
'സ്വതന്ത്ര പലസ്തീൻ ഒരിക്കലും യാഥാർഥ്യമാകില്ല, പലസ്തീൻ എന്ന രാജ്യത്തെ പൂർണമായും ഇല്ലാതാക്കും ഇസ്രയേലിനെതിരെ ആര് നില കൊണ്ടാലും പതറില്ലെന്നും ഒരടി പോലും പിന്നോട്ടില്ലെന്നും' വീരവാദം മുഴക്കുന്ന നെതന്യാഹുവിനെ ലോകം കണ്ടിട്ടുള്ളതാണ്. ലോകം മുഴുവൻ എതിർക്കുമ്പോഴും ദയാരഹിതനായി പലസ്തീൻ ജനതയെ വേട്ടയാടുന്ന നെതന്യാഹു ഒരു ഭീരുവാണെന്ന് കൂടിയാണ് കഴിഞ്ഞ ദിവസം തെളിഞ്ഞിരിക്കുന്നത്. ഗാസയിൽ കാണിക്കുന്ന അതിക്രമങ്ങൾക്ക് മറുപടി പറയേണ്ടിവരുമെന്ന് നെതന്യാഹു ഭയപ്പെടുന്നു എന്ന് തന്നെ വേണം കരുതാൻ. ഒരുകാലത്ത് ഇസ്രയേലിനെ അകമഴിഞ്ഞ് പിന്തുണച്ചിരുന്ന യൂറോപ്യൻ രാജ്യങ്ങളെയാണ് നെതന്യാഹു ഇപ്പോൾ ഭയക്കുന്നതെന്നതാണ് ശ്രദ്ധേയം. യുഎൻ ജനറൽ അസംബ്ലിയിൽ പങ്കെടുക്കാൻ ന്യൂയോർക്കിലേക്ക് പറന്ന നെതന്യാഹു യൂറോപ്പിനെ ഭയന്ന് ഒരു അസാധാരണ പാതയാണ് യാത്രക്കായി തിരെഞ്ഞെടുത്തതെന്നാണ് റിപോർട്ടുകൾ. ഇറ്റലിയും ഗ്രീസും ഒഴികെയുള്ള എല്ലാ യൂറോപ്യൻ രാജ്യങ്ങളുടെയും വ്യോമാതിർത്തികൾ ഒഴിവാക്കി ന്യൂയോർക്കിലേയ്ക്കുള്ള യാത്രയിൽ ഏതാണ്ട് നൂറു കണക്കിന് കിലോമീറ്റർ നെതന്യാഹു കൂടുതലായി പറന്നു. എന്തിനായിരുന്നു നെതന്യാഹുവിൻ്റെ ഭീരുവിനെപ്പോലെ സഞ്ചരിച്ചത് എന്നറിയേണ്ടേ?
ഇസ്രയേൽ സർക്കാർ നിയന്ത്രണത്തിലുള്ള 'വിങ് ഓഫ് സിയോൺ' എന്ന് വിളിക്കപ്പെടുന്ന ബോയിംഗ് 767 ൽ ആണ് ന്യൂയോർക്കിൽ നടക്കുന്ന യുഎൻ പൊതുസഭയിൽ പങ്കെടുക്കാൻ നെതന്യാഹു പറന്നത്. ജിബ്രാൾട്ടർ കടലിടുക്ക് വഴി കൂടുതൽ ദൈർഘ്യമേറിയ തെക്കൻ പാതയിലൂടെയായിരുന്നു ഈ യാത്ര എന്നാണ് ഫ്ലൈറ്റ് ട്രാക്കറിൽ ദൃശ്യമായത്. നേർ പാതയിലൂടെ പോകാതെ വളഞ്ഞ വഴി നെതന്യാഹു തിരഞ്ഞെടുത്തതിന് പിന്നിലെ കാരണം പ്രത്യക്ഷത്തിൽ വ്യക്തമല്ലെങ്കിലും ഇന്റർനാഷണൽ ക്രിമിനൽ കോർട്ടിന്റെ അറസ്റ്റ് ഭയന്നാണ് ഈ നീക്കമെന്നാണ് ചൂണ്ടിക്കാണിക്കുന്നത്.
