പ്രവാസികൾക്ക് തിരിച്ചടി; മസ്കത്ത്-കണ്ണൂർ റൂട്ടിൽ വിമാന സർവീസുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യ എക്സ്പ്രസ്

മസ്‌കത്ത്-കണ്ണൂര്‍ സെക്ടറില്‍ യാത്രക്കാരുടെ കുറവ് ഉണ്ടായിരുന്നില്ലെന്നാണ് ട്രാവല്‍ മേഖലയിലുള്ളവര്‍ പറയുന്നത്.

പ്രവാസികൾക്ക് തിരിച്ചടി; മസ്കത്ത്-കണ്ണൂർ റൂട്ടിൽ വിമാന സർവീസുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യ എക്സ്പ്രസ്
dot image

ഒമാനിലെ മലബാർ മേഖലയിൽ നിന്നുള്ള പ്രവാസികള്‍ക്ക് യാത്രാ ദുരിതം സമ്മാനിച്ച് എയർ ഇന്ത്യ എക്സപ്രസ്. കണ്ണൂരിലേക്കുള്ള വിമാന സര്‍വീസുകള്‍ എയർ ഇന്ത്യ എക്സപ്രസ് വെട്ടിക്കുറച്ചതാണ് പ്രവാസികൾക്ക് തിരിച്ചടിയാകുന്നത്. മസ്‌കത്ത് ഉള്‍പ്പെടെ ഗള്‍ഫ് സെക്ടറുകളില്‍ നിന്നുള്ള സര്‍വീസുകളാണ് അടുത്ത മാസം മുതല്‍ കുറയുന്നത്. വിന്റര്‍ ഷെഡ്യൂളിന്റെ ഭാഗമായി കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നുള്ള ആഴ്ചയിലെ 42 സര്‍വീസുള്ളകളാണ് എയർ ഇന്ത്യ എക്സ്പ്രസ് നിര്‍ത്തലാക്കുന്നത്.

ആഴ്ച്ചയില്‍ ഏഴ് ദിവസവും സര്‍വീസ് നടത്തിയിരുന്ന മസ്‌കത്ത്- കണ്ണൂര്‍ റൂട്ടില്‍ ഇനി നാല് സര്‍വീസുകള്‍ മാത്രമാകും ഉണ്ടാകുക. ഒക്ടോബര്‍ ആറിന് ശേഷം തിങ്കള്‍, ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളിലാകും സർവീസുകൾ നടത്തുക. മസ്‌കത്തിനും കണ്ണൂരിനും ഇടയിലുള്ള ഇന്‍ഡിഗോ സര്‍വീസുകളും അടുത്തിടെ പൂര്‍ണമായും ഒഴിവാക്കിയിരിന്നു. ഒമാനിലെ പ്രവാസികള്‍ക്ക് കണ്ണൂരിലേക്ക് നേരിട്ട് യാത്രചെയ്യാൻ എയര്‍ ഇന്ത്യ എക്സ്പ്രസ് മാത്രമാണ് മാർ​ഗമുള്ളത്. എന്നാൽ സർവീസുകൾ ആഴ്ചയില്‍ നാല് ദിവസങ്ങളില്‍ മാത്രമായി ചുരുങ്ങുന്നത് ഉത്തര മലബാറില്‍ നിന്നള്ള പ്രവാസികള്‍ക്ക് വീണ്ടും യാത്രാ ദുരിതം സമ്മാനിക്കും. എയർ ഇന്ത്യ എക്സ്പ്രസിന്റെ വിമാനങ്ങൾ അനിശ്ചിതമായി വൈകാറുള്ളതും വിമാനം റദ്ദ് ചെയ്യലും ഉള്‍പ്പെടെയുള്ള ദുരിതങ്ങള്‍ കൂടിയാകുന്നതോടെ യാത്രക്കാരുടെ തിരിച്ചടി വർദ്ധിക്കും.

മസ്‌കത്ത്-കണ്ണൂര്‍ സെക്ടറില്‍ യാത്രക്കാരുടെ കുറവ് ഉണ്ടായിരുന്നില്ലെന്നാണ് ട്രാവല്‍ മേഖലയിലുള്ളവര്‍ പറയുന്നത്. കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ചെറിയ ഉണര്‍വുണ്ടായിരുന്നത് ഗള്‍ഫ് മേഖലയില്‍ നിന്നും വരുന്ന വിമാനങ്ങളായിരുന്നു. അതും വെട്ടിക്കുറക്കുമ്പോള്‍ വിമാനത്താവളവുമായി ബന്ധപ്പെട്ടുള്ള നിരവധി വാണിജ്യ, സേവന മേഖലകളും പ്രതിസന്ധിയിലാകും. കണ്ണൂരിലേക്ക് ആകെയുള്ളത് ആഴ്ചയില്‍ ചുരുക്കം സര്‍വീസുകള്‍ മാത്രമാകുന്നതോടെ ഇവയില്‍ പലതും തുടര്‍ച്ചയായി മുടങ്ങുന്നതും വൈകിപ്പറക്കുന്നതും അമിത നിരക്കുകള്‍ ഈടാക്കുന്നതും പ്രവാസികള്‍ക്ക് ദുരിതമാകും. കൂടുതല്‍ വിമാന കമ്പനികള്‍ എത്തുന്നതോടെ ഇത് പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.

കോഴിക്കോടും മംഗലാപുരവും ആശ്രയിച്ചിരുന്ന ഉത്തര മലബാറുകാര്‍ കണ്ണൂര്‍ വിമാനത്താവളത്തിന്റെ ആഗമനം നിറഞ്ഞ പ്രതീക്ഷയോടെയും വലിയ സന്തോഷത്തോടെയുമാണ് എതിരേറ്റത്. തുടക്കത്തില്‍ നല്ല നിലയില്‍ പ്രവര്‍ത്തിച്ച വിമാനത്താവളം നാളുകള്‍ കഴിഞ്ഞതോടെ പിന്നോക്കം പോയി. കണ്ണൂരില്‍ നിന്ന് വിദേശ വിമാന കമ്പനികള്‍ക്കും രാജ്യാന്തര സര്‍വീസിന് അനുമതി ലഭിക്കുന്നില്ല എന്ന കാരണത്താല്‍ സര്‍വീസ് ആരംഭിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച പല വിമാന കമ്പനികളും കണ്ണൂരിലെത്തിയില്ല.

Content Highlights: Air India Express cuts flights on Muscat-Kannur route

dot image
To advertise here,contact us
dot image