'ഇഡ്‌ലി ടെണ്ടുല്‍ക്കറിന്റെ സെഞ്ച്വറി പോലെ... '; വിമര്‍ശകന് തരൂരിയന്‍ സ്റ്റൈല്‍ മറുപടി!

സൗത്ത് ഇന്ത്യന്‍ ഭക്ഷണത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ കാവ്യാത്മകമായ എഴുത്തിനെ പലരും പ്രശംസിച്ചിട്ടുണ്ട്

'ഇഡ്‌ലി ടെണ്ടുല്‍ക്കറിന്റെ സെഞ്ച്വറി പോലെ... '; വിമര്‍ശകന് തരൂരിയന്‍ സ്റ്റൈല്‍ മറുപടി!
dot image

ദക്ഷിണേന്ത്യന്‍ പ്രഭാതഭക്ഷണങ്ങള്‍ സിമ്പിളാണ് ഒപ്പം രുചികരവും. നല്ല മൃദുവായ ഇഡ്‌ലിയും ദോശയുമൊക്കെ സാമ്പാറും ചട്ണിയും ചേര്‍ത്ത് ചൂടോടെ കഴിക്കുക എന്നു പറയുമ്പോള്‍ തന്നെ മലയാളികളുടെ വായില്‍ വെള്ളമൂറും. പക്ഷേ എല്ലാവര്‍ക്കും അത് ഇഷ്ടപ്പെടണമെന്നില്ല, പ്രത്യേകിച്ച് സൗത്ത് ഇന്ത്യന്‍സ് അല്ലാത്തവര്‍ക്ക്.

ഈയിടെയാണ് എക്‌സില്‍ ഇഡ്‌ലിയെ കുറിച്ചും കേരള സ്റ്റൈല്‍ പ്രഭാതഭക്ഷണത്തെ കുറിച്ചും ഒരു ഡിബേറ്റ് നടന്നത്. എന്നും എന്താ ഇഡ്‌ലിയും ദോശയും വേറെ ഒന്നുമില്ലേയെന്ന് ഒരാള്‍ ചോദിക്കുന്നു.. അതിന് മറുപടിയായി ഒരാള്‍ കമന്റ് ചെയ്തത്, 'ദോശ, ഒന്നും പറയാനില്ല. പക്ഷേ, ആ ഇഡ്‌ലി അതിന്റെ രുചി മോശം' എന്നായിരുന്നു

കേരളത്തിന്റെ പ്രിയപ്പെട്ട ഇഡ്‌ലിയെ അങ്ങനെ തരംതാഴ്ത്തിയാല്‍ മലയാളികള്‍ക്ക് ഇഷ്ടപ്പെടുമോ? പിറകേ വന്നു നല്ല തരൂരിയന്‍ സ്റ്റൈല്‍ മറുപടിയുമായി കേരളത്തിന്റെ സ്വന്തം എംപിയായ ശശി തരൂര്‍.

പാവം മനുഷ്യന്‍, ഇതുവരെ രുചിയുള്ള ഇഡ്‌ലി കഴിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് തോന്നുന്നു. ഉദാത്തമായ ഈ സൃഷ്ടി, അരിയുടെ ഉഴുന്നിന്‍റെയും നേര്‍ത്ത കഷ്ണം നാവില്‍ അലിഞ്ഞില്ലാതാകും. നല്ല കറികള്‍ക്കൊപ്പമാണ് കഴിക്കുന്നതെങ്കില്‍ പാചകത്തിലെ ബിതോവന്‍ സിംഫണി പോലെ, ടാഗോറിന്റെ സംഗീതം പോലെ, ഹുസൈന്റെ പെയിന്റിങ് പോലെ, ടെന്‍ഡുല്‍ക്കറിന്റെ സെഞ്ച്വറി പോലെയാണത്. ഇത്തരം ഒരു സാധനത്തിനെ മോശമെന്ന് പറഞ്ഞ് ദക്ഷിണേന്ത്യന്‍ സംസ്‌കാരത്തിന്റെ മികച്ച നേട്ടങ്ങളിലൊന്നിനെ പുച്ഛിക്കുന്നതിന് നിങ്ങളെയോര്‍ത്ത് കഷ്ടം തോന്നുന്നുവെന്നും തരൂര്‍ തന്റെ പോസ്റ്റില്‍ പറയുന്നു.

തരൂരിന്റെ ട്വീറ്റ് നിമിഷം നേരം കൊണ്ടാണ് വൈറലായത്. സൗത്ത് ഇന്ത്യന്‍ ഭക്ഷണത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ കാവ്യാത്മകമായ എഴുത്തിനെ പലരും പ്രശംസിച്ചിട്ടുണ്ട്. ഈ ട്വീറ്റിന് ഒരാളെഴുതിയ കമന്റ് ' ഈ പ്രശംസ കേള്‍ക്കുന്ന ഏതൊരു ഇഡ്‌ലിയും ബ്ലഷ് ചെയ്യും, ഒരു ഇഡ്‌ലിയും ഇത്തരത്തില്‍ പ്രശംസിക്കപ്പെട്ടിട്ടുണ്ടാകില്ല' എന്നാണ്. ഇഡ്‌ലിക്ക് ഇത് വായിക്കാന്‍ കഴിഞ്ഞെങ്കില്‍.. ഒരു അഭിമാനവും സന്തോഷവും തോന്നിയേനെ എന്നാണ് മറ്റൊരു കമന്റ്. തീര്‍ന്നില്ല ഈ വിവരണത്തിന് നന്ദി സര്‍, ഇഡ്‌ലി കഴിച്ച ഫീല്‍ എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം.
Content Highlights: Shashi Tharoor's tharoorian style reply to the person who criticized Idli

dot image
To advertise here,contact us
dot image