'ഇനി ഇസ്രയേലി സിനിമാ പ്രവർത്തകർക്കൊപ്പം സഹകരിക്കില്ല'! ഗാസയിലെ അതിക്രമത്തിൽ പ്രതിഷേധം ഏറ്റെടുത്ത് ഹോളിവുഡ്

ഇസ്രയേല്‍ ചെയ്യുന്നത് ഹീനമായ പ്രവര്‍ത്തിയെന്ന് മാധ്യമങ്ങളോട് ശക്തമായ ഭാഷയില്‍ ഏറ്റവും ഒടുവില്‍ തുറന്നടിച്ചത് അമേരിക്കന്‍ അഭിനേത്രി ജെന്നിഫര്‍ ലോറന്‍സാണ്

'ഇനി ഇസ്രയേലി സിനിമാ പ്രവർത്തകർക്കൊപ്പം സഹകരിക്കില്ല'! ഗാസയിലെ അതിക്രമത്തിൽ പ്രതിഷേധം ഏറ്റെടുത്ത് ഹോളിവുഡ്
dot image

ഗാസയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും പലസ്തീനികൾക്കെതിരായ ഇസ്രയേലിൻ്റെ ക്രൂരതകളിൽ പ്രതിഷേധിച്ചും ഹോളിവുഡിൽ നടക്കുന്ന കാമ്പയിൻ ശക്തമാകുന്നു. ഹോളിവുഡിൽ നിന്നുള്ള ആയിരത്തോളം അഭിനേതാക്കളും സംവിധായകരും അണിയറ പ്രവര്‍ത്തകരും തുടക്കം കുറിച്ച ആ കാമ്പയിനിലെ പങ്കാളിത്തം ഇപ്പോൾ നാലായിരം പിന്നിട്ടിരിക്കുകയാണ്. ഇസ്രയേലി സിനിമാ മേഖലയുമായി സഹകരിക്കില്ലെന്ന് പ്രതിജ്ഞ എടുക്കുന്ന പ്രസ്താവനയിൽ ഹോളിവുഡിലെ നടീനടന്മാരടക്കം ആയിരത്തോളം പേരാണ് ആദ്യഘട്ടത്തിൽ ഒപ്പിട്ടത്. എന്നാൽ പ്രസ്താവന പുറത്ത് വന്ന ദിവസങ്ങള്‍ പിന്നിടുമ്പോൾ ഈ പ്രസ്താവനയിൽ ഒപ്പ് വെച്ചവരുടെ എണ്ണം നാലായിരം കടന്നിരിക്കുകയാണ്.

പലസ്തീന്‍ ജനതയെ കൂട്ടക്കുരുതി നടത്തുകയും അവരോട് വംശീയ വിവേചനം കാണിക്കുകയും ചെയ്യുന്നവർ ഉള്‍പ്പെടുന്ന സിനിമകൾ പ്രദര്‍ശിപ്പിക്കുന്നതിനോ അവരുമായി സഹകരിക്കുന്നതിനോ തങ്ങള്‍ക്ക് താത്പര്യമില്ലെന്നാണ് പ്രസ്താവനയിൽ ഹോളിവുഡില്‍ ഒരു വിഭാഗം വ്യക്തമാക്കുന്നത്.

Hollywood stars
Hollywood Film Fraternity

ചലച്ചിത്ര-നിര്‍മ്മാതാക്കളായ യോര്‍ഗോസ് ലാന്തിമോസ്, അവാ ഡുവെര്‍നെ, ആസിഫ് കപാഡിയ, ബൂട്ട്‌സ് റൈലി, ജോഷ്വ ഓപ്പണ്‍ഹൈമര്‍, അഭിനേതാക്കളായ ഒലിവിയ കോള്‍മാന്‍, മാര്‍ക്ക് റുഫലോ, ടില്‍ഡ സ്വിന്റണ്‍, ഹാവിയര്‍ ബാര്‍ഡെം, അയോ എഡെബിരി, റിസ് അഹമ്മദ്, ജോഷ് ഒകോണര്‍, സിന്തിയ നിക്‌സണ്‍, ജൂലി ക്രിസ്റ്റി, ഇലാന ഗ്ലേസര്‍, റെബേക്ക ഹാള്‍, ഐമി ലൂ വുഡ്, ഡെബ്ര വിംഗര്‍ എന്നിവരാണ് പ്രസ്താവനയില്‍ ആദ്യം ഒപ്പിട്ട പ്രമുഖർ.

