്യപ്പെടുത്തുന്ന കണക്ക് മനസ്സിലാക്കുമ്പോഴാണ് നമ്മൾ ഞെട്ടുക. ഏകദേശം 132 കിലോഗ്രാം ഭക്ഷണമാണ് പ്രതിവർഷം ലോകത്ത ഓരോ മനുഷ്യരും പാഴാക്കുന്നതെന്നാണ് കണക്കാക്കപ്പെടുന്നത്.

ചൈനയാണ് ലോകത്തിൽ ഏറ്റവും കൂടുതൽ ഭക്ഷണം പാഴാക്കുന്നത്. ലോകത്തിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യങ്ങളിലൊന്നായത് കൊണ്ട് തന്നെ ഭക്ഷണം പാഴാക്കുന്നവരുടെ എണ്ണത്തിലും മുന്നിലാണ് ചൈന. ചൈനക്കാരിൽ ഒരാൾ പ്രതിവർഷം 76 കിലോഗ്രാം ആഹാരമാണ് വേസ്റ്റാക്കുന്നത്. നഗരവത്കരണവും ഭക്ഷണരീതിയിലെ മാറ്റവുമെല്ലാം ഇതിനെ സ്വാധീനിക്കുന്നുണ്ട്. 108 മില്യൺ ടൺ ഭക്ഷണമാണ് പ്രതിവർഷം ചൈനക്കാർ മാത്രം പാഴാക്കുന്നത്. രണ്ടാം സ്ഥാനം പ്രതിവർഷം 78 മില്യൺ ടൺ ഭക്ഷണം പാഴാക്കുന്ന ഇന്ത്യയ്ക്കാണ്.

വർഷാവർഷം ഇത്രയും ഭക്ഷണം പാഴാക്കുന്നതിന് കാരണം ജനസംഖ്യയിലുള്ള വർധനവ് തന്നെയാണ്. ഓരോ ഇന്ത്യക്കാരനും വർഷാ വർഷം 54 കിലോഗ്രാം ഭക്ഷണമാണ് പാഴാക്കുന്നത്. ഭക്ഷണം സൂക്ഷിക്കാനുള്ള കൃത്യമായ സംവിധാനമില്ലാത്തത്, ചരക്ക് നീക്കത്തിലെ കാലതാമസം , കൃഷിയിടങ്ങളിൽ നിന്നും വിപണിയിലേയ്ക്ക് എത്തുന്നതിനിടയിൽ നഷ്ടമാകുന്ന ഭക്ഷണം തുടങ്ങിയ മാർഗ്ഗങ്ങളിലൂടെയെല്ലാം ഇന്ത്യയില്‍ ഭക്ഷണം പാഴാകുന്നുണ്ട്.

പട്ടികയിൽ മൂന്നാം സ്ഥാനം 31 മില്യൺ ടൺ ഭക്ഷണം പാഴാക്കുന്ന പാകിസ്താനാണ്. ഒരാൾ പ്രതിവർഷം 122 കിലോഗ്രാം ഫുഡ് വേസ്റ്റാക്കുന്നുണ്ട് ഇവിടെ. വീടുകളിൽ നിന്നുള്ള ഫുഡ് വേസ്റ്റിന് പുറമേ, കൃത്യമായി ഭക്ഷണം സംരക്ഷിക്കാനുള്ള സംവിധാനമില്ലാത്തതും പാകിസ്താനില്‍ ഭക്ഷണം പാഴാവാൻ കാരണമാകുന്നു. നൈജീരിയ, അമേരിക്ക്, ബ്രസീൽ, ഈജിപ്ത്, ഇന്തോനേഷ്യ, ബംഗ്ലാദേശ്, മെക്‌സിക്കോ എന്നിങ്ങനെ ഭക്ഷണം പാഴാക്കുന്നവരുടെ ഈ പട്ടിക നീളുകയാണ്.
Content Highlights: Countries who waste food list is out

dot image
To advertise here,contact us
dot image