'തലൈവർ എത്ര സിംപിൾ ആണ്!', ഒരു സാധാരണക്കാരനെ പോലെ ഹിമാലയ യാത്ര നടത്തി രജനികാന്ത്; വൈറലായി ചിത്രങ്ങൾ

'സ്‌ക്രീനിൽ സൂപ്പർസ്റ്റാർ, അല്ലാത്തപ്പോൾ സാധാരണക്കാരൻ എന്നാണ് പലരും സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്'

'തലൈവർ എത്ര സിംപിൾ ആണ്!', ഒരു സാധാരണക്കാരനെ പോലെ ഹിമാലയ യാത്ര നടത്തി രജനികാന്ത്; വൈറലായി ചിത്രങ്ങൾ
dot image

നടൻ രജനികാന്തിന്റെ ഓഫ് സ്ക്രീൻ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഭരിക്കുന്നത്. താരം ഇടക്കിടെ ആത്മീയയാത്രകൾ നടത്തുന്നത് പതിവാണ്. ഇപ്പോഴിതാ അത്തരം ഒരു യാത്രയിൽ നിന്നുള്ള സൂപ്പർസ്റ്റാറിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ വൈറലാകുന്നത്. സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന ചിത്രങ്ങളില്‍, ലളിതമായ വസ്ത്രം ധരിച്ച് നിന്നുകൊണ്ട് ഭക്ഷണം കഴിക്കുന്ന രജനീകാന്തിനെ കാണാം.

മറ്റൊരു ചിത്രത്തില്‍, ആശ്രമമെന്ന് തോന്നുന്ന ഒരിടത്തിരുന്ന് അദ്ദേഹം ആളുകളുമായി സംസാരിക്കുന്നതും കാണാം. ഹിമാലയ, ഋഷികേശിലെ ആശ്രമം, ബദരീനാഥ്, ബാബ ഗുഹ തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് രജനികാന്ത് യാത്ര നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. താരം ഗംഗാതീരത്ത് ധ്യാനിക്കുകയും ആരതിയില്‍ പങ്കെടുക്കുകയും ചെയ്‌തെന്നാണ് വിവരം. ഹിമാലയത്തിൽ നിന്നുള്ള നടന്റെ ചിത്രങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. വെളള മുണ്ടും കുര്‍ത്തയും തോളിലൊരു തോര്‍ത്തും ധരിച്ചാണ് രജനിയുടെ ഋഷികേശ് യാത്ര.

രജനികാന്തിന്റെ ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെ നിരവധി അഭിനന്ദനങ്ങളാണ് താരത്തിന് ലഭിക്കുന്നത്. സ്‌ക്രീനിൽ സൂപ്പർസ്റ്റാർ അല്ലാത്തപ്പോൾ സാധാരണക്കാരൻ എന്നാണ് പലരും സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്. തലൈവർ എത്ര സിംപിൾ ആണെന്നാണ് മറ്റു കമന്റുകൾ. അതേസമയം, നെൽസൺ ഒരുക്കുന്ന ജയിലർ 2 ആണ് ഇനി പുറത്തിറങ്ങാനുള്ള രജനി ചിത്രം. തെന്നിന്ത്യൻ സിനിമാപ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് ജയിലർ 2. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഈ വർഷം ജനുവരിയിലായിരുന്നു ഒരു പ്രൊമോ വീഡിയോയ്‌ക്കൊപ്പം ജയ്‌ലർ 2 ന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്. പിന്നാലെ മാര്‍ച്ചില്‍ ചിത്രീകരണവും ആരംഭിച്ചു. അനിരുദ്ധ് ആണ് രണ്ടാം ഭാഗത്തിനും സംഗീതം ഒരുക്കുന്നത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് സിനിമയുടെ നിർമാണം. ചിത്രം അടുത്ത വർഷം തിയേറ്ററിലെത്തും.

ചിത്രത്തിൽ രജിനികാന്തിനൊപ്പം ഒരുപിടി മലയാളി അഭിനേതാക്കളും ഭാഗമാകുന്നു എന്ന റിപ്പോർട്ടുകളുണ്ട്. സുരാജ് വെഞ്ഞാറമൂട്, കോട്ടയം നസീർ, അന്ന രേഷ്മ രാജൻ, വിനീത് തട്ടിൽ, സുനിൽ സുഖദ, സുജിത് ഷങ്കർ തുടങ്ങിയവർക്കൊപ്പം ആദ്യ ഭാഗത്തിലെ മാത്യു എന്ന കഥാപാത്രമായി മോഹൻലാലും സിനിമയിലെത്തും. മികച്ച റോളുകൾ തന്നെ നെൽസൺ ഈ മലയാളി അഭിനേതാക്കൾക്ക് നൽകുമെന്നാണ് പ്രതീക്ഷ.

Content Highlights: Rajinikanth himalaya trip pics goes viral

dot image
To advertise here,contact us
dot image