Emma Watson
Emma Watson

1800 പേര്‍ ഒപ്പുവച്ച പ്രസ്താവനയാണ് ആദ്യം പുറത്തുവന്നത്. ഇസ്രയേലിലെ സാംസ്‌കാരിക സ്ഥാപനങ്ങള്‍ക്ക് പുറമെ ഫിലിം ഫെസ്റ്റിവലുകളായ ജെറുസലേം ഫിലിം ഫെസ്റ്റിവല്‍, ഹൈവ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, ഡൊക്കാവിവ് ആന്‍ഡ് സിനിമ സൗത്ത് അടക്കം ബഹിഷ്കരിക്കാനാണ് ഹോളിവുഡിലെ സിനിമാ പ്രവർത്തകരുടെ തീരുമാനം. ഫിലിം വര്‍ക്കേഴ്‌സ് ഫോര്‍ പലസ്തീന്‍ എന്ന സംഘമാണ് ഈ പ്രസ്താവനയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത്. വര്‍ണവിവേചനം നിലനിന്നിരുന്ന ദക്ഷണാഫ്രിക്കയിലെ വർണവെറിക്കെതിരെ നിലകൊണ്ട സിനിമാപ്രവര്‍ത്തകരില്‍ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഹോളിവുഡിലെ നിന്നുള്ള ഇപ്പോഴത്തെ നീക്കം.

ബെല്ലാ ഹാദിദ്, ആഞ്ജലീന ജോളി, റോഗര്‍ വാട്ടേഴ്‌സ്, ജയിംസ് ബ്‌ളണ്‍ഡ് തുടങ്ങിയ ഹോളിവുഡിലെ പ്രമുഖർ ഇസ്രയേൽ ഗാസയിൽ കടന്നുകയറ്റം നടത്തിയ ആ സമയത്ത് തന്നെ പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ പലസ്തീന്‍ അനുകൂല പോസ്റ്റ് പങ്കുവച്ചാണ് എമ്മാ വാട്‌സണ്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. നമ്മുടെ പ്രതിസന്ധികള്‍ക്ക് സമാനമായവയ്ക്ക് മാത്രമല്ല ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കേണ്ടത്, പ്രതിബദ്ധത, പ്രവര്‍ത്തനം എന്നിവയിൽ ഒരേ അനുഭവത്തിലൂടെ കടന്നുപോകുന്നില്ലെങ്കില്‍ കൂടി അതിനെ മനസിലാക്കാനുള്ള പ്രാപ്തിയുണ്ടാവുക എന്നതാണ് ഐക്യദാര്‍ഢ്യം എന്നത് കൊണ്ട് അർത്ഥമാക്കുന്നതെന്നാണ് സാറാ അഹമ്മദിന്റെ വാക്കുകള്‍ കടമെടുത്ത് എമ്മ പ്രതികരിച്ചത്. ഇസ്രയേല്‍ ജനുവരിയില്‍ വ്യോമാക്രമണം കടുപ്പിച്ച സാഹചര്യത്തിലായിരുന്നു എമ്മയുടെ പ്രതികരണം.

Also Read:

Jennifer Lawrence
Jennifer Lawrence

ഇസ്രയേല്‍ ചെയ്യുന്നത് ഹീനമായ പ്രവര്‍ത്തിയെന്ന് മാധ്യമങ്ങളോട് ശക്തമായ ഭാഷയില്‍ ഏറ്റവും ഒടുവില്‍ തുറന്നടിച്ചത് അമേരിക്കന്‍ അഭിനേത്രി ജെന്നിഫര്‍ ലോറന്‍സാണ്. ഹമാസിനെതിരെ നടത്തുന്ന യുദ്ധത്തില്‍ കൂട്ടക്കുരുതിയാണ് ഇസ്രയേല്‍ നടത്തുന്നതെന്നും ജെന്നിഫര്‍ കൂട്ടിച്ചേര്‍ത്തു. പ്രമുഖരായ നിരവധി താരങ്ങള്‍ ഗാസയിലെ ഇസ്രയേല്‍ അധിനിവേശത്തിനെതിരെ ശബ്ദമുയര്‍ത്തുന്നുണ്ട്. ഇതിന് പിന്നാലെയാണ് ജെന്നിഫര്‍ ലോറന്‍സിന്റെ പ്രതികരണം. ഡൈ മൈ ലവ് എന്ന പുതിയ ചിത്രവുമായി ബന്ധപ്പെട്ട് നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ഗാസയിലെ യുദ്ധത്തെ കുറിച്ചും മറ്റ് രാഷ്ട്രീയ പ്രശ്‌നങ്ങളെ കുറിച്ചുമുള്ള ചോദ്യങ്ങള്‍ താരം നേരിട്ടത്. പിന്നാലെ ഗാസയിലെ സംഭവ വികാസങ്ങളെ കുറിച്ച് ജെന്നിഫറിന്റെ മറുപടി കൃത്യവും ശക്തവുമായിരുന്നു.

