'ഫീൽ ഗുഡ് ട്രാക്ക് മാറ്റി ത്രില്ലർ മുഡ് ആലോചിച്ചപ്പോൾ അത് സംഭവിച്ചു', 'കരം' ജനിച്ചത് ഇങ്ങനെ

നോബിളിനെപ്പോലൊരു നടനെ നായകനാക്കി കരം പോലൊരു വലിയ പടം ചെയ്യുന്നതിനെക്കുറിച്ച് പറഞ്ഞപ്പോള്‍ 'മലര്‍വാടി ആര്‍ട്‌സ് ക്ലബ്' എന്ന ആദ്യ ചിത്രത്തെ ചൂണ്ടിക്കാണിച്ചായിരുന്നു വിനീത് ശ്രീനിവാസന്‍ സംസാരിച്ചത്

'ഫീൽ ഗുഡ് ട്രാക്ക് മാറ്റി ത്രില്ലർ മുഡ് ആലോചിച്ചപ്പോൾ അത് സംഭവിച്ചു', 'കരം' ജനിച്ചത് ഇങ്ങനെ
dot image

വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന ചിത്രത്തിൻ്റെ വിജയത്തിന് ശേഷം വിനീത് ശ്രീനിവാസന്‍ തന്‍റെ പുതിയ ചിത്രമായ കരം പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ സിനിമാപ്രേമികള്‍ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഈ സിനിമയുടെ പിറവിയേക്കുറിച്ച് വിനീത് ശ്രീനിവാസന്‍ പങ്കുവച്ച ചില കാര്യങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. സുഹൃത്തും നടനുമായ നോബിള്‍ തോമസ് ഒരുക്കിയ സ്‌ക്രിപ്റ്റാണ് 'കരം' എന്ന സിനിമ ആയതെന്നാണ് വിനീത് പറയുന്നത്. 'വര്‍ഷങ്ങള്‍ക്ക് ശേഷം' എന്ന സിനിമ ചെയ്യുന്നതിനും ഒരു വര്‍ഷം മുമ്പാണ് നോബിള്‍ കരത്തിന്‍റെ സ്‌ക്രിപ്റ്റ് പൂര്‍ത്തിയാക്കിയത്. നോബിള്‍ തന്നെ സംവിധാനം ചെയ്ത് അഭിനയിക്കാനുള്ള പ്ലാനില്‍ പല നിര്‍മ്മാതാക്കളെയും സമീപിക്കുന്നുണ്ടായിരുന്നു. ആ സമയത്താണ് വിനീത് ഇത് കേള്‍ക്കുന്നതെന്നും, അത് തന്നെ ആകര്‍ഷിച്ചെന്നും വിനീത് ക്യു സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന സിനിമയ്ക്ക് ശേഷം ഫീല്‍ ഗുഡ് സിനിമകളിള്‍ നിന്ന് മാറി വ്യത്യസ്തമായൊരു സിനിമ ചെയ്യണമെന്ന് ആഗ്രഹം ഉള്ളതായി വിനീത് മുമ്പും അഭിപ്രായപ്പെട്ടിരുന്നു. അങ്ങനെയിരിക്കെ ഒരു നിര്‍മ്മാതാവിനെ കണ്ട് തിരിച്ചുപോകുന്ന വഴിക്ക് വിമാനത്താവളത്തിലെത്തിയപ്പോൾ വിനീത് നോബിളിനെ വിളിച്ച് സംസാരിച്ചു. 'നിനക്ക് പ്രൊഡക്ഷന്‍ ടൈം എടുക്കുമെങ്കില്‍ ഒരു വര്‍ഷം കാത്തിരിക്കാമോ? വര്‍ഷങ്ങള്‍ക്ക് ശേഷമൊന്ന് കംപ്ലീറ്റ് ചെയ്ത് കഴിഞ്ഞാൽ ഞാൻ ചെയ്യുന്നതിനോട് എന്താണ് അഭിപ്രായം?' എന്ന് വിനീത് ചോദിച്ചു. ഇതിന് നോബിള്‍ നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു, 'നീ ചെയ്യുകയാണെങ്കില്‍ ഞാന്‍ ഒരു വര്‍ഷം കാത്തിരിക്കാം.'

