വോട്ടർപട്ടിക ക്രമക്കേട്; പുതിയ പരിഷ്‌കാരവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ; നടപടി രാഹുലിന്‍റെ ആരോപണത്തിന് പിന്നാലെ

ഓൺലൈനായി സമർപ്പിക്കുന്ന അപേക്ഷകൾക്ക് മാത്രമാണ് ഈ പരിഷ്കരണം ബാധകം

വോട്ടർപട്ടിക ക്രമക്കേട്; പുതിയ പരിഷ്‌കാരവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ; നടപടി രാഹുലിന്‍റെ ആരോപണത്തിന് പിന്നാലെ
dot image

ന്യൂഡൽഹി: വോട്ടർ പട്ടിക ക്രമക്കേടിൽ രാഹുൽ ​ഗാന്ധി ഉന്നയിച്ച ആരോപണങ്ങൾക്ക് പിന്നാലെ പുതിയ പരിഷ്കാരവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർ പട്ടികയിൽ പേര് ചേർക്കാനും, തിരുത്തലുകൾ വരുത്താനും ഇനി മുതൽ ആധാർ ലിങ്ക് ചെയ്ത ഫോൺ നമ്പർ നൽകണമെന്നാണ് പുതിയ പരിഷ്കരണം. മുമ്പ് വോട്ടർ ഐഡി നമ്പറും ഏതെങ്കിലും ഫോൺ നമ്പറും നൽകിയാൽ അപേക്ഷകൾ അം​ഗീകരിക്കുന്ന രീതിയിൽ നിന്നാണ് പുതിയ പരിഷ്കരണം വന്നിരിക്കുന്നത്. ഓൺലൈനായി സമർപ്പിക്കുന്ന അപേക്ഷകൾക്ക് മാത്രമാണ് ഈ പരിഷ്കരണം ബാധകം.

നിയമസഭാ തിരഞ്ഞെടുപ്പില്‍ കര്‍ണാടകയിലെ ആലന്ദ് മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസിന് ലഭിക്കുമായിരുന്ന 6018 വോട്ടുകള്‍ പട്ടികയില്‍ നിന്ന് ആസൂത്രിതമായി ഒഴിവാക്കിയെന്ന് രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. സംസ്ഥാനത്തിന് പുറത്ത് നിന്ന് വിവിധ മൊബൈല്‍ഫോണ്‍ നമ്പറുകള്‍ ഉപയോഗിച്ചാണ് പട്ടികയില്‍ നിന്ന് പേര് നീക്കാനുള്ള അപേക്ഷ നല്‍കിയതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. സൂര്യകാന്ത് എന്നയാളുടെ പേരില്‍ മാത്രം ഇങ്ങനെ 12 വോട്ടുകള്‍ നീക്കി.14 മിനിറ്റിനുള്ളിലാണ് വോട്ടേഴ്‌സിനെ നീക്കം ചെയ്തതെന്നും 36 സെക്കന്റിനുള്ളില്‍ രണ്ട് അപേക്ഷകള്‍ പൂരിപ്പിച്ച് നല്‍കിയെന്നും രാഹുൽ ആരോപിച്ചിരുന്നു. ആലന്ദ് മണ്ഡലത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ട വോട്ടേഴ്‌സിനെ വാര്‍ത്താസമ്മേളന വേദിയിലെത്തിച്ചായിരുന്നു രാഹുൽ ആരോപണം ഉന്നയിച്ചത്. ഇതിന് പിന്നാലെയാണ് പുതിയ പരിഷ്കാരവുമായി ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷൻ രംഗത്തെത്തിയത്.

അതേസമയം മഹാരാഷ്ട്രയിലെയും ദില്ലിയിലെയും വോട്ടര്‍പട്ടിക ക്രമക്കേടില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തി. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ മുന്‍ വിശദീകരണം തള്ളിയാണ് രണ്ടിടങ്ങളിലെയും ക്രമക്കേടില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ട് പിന്നാലെ 7 മാസത്തിനിടെയുണ്ടായ വോട്ടര്‍മാരുടെ എണ്ണത്തിലെ കുതിച്ച് ചാട്ടത്തിലാണ് കൃത്യമായ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുന്നത്. 14.71 ലക്ഷം വോട്ടര്‍മാരാണ് ഏഴ് മാസത്തിനിടെ പുതുതായി ചേര്‍ക്കപ്പെട്ടത്. 2024 നവംബര്‍ 27നും, ഈവര്‍ഷം ജൂണ്‍ മുപ്പതിനും ഇടയിലായാണ് ഇത്രയും പേരെ പട്ടികയില്‍ ചേര്‍ത്തത്. 7 മാസത്തിനിടെ ഇത്രയും വോട്ടര്‍മാരുടെ എണ്ണം എങ്ങനെ കൂടുമെന്ന ചോദ്യമാണ് കോണ്‍ഗ്രസും എന്‍സിപിയും ഉന്നയിക്കുന്നത്.

Content Highlight : National Election Commission introduces new reforms following Rahul Gandhi's vote-rigging allegations

dot image
To advertise here,contact us
dot image