ഗാസയിൽ ഇസ്രായേൽ നടത്തിയ യുദ്ധക്കുറ്റകൃത്യങ്ങളുടെ പേരിൽ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യാൻ അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ വാറണ്ട് നിലനിൽക്കുന്നുണ്ട്. ഫ്രാൻസ്, സ്പെയിൻ, പോർച്ചുഗൽ, അയർലൻഡ്, ബ്രിട്ടൻ എന്നീ രാജ്യങ്ങൾ ഐസിസി നിയമത്തിൽ ഒപ്പുവെച്ചിട്ടുള്ളവയാണ്. വേണമെങ്കിൽ ഈ രാജ്യങ്ങൾക്ക് നെതന്യാഹുവിനെ അറസ്റ്റ് ചെയ്യാം. അതിനാൽ തന്നെ ഈ രാജ്യങ്ങളുടെ വ്യോമമേഖലയിൽ പ്രവേശിക്കുന്നത് അത്ര പന്തിയല്ലെന്നും വിങ്ങ് ഓഫ് സിയോണിനെ ഉന്നം വെച്ച് തന്നെ കീഴ്‌പ്പെടുത്തി അറസ്റ്റ് ചെയ്യാൻ ഈ രാജ്യങ്ങൾ ശ്രമിക്കുമോ എന്നെല്ലാമുള്ള ഭയമാണ് വളഞ്ഞ് മൂക്ക് പിടിക്കാൻ നെതന്യാഹുവിനെ പ്രേരിപ്പിച്ചത് എന്നാണ് വിലയിരുത്തൽ. ഇസ്രയേലിൽ നിന്ന് ന്യൂയോർക്കിലേക്ക് പറക്കാൻ ഈ രാജ്യങ്ങളിലൂടെ പറക്കുന്നതാണ് ഏറ്റവും എളുപ്പമുള്ള റൂട്ട് . സാധാരണയായി, യുഎസിലേക്ക് പോകുന്ന ഇസ്രായേലി വിമാനങ്ങൾ മധ്യ യൂറോപ്പിന് മുകളിലൂടെയുള്ള നേർപാതയിലൂടെ സഞ്ചരിക്കാറുണ്ട്. ഇത് ആദ്യമായാണ് ഏകദേശം 600 കിലോമീറ്ററോളം കൂടുതൽ സഞ്ചരിക്കേണ്ടി വരുന്ന ഒരു വ്യോമപാത അമേരിക്കയിലേയ്ക്കുള്ള യാത്രയിൽ നെതന്യാഹു തിരഞ്ഞെടുക്കുന്നത്. യൂറോപ്പിൽ അടിയന്തര ലാൻഡിംഗ് ഒഴിവാക്കുക എന്നതായിരുന്നു നെതന്യാവിന്റെ ലക്ഷ്യം എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
വാറന്റ് നിലനിക്കുന്നതിനാൽ ഐസിസി അംഗങ്ങളായ പല രാജ്യങ്ങളും അവരുടെ മണ്ണിൽ നെതന്യാഹു കാലുകുത്തിയാൽ ഉടൻ തന്നെ കസ്റ്റഡിയിലെടുക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നു. ഇതാകാം നെതന്യാഹുവിനെ ഇത്തരമൊരു നീക്കം നടത്താൻ നെതന്യാഹുവിനെ പ്രേരിപ്പിച്ചിരിക്കുക. പക്ഷെ അതെ സമയംഫ്രഞ്ച് വ്യോമാതിർത്തിയിലൂടെ വിമാനം പറത്താൻ യാത്രക്ക് മുന്നോടിയായി ഇസ്രായേൽ അനുമതി ചോദിച്ചിരുന്നുവെന്ന് ഒരു ഫ്രഞ്ച് നയതന്ത്ര ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയിട്ടുണ്ട്. ഫ്രഞ്ച് സർക്കാർ അനുമതി നൽകിയെങ്കിലും മറ്റെന്തോ മനസ്സിൽ കണ്ട് നെതന്യാഹു ആ പാത ഒഴിവാക്കുകയായിരുന്നു എന്നാണ് പറയപ്പെടുന്നത്. ഗാസയിലെ യുദ്ധം നിർത്താൻ ഇസ്രായേലിനു മേൽ ഉണ്ടായ ഫ്രാൻസ് സമ്മർദ്ദത്തിന് ശേഷം ഇസ്രായേലും ഫ്രാൻസും അത്ര സ്വരചേർച്ചയിൽ അല്ല. പലസ്തീനെ ഒരു രാഷ്ട്രമായി അംഗീകരിക്കുമെന്ന തീരുമാനം കൂടി ഫ്രാൻസ് എടുത്തതോടെ ബന്ധം വഷളായി എന്ന് വേണം കരുതാൻ.