നോബിളിന്റെ സമ്മതം ലഭിച്ച ഉടന്‍ വിനീത് നിര്‍മ്മാതാവ് വിശാഖ് സുബ്രഹ്‌മണ്യനെ വിളിച്ച് കാര്യം പറഞ്ഞു. 'വര്‍ഷങ്ങള്‍ക്ക് ശേഷം കഴിഞ്ഞാല്‍ ഇങ്ങനെ ഒരു പ്ലാന്‍ എന്റെ മനസ്സിലുണ്ട്, ഈ സിനിമ എനിക്ക് ഭയങ്കര എക്‌സൈറ്റിംഗ് ആയി തോന്നുന്നു. വിശാഖ് എന്റെ കൂടെ ഉണ്ടാവുമോ?' വിനീത് ചോദിച്ചു. 'വിനീതാണെങ്കില്‍ ഞാനും ഉണ്ട്' എന്ന് വിശാഖ് മറുപടി നല്‍കി. അങ്ങനെ 2023-ലാണ് 'കരം' എന്ന സിനിമ ചെയ്യാന്‍ ഇവര്‍ മൂവരും ഒന്നിക്കുന്നത്.

noble thomas in karam

അതേസമയം, നോബിളിനെപ്പോലൊരു നടനെ നായകനാക്കി കരം പോലൊരു വലിയ പടം ചെയ്യുന്നതിനെക്കുറിച്ച് അഭിമുഖത്തില്‍ ചോദ്യം വന്നപ്പോള്‍ മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന ആദ്യ ചിത്രത്തെ ചൂണ്ടിക്കാണിച്ചായിരുന്നു വിനീതിന്‍റെ മറുപടി. മലര്‍വാടി ചെയ്യുമ്പോള്‍ തനിക്കും സിനിമയെക്കുറിച്ച് വലിയ ധാരണകളൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍, 'കരം' എന്ന സിനിമയുടെ തിരക്കഥയിലുള്ള വിശ്വാസമാണ് നായകനായി നോബിളിനെ വെക്കാന്‍ ധൈര്യം നല്‍കിയതെന്നും വിനീത് കൂട്ടിച്ചേര്‍ത്തു.

വലിയ ബജറ്റില്‍ ഒരുങ്ങുന്ന കരം ജോര്‍ജിയ, റഷ്യയുടെയും അസര്‍ബൈജാന്റെയും അതിര്‍ത്തികള്‍ എന്നിവിടങ്ങളിലായാണ് ഷൂട്ടിങ് പൂര്‍ത്തിയായിരിക്കുന്നത്. ജോമോന്‍ ടി. ജോണ്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയില്‍ ഷാന്‍ റഹ്‌മാനാണ് സംഗീതം. തട്ടത്തിന്‍ മറയത്ത്, തിര, ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്നീ ചിത്രങ്ങള്‍ക്കു ശേഷം വിനീതിനൊപ്പം ജോമോനും ഷാനും വീണ്ടും ഒരുമിക്കുന്ന ചിത്രമാണിത്.

രഞ്ജന്‍ എബ്രഹാമാണ് എഡിറ്റിങ്. ഓഡ്രി മിറിയവും രേഷ്മ സെബാസ്റ്റ്യനുമാണ് നായികമാര്‍. മനോജ് കെ ജയന്‍, കലാഭവന്‍ ഷാജോണ്‍, ബാബുരാജ്, വിഷ്ണു ജി. വാരിയര്‍, ജോണി ആന്റണി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. സിനിമയുടെ ഓവര്‍സീസ് വിതരണ അവകാശം ഫാര്‍സ് ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്.

content highlights : Vineeth sreenivasan about development of Karam movie

dot image
To advertise here,contact us
dot image