'ഞാന്‍ ഭയപ്പെടുകയാണ്. ഹീനമാണത്. സംഭവിക്കുന്നത് കൂട്ടക്കുരുതിയില്‍ കുറഞ്ഞൊരു കാര്യമല്ല. അത് ദാരുണമാണ്' എന്നായിരുന്നു ജെന്നിഫറിൻ്റെ പ്രതികരണം. നിലവിലെ അമേരിക്കന്‍ രാഷ്ട്രീയ വ്യവഹാരത്തിലെ മര്യാദകേട് എങ്ങനെയാണ് യുഎസിലെ കുഞ്ഞുങ്ങളിലും സ്വാധീനിക്കപ്പെടുക എന്നത് തന്നെ ഏറെ വിഷമത്തിലാക്കുന്നുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയക്കാരും പച്ചക്കള്ളം വിളിച്ചകൂവുമെന്നത് സാധാരണമാണെന്ന് കുട്ടികള്‍ ചിന്തിക്കുമെന്നും ജെന്നിഫര്‍ പറഞ്ഞു. ആരാണ് ഇതിനെല്ലാം ഉത്തരവാദി എന്ന കാര്യത്തില്‍ ശ്രദ്ധവേണമെന്നും അവര്‍ ഓര്‍മിപ്പിച്ചു. 'രാഷ്ട്രീയത്തില്‍ ഒരു സത്യസന്ധതയും ഇല്ലെന്ന കാര്യം പതിനെട്ട് വയസ് തികഞ്ഞ വോട്ടവകാശമുള്ള കുട്ടികള്‍ക്ക് സര്‍വസാധാരണ വിഷയമായിരിക്കു'മെന്നും ജെന്നിഫർ ചൂണ്ടിക്കാണിച്ചു. 'രാഷ്ട്രീയക്കാര്‍ കള്ളം പറയും. അവിടെ ദയയില്ല. ലോകത്തിന്റെ ഒരു ഭാഗത്ത് നടക്കുന്നതെന്താണെന്ന് നാം വിസ്മരിച്ചാല്‍, അത് നമ്മുടെ ഭാഗത്തും ഉണ്ടാകാന്‍ അധികം താമസമുണ്ടാ'കില്ലെന്ന് മറന്നുപോകരുതെന്നും ജെന്നിഫർ ലോറൻസ് കൂട്ടിച്ചേർക്കു.

ഇത്തരം കാര്യങ്ങള്‍ക്ക് ഉത്തരവാദികളാരാണെന്ന കാര്യത്തില്‍ ജനങ്ങള്‍ക്ക് ശ്രദ്ധവേണമെന്ന് ജെന്നിഫർ ചൂണ്ടിക്കാണിച്ചു. ഇതിന് ഉത്തരവാദികളായവര്‍ നേരിടേണ്ടി വരുന്ന പ്രതിഷേധങ്ങൾ ഇതുമായി ബന്ധപ്പെട്ട് അഭിപ്രായങ്ങള്‍ പങ്കുവയ്ക്കുന്ന കലാകാരന്മാരും അഭിനേതാക്കളും നേരിടേണ്ടി വരുന്ന സാഹചര്യമുണ്ടാകാതെ നോക്കണം. അമേരിക്കയില്‍ അഭിപ്രായ സ്വാതന്ത്ര്യത്തിനും ആശയം പ്രകടിപ്പിക്കാനുള്ള അവകാശത്തിനും നേരെ ആക്രമണങ്ങള്‍ ഉണ്ടാവുകയാണ്. മറ്റുള്ളവരുടെ അനുഭവങ്ങള്‍ അറിയാനും അത് മനസിലാക്കാനും നമുക്ക് സാധിക്കും. ലോകത്തുള്ള എല്ലാവരും ദയയും സ്വാതന്ത്ര്യവും അര്‍ഹിക്കുന്നുവെന്നും നമ്മള്‍ മനസിലാക്കണമെന്നും ജെന്നിഫർ കൂട്ടിച്ചേർത്തു.

ഇതൊക്കെയാണെങ്കിലും ഗാസയിൽ ഇസ്രയേൽ നടത്തുന്ന ദയാരഹിതമായ അധിനിവേശത്തിൻ്റെ പേരിൽ ഹോളിവുഡ് രണ്ട് ചേരികളിലായി തിരിഞ്ഞിട്ടുണ്ട്. ഒരു വിഭാഗം ബഹിഷ്‌കരണം പ്രഖ്യാപിച്ചപ്പോള്‍ ബഹിഷ്‌കരണത്തെ എതിർത്ത് മറ്റൊരു വിഭാഗം രംഗത്തെത്തിയിരിക്കുന്നത്. ഗാസയിൽ തടവിൽ കഴിയുന്ന ബന്ദികളെ മോചിതരാക്കിയതിന് ശേഷം വേണം ഇത്തരം വിഷയങ്ങളിൽ ബഹിഷ്കരണവുമായി മുന്നോട്ടുവരാൻ എന്നാണ് ഇവരുടെ പക്ഷം.
Content Highlights: Hollywood actors proclaim solidarity to Palestine

dot image
To advertise here,contact us
dot image