മുൻപും ഇതുപോലെ റൂട്ട് മാറി നെതന്യാഹു സഞ്ചരിച്ചിട്ടുണ്ട്. തുർക്കിയിലൂടെയുള്ള യാത്ര ഒഴിവാക്കാൻ അസർബൈജാനിലേക്കുള്ള യാത്ര അദ്ദേഹം മുൻപ് റദ്ദാക്കിയിരുന്നു. നെതന്യാഹുവിന്റെ വിംഗ് ഓഫ് സിയോൺ തങ്ങളുടെ വ്യോമാതിർത്തിയിലൂടെ കടന്നുപോകാൻ സമ്മതിക്കാത്ത രാജ്യമാണ് തുർക്കി. ഹമാസിനെ പിന്തുണയ്ക്കുകയും ഇസ്രായേലിനെ ശക്തമായി വിമർശിക്കുകയും ചെയ്യുന്ന തുർക്കി പ്രസിഡന്റ് തയ്യിബ് എർദോഗൻ നെ ഭയന്നായിരുന്നു അന്ന് നെതന്യാഹു യാത്ര ഒഴിവാക്കാനുള്ള തീരുമാനം എടുത്തത്.
നിലവിൽ ഗാസയിൽ ഹമാസുമായുള്ള ഇസ്രായേൽ യുദ്ധത്തിൽ നടത്തിയ കുറ്റകൃത്യങ്ങൾക്ക് നെതന്യാഹുവിനും ഇസ്രായേൽ മുൻ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനുമെതിരെ ICC കുറ്റം ചുമത്തിയിട്ടുണ്ട്. 2023 ഒക്ടോബർ 7 ന് നടത്തിയ അക്രമണങ്ങളുടെ പേരിൽ നിരവധി ഹമാസ് നേതാക്കൾക്കും ICC വാറന്റ് ഉണ്ടായിതുറന്നു. എന്നാൽ അതിൽ പല നേതാക്കളെയും അടുത്തിടെ ഉണ്ടായ അക്രമണങ്ങളിലൂടെ ഇസ്രായേൽ കൊലപ്പെടുത്തിയിരുന്നു. നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുമ്പോൾ പല യൂറോപ്യൻ രാജ്യങ്ങൾക്കും ഇസ്രയേലിനോടും നെതന്യാഹുവിനോടുമുള്ള സമീപനം മുമ്പത്തേക്കാൾ വഷളാവുകയാണ് എന്നുവേണം മനസിലാക്കാൻ. പലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിക്കാൻ ചില യൂറോപ്യൻ രാജ്യങ്ങൾ തീരുമാനിച്ചതോടെ പഴയ പിന്തുണക്കാരോട് കടുത്ത അതൃപ്തിയിലാണ് നെതന്യാഹു. അതിനാൽ നെതന്യാഹുവിന്റെ അടുത്ത നീക്കം എന്താകുമെന്ന് അറിയാൻ കാത്തിരിക്കുകയാണ് യൂറോപ്പും.
Content Highlights:Benjamin Netanyahu’s Plane Made a Strange Detour on the Way to New York reason explained