
മലയാള സിനിമയുടെ ചരിത്രം തിരുത്തിയെഴുതുകയാണ് ഡൊമിനിക് അരുൺ ചിത്രം ലോക. 275 കോടി രൂപ ആഗോളതലത്തിൽ കളക്ഷൻ നേടിയ ഇൻഡസ്ട്രി ഹിറ്റ് ചിത്രം എന്ന ലേബൽ ഇനി ലോകയ്ക്ക് സ്വന്തം. മഞ്ഞുമ്മൽ ബോയ്‌സിനേയും എമ്പുരാന്റെയും കളക്ഷൻ റെക്കോർഡുകൾ തകർത്താണ് ലോക ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ രണ്ടാം ഭാഗത്തിന്റെ വരവ് അറിയിച്ചുകൊണ്ടുള്ള വീഡിയോ പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ.
സിനിമയുടെ രണ്ടാം ഭാഗം ചാത്തന്റെ വരവ് ആയിരിക്കുമെന്ന് നേരത്തെ തന്നെ അണിയറപ്രവർത്തകർ അറിയിച്ചിരുന്നു. എന്നാൽ ചാത്തൻ അല്ല ചാത്തന്റെ ചേട്ടനാണ് വരുന്നത്. ഇവർ തമ്മിലുള്ള ഏറ്റുമുട്ടലാണ് ചിത്രമെന്ന സൂചനയാണ് വീഡിയോ നൽകുന്നത്. ടൊവിനോയ്ക്ക് ഒപ്പം ദുൽഖർ സൽമാനും വിഡിയോയിൽ ഉണ്ട്. മികച്ച വരവേൽപ്പാണ് വിഡിയോയ്ക്ക് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. ചാത്തന് ശേഷം ദുൽഖറിന്റെ ഓടിയന്റെ കഥയാകും എത്തുന്ന എന്ന സൂചനയും നൽകുന്നുണ്ട്.
ഓണം റിലീസായി എത്തിയ ചിത്രം 24 ദിവസം കൊണ്ടാണ് ചിത്രം മലയാളത്തിലെ ഓൾ ടൈം റെക്കോർഡ് ആഗോള ഗ്രോസർ ആയി മാറിയത്. കള്ളിയങ്കാട്ട് നീലിയുടെ ഐതിഹ്യ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഡൊമിനിക് അരുൺ രചിച്ച് സംവിധാനം ചെയ്ത ചിത്രത്തിൽ കല്യാണി പ്രിയദർശൻ, നസ്‌ലെൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അഞ്ച് ഭാഗങ്ങൾ ഉള്ള ഒരു വമ്പൻ ഫാന്റസി സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ഭാഗമായി എത്തിയ ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും തിളങ്ങിയിട്ടുണ്ട്. ഇവർക്കൊപ്പം ദുൽഖർ സൽമാൻ, ടോവിനോ തോമസ്, സണ്ണി വെയ്ൻ എന്നിവരുടെ ത്രസിപ്പിക്കുന്ന അതിഥി വേഷവും ശ്രദ്ധ നേടി.
ഇന്ത്യയിൽ നിന്ന് മാത്രം 150 കോടി രൂപക്ക് മുകളിൽ കളക്ഷൻ നേടിയ ചിത്രം അന്താരാഷ്ട്ര ചിത്രങ്ങളോട് കിട പിടിക്കുന്ന മേക്കിങ് മികവ് കൊണ്ടും പ്രേക്ഷകർ ഇതുവരെ കാണാത്ത അവതരണ ശൈലി കൊണ്ടും ഒരു പുതിയ ട്രെൻഡ് ആണ് സൃഷ്ടിച്ചത്. പ്രേക്ഷകരുടെ മുന്നിൽ ഒരത്ഭുത ലോകം തുറന്നിട്ട ചിത്രം കേരളത്തിൽ വമ്പൻ റിലീസായി എത്തിച്ചതും ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ്. കേരളത്തിൽ നിന്നും 100 കോടിക്ക് മുകളിൽ ആണ് ചിത്രം നേടിയ ഗ്രോസ്.
Content Highlights: The makers share the announcement video of Lokah Chapter 2